വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍

സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരെ നേടിയ മത്സ്യത്തൊഴിലാളിയും ഇന്‍ഫ്‌ലുവന്‍സറുമായ വൈക്കം ചേമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെ.കെയെ (36) മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം പുളിഞ്ചുവടിലെ വാടകവീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. വൈകീട്ട് അഞ്ചു മണിയോടെ സ്‌കൂള്‍ വിട്ടെത്തിയ 13 വയസ്സുള്ള മകളാണ് തംബുരുവിനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട്ടു വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
പരമ്പരാഗത മീന്‍പിടിത്ത ശൈലിയിലൂടെ സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരെ നേടിയ തംബുരുവിന്റെ മരണത്തിന് കാരണം ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ സുഹൃത്തിന്റെ മാനസിക പീഡനമാണെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ച ഇയാള്‍ തംബുരുവിനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും വിഡിയോകള്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് തടയുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. മാനസിക പീഡനം മൂലം തംബുരുവിന് അടുത്തിടെ ചികിത്സ തേടേണ്ടി വന്നിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്ന തംബുരു തനിക്കെതിരെ ഉയര്‍ന്ന അപവാദപ്രചാരണങ്ങള്‍ക്കുള്ള മറുപടിയായാണ് സ്വന്തം ഉപജീവനമാര്‍ഗമായ 'കൈകള്‍ കൊണ്ട് മീന്‍ തപ്പിപ്പിടിക്കുന്ന' പരമ്പരാഗത തൊഴില്‍ ക്യാമറയ്ക്ക് മുന്നിലെത്തിക്കാന്‍ തീരുമാനിച്ചത്. 'ക്വീന്‍ ഫിഷര്‍' എന്ന പേരില്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ച ആദ്യ മീന്‍പിടിത്ത വീഡിയോ തന്നെ 90 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. പിന്നാലെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും തംബുരുവിന് വലിയ ആരാധകവൃന്ദവുമുണ്ടായി.
തലമുറകളായി കുടുംബത്തിലുള്ള പരമ്പരാഗത മീന്‍പിടിത്ത രീതിയാണ് തംബുരു സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന് മുന്നില്‍ എത്തിച്ചത്. പത്താം ക്ലാസ് പഠനത്തിന് ശേഷം അമ്മയോടൊപ്പം മീന്‍പിടിത്തത്തിലേക്കിറങ്ങിയ തംബുരു ഈ വരുമാനം കൊണ്ടാണ് തന്റെ ഇളയ സഹോദരങ്ങളുടെ പഠനം പൂര്‍ത്തിയാക്കിയത്. തൊഴിലുറപ്പ് ജോലികളും ഡ്രൈവിങ് സ്‌കൂളിലെയും വസ്ത്ര നിര്‍മാണ യൂണിറ്റിലെയും ജോലികളും ചെയ്യുന്നതിനൊപ്പം തന്നെ തംബുരു പരമ്പരാഗത രീതിയില്‍ മീന്‍പിടിത്തവും തുടര്‍ന്നുപോന്നു. വേലിയേറ്റ സമയങ്ങളില്‍ വഞ്ചികളില്‍ കായലിലേക്കിറങ്ങി വലയോ ചൂണ്ടയോ ഉപയോഗിക്കാതെ ചെളിയിലും കല്ലിടുക്കുകളിലും കൈകള്‍ കൊണ്ട് തിരഞ്ഞ് മീന്‍പിടിക്കുന്ന അപൂര്‍വ രീതിയാണ് തംബുരുവും കുടുംബവും അവതരിപ്പിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























