നൊമ്പരമായി വനിതാ പൈലറ്റ്... ഫ്ലോറിഡയിൽ വിമാനം തീഗോളമായി! അപകടത്തിന് 10 മിനിറ്റ് മുൻപ് യുവ വനിതാ പൈലറ്റിന്റെ അവസാന സന്ദേശം

അപകടം സംഭവിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ കാമുകന് അവസാന സന്ദേശമയച്ച് 20കാരിയായ വനിതാ പൈലറ്റ്. ശക്തമായ കാറ്റും മഞ്ഞുപാളികളും വിമാനത്തെ അപകടത്തിലാക്കുന്നുവെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. പിന്നാലെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് കുതിച്ചുവീണ് തീഗോളമായി മാറി. അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ സ്വകാര്യ ജെറ്റ് അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു. നതാലിയ ഗാഡെൽഹ ഫിൽഗുയേറാസ് എന്ന 20കാരിയായ കോ-പൈലറ്റിന്റെ അവസാന സന്ദേശമാണ് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നത്. അപകടത്തിന് ഏകദേശം പത്ത് മിനിറ്റ് മുൻപാണ് നതാലിയ കാമുകന് സന്ദേശമയച്ചത്. വിമാനത്തിൽ ശക്തമായ കാറ്റും മഞ്ഞുപാളികൾ രൂപപ്പെടുന്ന സാഹചര്യവുമുണ്ടെന്നും ടർബുലൻസ് അനുഭവപ്പെടുന്നുണ്ടെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
ടെക്സസിലെ ഓസ്റ്റിനിൽനിന്ന് ബഹാമസിലേക്ക് യാത്ര തിരിച്ച ലിയർജെറ്റ് 60 വിഭാഗത്തിൽപ്പെട്ട സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പാം ബീച്ച് കൗണ്ടിയിലെ ജനവാസമേഖലയ്ക്ക് സമീപമായിരുന്നു അപകടം. യാത്രയ്ക്കിടെ ഏകദേശം 35,000 അടി ഉയരത്തിൽവച്ച് കാലാവസ്ഥ മോശമാകുകയായിരുന്നു. വിമാനത്തിൽ മഞ്ഞുപാളികൾ രൂപപ്പെടുന്നതായും ശക്തമായ ടർബുലൻസ് അനുഭവപ്പെടുന്നതായും പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു. തുടർന്ന് കൂടുതൽ ഉയരത്തിലേക്ക് പറക്കാൻ അനുമതി തേടുകയും ചെയ്തു. എന്നാൽ സാഹചര്യം പെട്ടെന്ന് നിയന്ത്രണാതീതമായി. വിമാനം അതിവേഗത്തിൽ താഴേക്ക് പതിക്കാൻ തുടങ്ങി. മിനിറ്റിൽ 10,000 അടി വേഗത്തിൽ താഴേക്ക് ഇറങ്ങുകയാണെന്ന് ആദ്യം പൈലറ്റുമാർ അറിയിച്ചു. പിന്നീട് ഇത് 20,000 അടിയായി ഉയർന്നു. വിമാനം അമിതവേഗത്തിലുള്ള അപകടകരമായ അവസ്ഥയിലാണെന്നും അടിയന്തരസഹായം വേണമെന്നും അറിയിച്ച് പൈലറ്റുമാർ മെയ്‌ഡേ സന്ദേശവും നൽകി.
വിമാനത്തിന്റെ അവസാന നിമിഷങ്ങളിലെ കോക്പിറ്റ് ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്. വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്നതിനിടെ കോ-പൈലറ്റ് പരിഭ്രാന്തിയോടെ മുന്നറിയിപ്പ് നൽകുന്നതും പ്രധാന പൈലറ്റ് പ്രാർഥിക്കുന്നതും റെക്കോർഡിങ്ങിൽ കേൾക്കാം. വിമാനം നിലത്തിടിക്കാൻ പോകുകയാണെന്ന് നതാലിയ വിളിച്ചുപറയുന്നതും അവസാന നിമിഷങ്ങളിൽ രക്ഷപ്പെടാൻ സമയമില്ലെന്ന് പറയുന്നതും പുറത്തുവന്ന വിവരങ്ങളിലുണ്ട്. അപകടസ്ഥലത്ത് വിമാനം ഇടിച്ചിറങ്ങിയതോടെ വലിയ തീഗോളവും പുകയും ഉയർന്നു. സമീപത്തെ വീടുകൾക്കും ജനവാസകേന്ദ്രങ്ങൾക്കും അപകടഭീഷണിയുണ്ടായതിനെത്തുടർന്ന് 600ഓളം പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അമേരിക്കയിലെ ദേശീയ ഗതാഗത സുരക്ഷാ ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയും വിമാനത്തിൽ രൂപപ്പെട്ട മഞ്ഞുപാളികളും യന്ത്രത്തകരാറിനുള്ള സാധ്യതകളും അന്വേഷണത്തിന്റെ ഭാഗമാണ്. വിമാനം ആകാശത്തുവെച്ചുതന്നെ തകർന്നിരിക്കാമെന്ന സൂചനകളും അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരു യാത്രയുടെ അവസാന നിമിഷങ്ങളിൽ സ്വന്തം ജീവൻ രക്ഷിക്കാൻ പോരാടുന്നതിനിടയിലും സന്ദേശമയച്ച യുവ പൈലറ്റിന്റെ അവസാന വാക്കുകൾ ഇപ്പോൾ വലിയ നൊമ്പരമാവുകയാണ്.
https://www.facebook.com/Malayalivartha

























