നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി

നിതാരി കൂട്ടക്കൊലക്കേസില്‍ കുറ്റവിമുക്തനായ പ്രതി സുരേന്ദ്ര കോലി ജീവനൊടുക്കി. കേസില്‍ 2023ല്‍ അലഹബാദ് ഹൈക്കോടതിയും കഴിഞ്ഞവര്‍ഷം സുപ്രീം കോടതിയും ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. 50കാരനായ കോലി ഹരിദ്വാറില്‍ ചായക്കട നടത്തിവരികയായിരുന്നു. കടയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഹരിദ്വാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അലഹബാദ് ഹൈക്കോടതി കോലിയെയും മറ്റൊരു പ്രതിയായ മൊനീന്ദര്‍ സിംഗ് പന്ദറിനെയും തെളിവുകളുടെ അഭാവത്തില്‍ വെറുതെവിടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സ്ത്രീകളെയും കുട്ടികളെയും മാനഭംഗപ്പെടുത്തിയ ശേഷം കൊന്ന് കുഴിച്ചിട്ടെന്നായിരുന്നു കേസ്. കേസിലെ പ്രധാന പ്രതി സുരേന്ദ്ര കോലിയായിരുന്നു. ഇയാളെ 12 കേസുകളില്‍ നിന്നും കൂട്ടുപ്രതിയായ മൊനീന്ദര്‍ സിംഗ് പന്ദറെ രണ്ട് കേസുകളില്‍ നിന്നുമാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. വിചാരണക്കോടതി വിധിച്ച വധശിക്ഷയും റദ്ദാക്കി. കഴിഞ്ഞവര്‍ഷം സുപ്രീം കോടതി കോലിയെ 13ാമത്തെയും അവസാനത്തെയും കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി.
2005 2006 കാലയളവില്‍ നോയിഡയിലെ നിതാരി ഗ്രാമത്തിന് സമീപമുള്ള സെക്ടര്‍ 31ലെ ബംഗ്ലാവിന് പിന്നിലെ അഴുക്കുചാലില്‍ നിന്ന് കുട്ടിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതാണ് രാജ്യത്തെ ഞെട്ടിച്ച കേസിലേക്ക് നയിച്ചത്. മൊനീന്ദര്‍ പാന്ദറിന്റേതായിരുന്നു ബംഗ്ലാവ്. പാന്ദേറിന്റെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു സുരേന്ദ്ര കോലി. കോലി കുട്ടികളെയും സ്ത്രീകളെയും പ്രലോഭിപ്പിച്ച് വീട്ടിലെത്തിക്കും. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് കേസ്. തെളിവ് നശിപ്പിക്കാന്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ വെട്ടിമുറിച്ച് അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞതായി പൊലീസ് റിപ്പോര്‍ട്ടുകളിലുണ്ട്.
https://www.facebook.com/Malayalivartha


























