ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

കേരളത്തിലെ അന്തർസംസ്ഥാന തൊഴിലാളികളെയാണ് 'അതിഥി തൊഴിലാളികൾ' എന്ന് സർക്കാർ വിശേഷിപ്പിക്കുന്നത്. ആദ്യം പല പല പണികൾക്കായി ഇവിടെ എത്തിയിരുന്ന അന്തർസംസ്ഥാന തൊഴിലാളികൾ പിന്നീട് മലയാളികൾക്ക് 'അതിഥി തൊഴിലാളികൾ' ആയി മാറി .
കേരളത്തിൽ ഏകദേശം 40 ലക്ഷത്തിലധികം അതിഥി തൊഴിലാളികൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് ഒക്കെ കഴിഞ്ഞതിന് പിന്നാലെ വോട്ട് ചെയ്യാൻ പോയ പല 'അതിഥി തൊഴിലാളികളും പിന്നീട് കേരളത്തിലേക്ക് തിരിച്ച് എത്തിയില്ല എന്നുള്ള വാർത്തകൾ എല്ലാം വന്നിരുന്നു .
സ്വന്തം സംസ്ഥാനത്ത് മികച്ച് തൊഴിലവസരങ്ങൾ ലഭിക്കുന്നത് കൊണ്ടാണ് ഈ മടങ്ങി വരവ് ഇല്ലാത്തത് . എന്നാൽ ഇപ്പോൾ മറ്റൊരു സംസ്ഥാനവും ഇത്തരത്തിൽ നാടുവിട്ട് പോയ തൊഴിലാളികളെ തിരികെ എത്തിക്കാനുള്ള ശ്രമം തുടങ്ങുകയാണ് . ബംഗാളിന് പിന്നാലെ കേരളത്തിൽ ജോലിച്ചെയ്യുന്ന അതിഥി തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിധയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലുള്ള ഒഡീഷ സ്വദേശികളെ ഘട്ടംഘട്ടമായി തിരികെ എത്തിച്ച് അവർക്ക് മികച്ച നൈപുണ്യ പരിശീലനവും തുടർന്ന് സ്വന്തം നാട്ടിൽ തന്നെ തൊഴിലും നൽകാനാണ് ഒഡിഷ സർക്കാർ പദ്ധതിയിടുന്നത്.
നേരത്തെ പശ്ചിമബംഗാളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കി ഇതരസംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികളുടെ കുടിയേറ്റം കുറയ്ക്കാനുള്ള നീക്കം ബംഗാൾ സർക്കാർ ആരംഭിച്ചിരുന്നു. ഇതുമായിബന്ധപ്പെട്ട ആശങ്കകൾ ശക്തമാകുന്നതിനിടെയാണ് മലയാളികൾക്ക് ഇരുട്ടടിയായി ഒഡിഷയുടെ പുതിയ നീക്കം.കേരളത്തിൽ ബംഗാളിൽ നിന്നുള്ളവർ കഴിഞ്ഞാൽ 20 ലക്ഷത്തോളം പേർ ഒഡിഷയിൽ നിന്നാണ്. നിർമാണ മേഖല ഉൾപ്പെടെയുള്ള തൊഴിൽ രംഗങ്ങളിൽ വലിയ സ്വാധീനമുള്ള ഒഡിഷ തൊഴിലാളികൾകൂടി കൂട്ടത്തോടെ മടങ്ങുന്നത് കേരളത്തിന് വലിയ പ്രതിസന്ധിയാകുമെന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുകയാണ്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഒഡിഷക്കാരുള്ളത്. ഏകദേശം 12 ശതമാനം പേരും ഇവിടെയാണ്. ഹോട്ടൽ, കൃഷി, കെട്ടിടനിർമാണ വ്യാവസായിക മേഖലകൾ എന്നിവ പൂർണമായും അതിഥി തൊഴിലാളികളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. അതിഥി തൊഴിലാളികൾ തിരികെ പോയാൽ അത് കേരളത്തിലെ നിർമാണ മേഖലയിൽ ഉൾപ്പെടെ വലിയ പ്രതിസന്ധിയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും. നെൽകൃഷിയെ ഉൾപ്പെടെ ഇത് ബാധിക്കുമെന്നാണ് നിലവിലെ ആശങ്ക. കയർ, കശുവണ്ടി മേഖലകളെയും ഇത് പ്രതികൂലമായി ബാധിച്ചേക്കും.
https://www.facebook.com/Malayalivartha



























