കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും...ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്രകൾ നിരോധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്

കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയുമുള്ള ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്രകൾ നിരോധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. വൈകുന്നേരം ഏഴ് മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണമുള്ളത്. അലർട്ടുകൾ പിൻവലിക്കുന്നത് വരെ സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്.
മൂന്നാറിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ പഴയ മൂന്നാറിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്.
വാഹനങ്ങൾ സിഎസ്ഐ പള്ളിക്കു സമീപത്തു നിന്നും ഗ്യാപ്പ് റോഡിൽ പ്രവേശിച്ചശേഷം പൊലീസ് സ്റ്റേഷനു സമീപമുള്ള പാലം കടന്നുവേണം ടൗണിൽ എത്തേണ്ടത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. അടിമാലി പഴംമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. മേഖലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നേര്യമംഗലം - വാളറ റോഡിൽ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരം വീണു.
അതേസമയം മലപ്പുറത്ത് മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. വണ്ടൂർ കോട്ടക്കുന്ന് സ്വദേശി സജാദ്, കരുവാരക്കുണ്ട് റഹീം, വണ്ടൂർ സ്വദേശി റഫീഖ്, ചെട്ടിയാറമ്മല സ്വദേശി കുറുപ്പത്ത് റഫീഖ് എന്നിവരാണ് മരിച്ചത്. പ്രദേശവാസിയായ ആദിവാസി സ്ത്രീക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാമ്. മന്ത്രി എ.പി. അനിൽകുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്നലെ ശക്തമായ മഴ പെയ്ത കോട്ടയത്ത്, ഇന്ന് മഴയ്ക്ക് ശമനമേറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























