മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ അർജന്റീന തട്ടിപ്പ് കേസിൽ പ്രതിയാകും...പിണറായിയുടെ തല അദ്ദേഹത്തിന്റെ രണ്ടു ശുതുക്കളായിരുന്ന പി.വിജയന്റെയും എൻ. പ്രശാന്തിന്റെയും പോക്കറ്റിലാണ്...

മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ അർജന്റീന തട്ടിപ്പ് കേസിൽ പ്രതിയാകും. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മെസി തട്ടിപ്പ് മുൻ എൽ ഡി എഫ് സർക്കാരിലേക്കും മുൻ കായിക മന്ത്രിയിലേക്കും തിരിച്ചുവിടാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത് എൽഡിഎഫ് സർക്കാരാണെന്നും, ഇതിനായി സ്പെയിനിൽ പോയത് മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനാണെന്നുമാണ് ആന്റോ അഗസ്റ്റിന്റെ മൊഴി. ജിഎസ്ടി വകുപ്പിനാണ് ഓഗസ്റ്റ് മൂന്നിന് മൊഴി നൽകിയത്. മെസ്സിയുടെ പരിപാടിക്ക് സ്പോൺസർ ആകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു എന്നാണ് ആന്റോയുടെ മൊഴി. തനിക്ക് ഇതിൽ പ്രത്യേക താൽപര്യമുണ്ടായിരുന്നില്ല.
സത്പേര് മാത്രമായിരുന്നു താൽപര്യമെന്നും മൊഴിയിൽ പറയുന്നു. മുൻ സർക്കാരിനെ വെട്ടിലാക്കുന്നതാണ് മൊഴി. മെസ്സി കരാറിൽ തങ്ങൾക്കു പങ്കില്ലെന്നാണ് മുൻ സർക്കാരിന്റെ വാദം. ഇതിനിടെ, അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളുടെ മറവിൽ നടന്ന വഞ്ചന, ഗൂഢാലോചനക്കേസുകളിൽ സ്പോൺസർ ആന്റോയ്ക്കെതിരെ പ്രത്യേക അന്വേഷണസംഘം വിശദമായ അന്വേഷണമാണ് നടത്തുന്നത്.സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ (ആർബിസി) മാനേജിങ് ഡയറക്ടർ സ്ഥാനത്ത് ആരെന്നതിൽ രേഖകളിൽ വൈരുദ്ധ്യമുള്ളതായി എസ്ഐടി കണ്ടെത്തി. അർജന്റീന ഇടപാടുമായി ബന്ധപ്പെട്ടുള്ള സർക്കാർ രേഖകളിൽ ആർബിസിയുടെ മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനാണ്. എന്നാൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിലെ രേഖകൾ പ്രകാരം സുൽത്താൻ ബത്തേരി സ്വദേശി കെ.ജെ.ജോസാണ് ആർബിസിയുടെ എംഡിയെന്ന് എസ്ഐടി പറയുന്നു.
ആന്റോ അഗസ്റ്റിന്റെ ഭാര്യാപിതാവാണ് ഇദ്ദേഹം.കമ്പനിയുടെ മറ്റൊരു ഡയറക്ടറായ മെൽബി ജോസ് ആന്റോയുടെ സഹോദരഭാര്യയാണെന്നും കണ്ടെത്തി. ആന്റോയും സഹോദരങ്ങളും ഡയറക്ടർമാരല്ല. 2023ൽ റജിസ്റ്റർ ചെയ്ത കമ്പനിയുടെ മൂലധനം 10 ലക്ഷം രൂപ മാത്രമെന്നാണു രേഖകൾ.അർജന്റീന സന്ദർശനത്തിന്റെ മറവിൽ നടന്ന ക്രമക്കേടുകളിലെ എസ്ഐടി അന്വേഷണം ധനകാര്യ വകുപ്പിലേക്കും നീളുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജിഎസ്ടി സ്പെഷൽ കമ്മിഷണറായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലക്ഷ്മിയിൽനിന്ന് വിവരം തേടിയേക്കും. ഇവർ ഇപ്പോൾ അവധിയിലാണ്. നികുതി വെട്ടിപ്പിൽ സ്പോൺസർക്കെതിരായ അന്വേഷണം നിർത്തിവയ്ക്കാൻ ഇടപെട്ടത് സ്പെഷൽ കമ്മിഷണറുടെ നിർദേശപ്രകാരമാണെന്ന് ജിഎസ്ടി ഡപ്യൂട്ടി കമ്മിഷണർ വി.സുനിൽകുമാർ കഴിഞ്ഞ ദിവസം എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.
