സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6:15 മുതല്‍ രാത്രി 12:45 വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന് കെഎസ്ഇബി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ഉപയോഗം കാരണം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതല്‍ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ദ്ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നും അതിനാലാണ് നിയന്ത്രണം ആവശ്യമായി വരുന്നതെന്നും കെഎസ്ഇബി അറിയിച്ചു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവാണ് താപനില മുന്‍ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിച്ചിരിക്കുന്നത്.
ദേശീയതലത്തില്‍ കാറ്റാടി നിലയങ്ങളില്‍നിന്നുള്ള ഉത്പാദനം വളരെ കുറയുകയും വൈദ്യുതി ആവശ്യകത കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വൈദ്യുതി ലഭ്യത കുറയാന്‍ സാദ്ധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള തീരുമാനം കെഎസ്ഇബി ഉപേക്ഷിച്ചു. എന്‍ടിപിസിയില്‍ നിന്ന് 300 മെഗാവാട്ട് വാങ്ങാനുള്ള തീരുമാനം വേണ്ടെന്നുവച്ചു. ജനങ്ങള്‍ക്ക് ഭാവിയില്‍ വന്‍ ബാദ്ധ്യതയാകുമെന്ന് കണ്ടാണ് പിന്മാറ്റം. നിലവില്‍ ആകെ ഉറപ്പായത് കേന്ദ്ര പൂളില്‍ നിന്നുള്ള 150 മെഗാ വാട്ട് വൈദ്യുതി മാത്രമാണ്.
https://www.facebook.com/Malayalivartha

























