പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ ഒന്ന് മുതല്‍ കാപ്പന്‍ അയോഗ്യനാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇക്കാര്യമാവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ പറയുന്നു.
നടപടി നീട്ടിക്കൊണ്ടുപോകാന്‍ സ്പീക്കര്‍ ശ്രമിക്കുകയാണ്. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ മാണി സി കാപ്പന് ലഭിക്കുന്നത് തടയണം. പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. നാല് ചെക്ക് കേസുകളിലായി മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയുമാണ് കാപ്പന് കോടതി ശിക്ഷ വിധിച്ചത്.
കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് മുംബയ് ബോറിവലി മജിസ്‌ട്രേട്ട് കോടതി കഴിഞ്ഞദിവസം പിന്‍വലിച്ചു. കേസില്‍ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കാപ്പന്‍ നേരിട്ട് കോടതിയില്‍ ഹാജരായി അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് വാറണ്ട് പിന്‍വലിക്കാന്‍ കോടതി ഉത്തരവിട്ടത്. തനിക്കെതിരായുള്ള ശിക്ഷാ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്ന് കാപ്പന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