കേസ് അട്ടിമറിക്കുന്നതിൽ ധനകാര്യവകുപ്പ് ഇടപെട്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിലും മുൻ കായിക മന്ത്രിയെയാണ് അന്വേഷണ സംഘം സംശയിക്കുന്നത്.അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സർക്കാർ പദ്ധതിയാണെന്ന് സ്പോൺസർ കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ കെ.കെ. സജിനിക്ക് കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നത്. അർജന്റീനൻ ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്ന പദ്ധതിയിൽ എങ്ങനെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഭാഗമായത് എന്ന ചോദ്യത്തിന് നൽകിയ മൊഴിയാണ് പുറത്തുവന്നത്.സർക്കാർ തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് ജി.എസ്.ടി വകുപ്പിന് ആന്റോ അഗസ്റ്റിൻ മറുപടിയാണ് നൽകിയത്. ആദ്യം സർക്കാർ സമീപിച്ചത് ഗോൾഡ് മർച്ചന്റ്സ് അസോസിയേഷനെയാണ്.
എന്നാൽ, അവർക്ക് ആവശ്യമായ പണം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് റിപ്പോർട്ടർ കമ്പനിയെ സമീപിച്ചത്. അർജന്റീനൻ ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് കളികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. അത് സ്പോൺസർ ചെയ്യണം. അങ്ങനെയാണ് പണം നൽകാൻ തങ്ങൾ തീരുമാനിച്ചത്. ആ പരിപാടി ഏറ്റെടുത്താൽ കമ്പനിയുടെ മൂല്യം വർധിക്കുമെന്ന് തോന്നിയെന്നും ആന്റോയുടെ മൊഴിയിൽ പറയുന്നു.ഞങ്ങളുമായി സംസാരിക്കുന്നതിന് മുമ്പ് തന്നെ സർക്കാർ പ്രതിനിധികൾ അർജന്റീനൻ ഫുട്ബോൾ ഫെഡറേഷനുമായി സ്പെയിനിൽ വെച്ച് ചർച്ച നടത്തിയിരുന്നു. അന്നത്തെ മന്ത്രി വി. അബ്ദുറഹ്മാൻ ഉൾപ്പെടെയാണ് ചർച്ച നടത്തിയെന്നും ആന്റോ നൽകിയ മൊഴിയിൽ പറയുന്നു. അവരെല്ലാം തീരുമാനിച്ചു,
തങ്ങൾ സ്പോൺസർ മാത്രം എന്ന് ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി. പരിപാടി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടേതെന്ന് കഴിഞ്ഞ ദിവസവും മുൻ മന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. മറ്റു മാധ്യമ സ്ഥാപനങ്ങൾ നടത്തുന്നത് പോലെ ആ മാധ്യമ സ്ഥാപനത്തിന്റെ സ്വന്തം പരിപാടിയെന്ന നിലയിൽ പ്രധാന ടീമിനെ കൊണ്ടുവരാൻ അവർ തീരുമാനിച്ചതാണെന്നും അതിന് സർക്കാരുമായി ബന്ധമില്ലെന്നുമുള്ള തോമസ് ഐസക് ഉൾപ്പെടെയുള്ളവരുടെ ന്യായീകരണമാണ് ഇതോടെ പൊളിയുന്നത്.അതേസമയം, ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മത്സരത്തിനായി സർക്കാർ ദുരന്ത നിവാരണ ഫണ്ട് വിനിയോഗിക്കാൻ തീരുമാനിച്ചിരുന്നുവെന്നാണ് അന്വേഷണത്തിന്റെ കണ്ടെത്തൽ.
ഇതുമായി ബന്ധപ്പെട്ട് നടന്ന സംസ്ഥാനതല യോഗത്തിലാണ് തീരുമാനമെടുത്തത്. മെസി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രേഖകൾ കണ്ടെടുത്തു. 2025 ഒക്ടോബർ 17 ന് ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്. എറണാകുളം ജില്ലാ കളക്ടറാണ് ഫണ്ട് ലഭ്യമെന്ന് യോഗത്തെ അറിയിച്ചത്. സി.എസ്.ആർ സ്പോൺസർഷിപ്പ് എന്നിവയ്ക്കൊപ്പമാണ് ഫണ്ടിന്റെ കാര്യവും അറിയിച്ചത്. അതായത് കോവിഡ് കാലത്ത് ഉൾപ്പെടെ ലോകമെമ്പാടുമുള്ളവർ നൽകിയ സഹായമാണ് അടിച്ചു മാറ്റാൻ തീരുമാനിച്ചത്. യോഗത്തിന്റെ മിനിട്സിൽ കായിക വകുപ്പ് സെക്രട്ടറി ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. മിനിട്സ് തയ്യാറാക്കിയത് യോഗം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ്.
