ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...

കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം. ഒരാൾക്ക് ഒരു ടിൻ അരവണ വീതമാണ് നൽകിയത്. നട അടയ്ക്കുന്ന ഇന്ന് കൂടുതൽ തീർത്ഥാടകർ എത്തിയാൽ ഒരു ടിൻപാേലും നൽകാൻ കഴിയാതെ വന്നേക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിനെ ഫോണിൽ വിളിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ അതൃപ്തി അറിയിക്കുകയും ചെയ്തു.
കരുതൽ ശേഖരം ഒരുക്കുന്നതിൽ ബോർഡിന് വീഴ്ചപറ്റിയെന്ന് വിമർശിക്കുകയായിരുന്നു. പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്ന പണികൾക്കായി പ്രസാദ നിർമ്മാണം നിറുത്തിവച്ചതാണ് കാരണം. മുൻ വർഷങ്ങളിൽ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യുമ്പോൾ അരവണ നിർമ്മാണം പൂർണമായി നിർത്തിയിട്ടുണ്ടായിരുന്നില്ല.
മുൻ വർഷങ്ങളിൽ 2.50 മുതൽ 2.80ലക്ഷം ടിൻ അരവണയാണ് കന്നി മാസത്തിൽ വിറ്റുപോയിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ 3.20 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി നിർമ്മിച്ചശേഷം പ്ളാന്റുകൾ നിർത്തിവയ്ക്കുകയായിരുന്നു.എന്നാൽ, നടതുറന്ന് രണ്ടു ദിവസത്തിനുള്ളിൽ 80 ശതമാനത്തിലധികം അരവണയും തീർന്നു.
മണ്ഡല മകരവിളക്ക് കാലത്ത് കഴിഞ്ഞ വർഷം മൂന്നു മുതൽ നാലു ലക്ഷം ടിൻ വരെ അരവണയാണ് വിറ്റിരുന്നത്. ദിനംപ്രതി 2 മുതൽ 2.25 ലക്ഷം ടിൻ അരവണയാണ് ഉത്പാദിപ്പിച്ചിരുന്നത്. തീർത്ഥാടനം തുടങ്ങുന്നതിനു മുമ്പു അരക്കോടി ടിൻ അരവണ കരുതൽ ശേഖരമായി നിർമ്മിച്ചിരുന്നതിനാലാണ് കഴിഞ്ഞ വർഷം ക്ഷാമമില്ലാതിരുന്നത്.
" f
https://www.facebook.com/Malayalivartha

























