സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു

സനല്‍കുമാര്‍ ശശിധരന്‍ ഇപ്പോള്‍ ചെയ്യുന്ന സമരം തികഞ്ഞ സ്ത്രീ വിരുദ്ധവും പരസ്യമായി ഒരു സ്ത്രീയെ പൊതുമധ്യത്തില്‍ അപമാനിക്കുന്നതും പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതാണെന്നും സംവിധായകന്‍ ഡോ. ബിജു. സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിനെതിരെയാണ് സംവിധായകന്‍ ഡോ. ബിജു പ്രതികരിച്ചത്. 'ഏതാണ്ട് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് സനല്‍ കുമാര്‍ ശശിധരനെതിരായ പൊലീസ് കേസുകളില്‍ എത്രയും വേഗം നീതിപൂര്‍വമായ അന്വേഷണം നടത്തണം എന്ന ഒരേ ഒരു മാനുഷികമായ ആവശ്യം മുന്‍നിര്‍ത്തി സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒരു പ്രസ്താവനയില്‍ പേര് വെക്കാന്‍ അദ്ദേഹം അനുമതി ചോദിച്ചിരുന്നു.
ആ ഒരു ഒറ്റ വിഷയത്തില്‍ മാത്രം മാനുഷിക ആവശ്യം എന്നത് പരിഗണിച്ച് പേര് വെക്കാന്‍ ഞാനും സമ്മതിച്ചിരുന്നു. നടിയുടെ പേരോ മറ്റെന്തെങ്കിലും പേഴ്‌സണല്‍ പ്രശ്‌നങ്ങളോ ഉള്‍പ്പെടുത്താതെ അദ്ദേഹത്തിനെതിരായ കേസില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണം എന്ന ന്യായമായ ഒരു മാനുഷിക ആവശ്യത്തിന് മാത്രമാണ് പേര് വെക്കാന്‍ സമ്മതിച്ചത്. അതില്‍ വ്യക്തിപരമായ വിഷയങ്ങളോ പരാമര്‍ശങ്ങളോ ഉണ്ടാവരുത് എന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്തുതന്നെയായാലും സനലിന്റെ ഇപ്പോഴത്തെ ഈ സ്റ്റാക്കിങ്ങും സാമൂഹ്യ വിരുദ്ധതയും സ്ത്രീവിരുദ്ധ സ്‌റ്റേറ്റ്‌മെന്റുകളും കാണുമ്പോള്‍ ആ പ്രസ്താവനയില്‍ അന്ന് പേര് വെക്കാന്‍ സമ്മതിച്ചതില്‍ ഖേദം തോന്നുന്നു' ഡോ. ബിജു പറഞ്ഞു.
ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സനല്‍ കുമാര്‍ ശശിധരന്‍ ചെയ്യുന്ന സമരം ഒരു സ്ത്രീയെ പൊതു സമൂഹത്തില്‍ പരസ്യമായി അപമാനിക്കുന്നതാണെന്ന് ഡോ. ബിജു പറഞ്ഞു. ഒരു പ്രശസ്തയായ നടി, സ്വന്തമായി അഭിപ്രായങ്ങളും വ്യക്തിത്വവും ഉള്ള ഒരാള്‍ പൊതുസമൂഹത്തില്‍ അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് ഉറച്ച ശബ്ദത്തില്‍ പ്രതികരിക്കുന്ന ഒരാള്‍, സെക്‌സ് റാക്കറ്റിന്റെ തടവിലാണ് എന്ന് അവരുടെ പേരുള്‍പ്പെടെ എഴുതി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്നത് എന്ത് മര്യാദകേടാണ്. സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കുകയും, അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്ന ആര്‍ജവമുള്ള ഒരു സ്ത്രീയെ ഇത്തരത്തില്‍ പൊതുസമൂഹത്തില്‍ അപമാനിക്കുന്നതിലുള്ള കടുത്ത വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നു. ഒരു സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തില്‍ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ എന്നൊക്കെ ഒരു സ്ത്രീയുടെ പേര് എഴുതി പ്രദര്‍ശിപ്പിച്ചു പൊതു മധ്യത്തില്‍ അപമാനിക്കുന്നത് നിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തേണ്ടതാണ്.
ഇത് സമരവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഒന്നുമല്ല. ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റവും, സ്റ്റാക്കിങ്ങും ആണ്. ഇത് അടിയന്തിരമായി അവസാനിപ്പിക്കാനുള്ള കര്‍ശനമായ നടപടികള്‍ ഉണ്ടാവണം ഡോ. ബിജു പറഞ്ഞു. മലയാളത്തിലെ ഒരു പ്രമുഖ നടി സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്ന് ആരോപിച്ചാണ് സനല്‍ കുമാര്‍ ശശിധരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയിരിക്കുന്നത്. ഇതിലും തനിക്കെതിരായ ഗൂഢാലോചനയിലും അന്വേഷണം വേണം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട് അതിലെ സെക്‌സ് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കണം എന്നിവയാണ് സനല്‍കുമാറിന്റെ ആവശ്യങ്ങള്‍.
https://www.facebook.com/Malayalivartha

