മത്സര നടത്തിപ്പിന് ഖജനാവിൽ നിന്ന് ഒരു പൈസ പോലും ചിലവാക്കില്ലെന്നായിരുന്നു മുൻ സർക്കാരിന്റെ അവകാശവാദമെന്നാണ് ഇതോടെ പൊളിയുന്നത്. റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ ആണ് കേസിലെ ഒന്നാം പ്രതി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ടാം പ്രതിയാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ കള്ളത്തരങ്ങളും നിയമവിരുദ്ധമായ വിവരങ്ങളും ഉൾപ്പെടുത്തി സർക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ചു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.മെസ്സിയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി 126 കോടി രൂപ വിദേശ അക്കൗണ്ടിലേക്ക് അയച്ചതായി അവകാശപ്പെട്ടിരുന്നുവെങ്കിലും കായിക വകുപ്പിന്റെ പരിശോധനയിൽ ഇതിന് തെളിവുകളൊന്നും കണ്ടെത്താനായില്ല. കമ്പനി 25.78 കോടി രൂപയുടെ ജി.എസ്.ടി നികുതി വെട്ടിപ്പ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ റിപ്പോർട്ടർ ടി.വി ആസ്ഥാനം, പ്രൊമോട്ടർമാരുടെ ഫ്ലാറ്റുകൾ, വയനാട്ടിലെ തറവാട്ടു വീട് ഉൾപ്പെടെ അഞ്ചോളം സ്ഥലങ്ങളിൽ എസ്.ഐ.ടി 20 മണിക്കൂറിലധികം നീണ്ട റെയ്ഡാണ് നടത്തിയത്. മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ മെസി തട്ടിപ്പ് കേസിൽ പ്രതിയാകും. റിപ്പോർട്ടർ കമ്പനിക്ക് അനർഹമായ സാമ്പത്തിക ലാഭം നേടിക്കൊടുത്ത മന്ത്രി അഴിമതിക്ക് കൂട്ടുനിന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. കായിക വകുപ്പ് സ്പഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും എ ഡി ജി പി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ഇതു സംബന്‌ധിച്ച് കൂടുതൽ തെളിവ് ലഭിച്ചെന്നാണ് സൂചന. ഫയലിൽ ഒപ്പിട്ടുകൊടുത്ത പിണറായിക്കും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയാനാവില്ല. ലയണല്‍ മെസിയുടെ പേരില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ സമഗ്ര അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് ആഭ്യന്തരവകുപ്പാണ്.
കേസില്‍ മുന്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലന്‍ എന്നിവരിലേക്ക് അന്വേഷണം നീളുമെന്ന് ഉറപ്പായി. മുൻ മുഖ്യമന്ത്രി പിണറായി വിജയനും മറ്റും ഫയൽ കണ്ടിട്ടുണ്ടെങ്കിലും അബ്ദുറഹ്മാന്റെ തലയിൽ വച്ചവർ രക്ഷപ്പെട്ടു, എ.ഡി.ജി.പി. പി. വിജയന്‍ തലവനായുള്ള ഉന്നതതല അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത് . ഐ.ജി. സതീഷ് ബിനോയ്, രണ്ട് എസ്.പിമാര്‍, നാല് ഡെപ്യൂട്ടി എസ്.പിമാര്‍ എന്നിവരടങ്ങുന്നതാണ് പ്രാഥമിക സംഘം. കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് സമര്‍പ്പിച്ച കണ്ടെത്തലുകളുടെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നിര്‍ണ്ണായക നടപടി..കേസിൽ മന്ത്രി അബ്ദുറഹ്മാൻ പ്രതിയാകുമെന്ന് ഉറപ്പാണ്. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെയും മെസിയുടെയും കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏകദേശം 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പും ക്രമക്കേടും നടന്നതായാണ് വിവരം.
ചട്ടങ്ങള്‍ പൂര്‍ണ്ണമായും കാറ്റില്‍പ്പറത്തി മന്ത്രിക്ക് വേണ്ടിയും അദ്ദേഹത്തിന്റെ അറിവോടെയും പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലനാണ് വഴിവിട്ട കത്തിടപാടുകള്‍ നടത്തിയത്. സാമ്പത്തിക ക്രമക്കേട് തെളിഞ്ഞാല്‍ മുന്‍ മന്ത്രി, പ്രൈവറ്റ് സെക്രട്ടറി, സ്‌പോണ്‍സര്‍മാര്‍ എന്നിവരെ പ്രതി ചേര്‍ക്കാനാണ് പോലീസിന്റെ നീക്കം. പ്രതിരോധ തട്ടിപ്പ്, വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം എന്നിവ നിലനില്‍ക്കുന്നതിനാല്‍ നിലവിലെ അന്വേഷണത്തിന് പുറമെ ക്രൈംബ്രാഞ്ച്, വിജിലന്‍സ് അന്വേഷണങ്ങള്‍ക്കും സാധ്യതയേറെയാണ്. വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ (ഫെമ) നഗ്‌നമായ ലംഘനം നടന്നിട്ടുള്ളതിനാല്‍ വിഷയം സി.ബി.ഐയുടെ പരിധിയിലേക്കും നീങ്ങിയേക്കും. ഇതിനകം തന്നെ കേസില്‍ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ജി.എസ്.ടി. വെട്ടിപ്പിലും സമാന്തര അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ എസ്.ഐ.ടി. രൂപീകരണവുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന വാദത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം തേടി. എന്നാല്‍, ഗുരുതരമായ കുറ്റകൃത്യങ്ങളും സാമ്പത്തിക ക്രമക്കേടുകളും തെളിവുസഹിതം പുറത്തുവന്ന സാഹചര്യത്തില്‍ എസ്.ഐ.ടി. രൂപീകരിക്കുന്നതിന് നിയമതടസ്സമില്ലെന്നായിരുന്നു പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ വ്യക്തമായ മറുപടി. പ്രത്യേകിച്ച് മന്ത്രി പ്രതിയാകാൻ സാധ്യത തെളിഞ്ഞ സാഹചര്യത്തിൽ. ചട്ടങ്ങളും സുതാര്യതയും പൂര്‍ണ്ണമായി ഒഴിവാക്കി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കരാറിലേര്‍പ്പെടാന്‍ ഒരു സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയതാണ് മുന്‍ മന്ത്രി വി. അബ്ദുറഹിമാന് പ്രധാന തിരിച്ചടിയായത്.
താല്പര്യപത്രം ക്ഷണിക്കാതെയോ, കമ്പനിയുടെ വിപണിമൂല്യവും സാമ്പത്തിക ശേഷിയും ഫണ്ടിന്റെ സ്രോതസ്സും പരിശോധിക്കാതെയുമായിരുന്നു ഈ വഴിവിട്ട ഇടപാട്. സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നായി 206 കോടി രൂപ ലഭിച്ചതായും 22.68 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.എന്നാൽ ഇതിൽ തങ്ങൾ നിരപരാധിയാണെന്നാണ് കമ്പനി പറയുന്നത്.ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവും നടത്തിയതായി കായികമന്ത്രി ഒ.ജെ. ജനീഷ് തുറന്നുപറഞ്ഞിരുന്നു . ഒരു സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാൻ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തശേഷം സർക്കാരിന് ചില്ലിക്കാശ് നഷ്ടമുണ്ടായിട്ടില്ല എന്നുപറയുന്നതിൽ അർഥമില്ല.
ഇതിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്നും മന്ത്രി വിമർശിച്ചു. കേന്ദ്ര അനുമതിക്കായി അപേക്ഷകൾ നൽകുന്നതിലടക്കം മന്ത്രിയുടെ വകുപ്പ് നേരിട്ട് ഇടപെട്ടതായും ഇത് ഔദ്യോഗിക ചാനലുകളിലൂടെയായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗോട്ട് ആഡ് എന്ന പരസ്യ കമ്പനി ഇ മെയിൽ അയച്ചതിൽനിന്നാണ് ഈ നീക്കങ്ങളുടെ തുടക്കം. ഇ മെയിൽ അയക്കുന്നതിന് 20 ദിവസംമുൻപ് മാത്രമാണ് ഈ കമ്പനി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. വെറും ഒരുലക്ഷം രൂപമാത്രം പെയ്ഡ് ക്യാപിറ്റലുള്ള, രജിസ്റ്റർ ചെയ്ത് 20 ദിവസംമാത്രം പിന്നിട്ട ഈ കമ്പനിയുടെ വിശ്വാസ്യതയോ മുൻപരിചയമോ പരിശോധിക്കാതെയാണ് ലോകപ്രശസ്തനായ ഒരു താരത്തെ കൊണ്ടുവരാനുള്ള ചർച്ചകൾ ആരംഭിച്ചതെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രിയുടെ ഔദ്യോഗികവും വ്യക്തിപരവുമായ ഇ മെയിലുകൾവഴി രണ്ടുവർഷത്തോളം നീണ്ട ഈ കത്തിടപാടുകൾ വകുപ്പിലെ ഉന്നതോദ്യോഗസ്ഥർ അറിഞ്ഞിരുന്നില്ല.
ഇത്രയും കാലം ഈ കമ്യൂണിക്കേഷൻ മറച്ചുവെച്ചതിൽ സ്വകാര്യ താത്പര്യങ്ങളുണ്ടെന്ന ആരോപണമുണ്ടെന്നും ജനീഷ് അറിയിച്ചു.മുൻ മന്ത്രിയുടെ സ്‌പെയിൻ യാത്രയ്ക്കായി 14 ലക്ഷം രൂപയോളം സർക്കാർ ഖജനാവിൽനിന്ന് ചെലവായത് സാമ്പത്തിക നഷ്ടമായിത്തന്നെ കണക്കാക്കാവുന്നതാണ്. 126 കോടി രൂപയുടെ സ്‌പോൺസർഷിപ്പ് കരാറിനെക്കുറിച്ച് പറയുമ്പോഴും അതിൽ നിയമപരമായോ ഭരണഘടനാപരമായോ ഉള്ള ബാധ്യതകൾ സർക്കാർ ഗൗരവമായി പരിഗണിച്ചിട്ടില്ല. സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള സ്വകാര്യ ഏജൻസികൾക്കായി സർക്കാർ സംവിധാനത്തെ ദുരുപയോഗംചെയ്തത് അതീവ ഗൗരവതരമാണെന്നും ഇക്കാര്യത്തിൽ ധന, നിയമ വകുപ്പുകളുടേയും മറ്റു ഏജൻസികളുടേയും വിശദമായ അന്വേഷണമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളിൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ രേഖകൾ പുറത്തു വന്നു.
കേരളത്തിൽ സൗഹൃദ മത്സരങ്ങൾ കളിക്കാൻ അർജന്റീന ടീം സമ്മതിച്ചെന്ന് അറിയിച്ച് 2024 ഫെബ്രുവരി 2നു മന്ത്രിയുടെ ഓഫിസ് അന്നത്തെ കായികവകുപ്പ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ച കുറിപ്പ് പുറത്തായി. അർജന്റീനയിൽനിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെയാണ് അബ്ദുറഹിമാൻ ടീമിന്റെ വരവ് പ്രഖ്യാപിച്ചത്. അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ കായികവകുപ്പിനു നൽകിയ ഈ കുറിപ്പിന്റെ ചുവടുപിടിച്ചാണു മന്ത്രിയും സംഘവും ടീമിനെ ക്ഷണിക്കാനെന്ന പേരിൽ സ്പെയിൻ സന്ദർശിച്ചതും പദ്ധതിക്കു സ്പോൺസറെ കണ്ടെത്തിയതുമെല്ലാം.
മന്ത്രിയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിനിധിയുമായി നടത്തിയ ഇ–മെയിൽ സന്ദേശങ്ങളുടെ പകർപ്പാണ് ഇതിനൊപ്പം സമർപ്പിച്ചത്. ഈ സന്ദേശങ്ങളിലൊന്നും കേരളത്തിൽ എത്തുമെന്ന് അർജന്റീന ടീം ഉറപ്പുനൽകുന്നില്ല. എഎഫ്എ പ്രതിനിധികളുമായി 2 വർഷം അബ്ദുറഹിമാൻ തന്റെ ഇ–മെയിലിലൂടെയാണു കത്തിടപാടുകൾ നടത്തിയത്. പിന്നീട് ചില കത്തുകൾ ഫയലിൽ ചേർത്തെങ്കിലും ഭൂരിഭാഗവും കാണാനില്ല. അർജന്റീന വിഷയത്തിൽ കരാറോ ധാരണാപത്രമോ കായികവകുപ്പിന്റെ പക്കലില്ലെന്നാണു സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
മുൻ കായികമന്ത്രിയുടെ ഓഫിസും മുൻ ചീഫ് സെക്രട്ടറിയും കമ്പനിയുമായി ചർച്ച നടത്തിയശേഷം പദ്ധതിയുമായി മുന്നോട്ടുപോകാൻ ഉദ്യോഗസ്ഥർക്ക് വാക്കാൽ മാത്രം നിർദേശം നൽകുകയായിരുന്നു. താൽപര്യപത്രം ക്ഷണിക്കൽ, പരസ്യ ടെൻഡർ നടപടികൾ, സ്പോൺസർഷിപ് നിരക്കുകളുടെ മൂല്യനിർണയം, കമ്പനിയുടെ സാമ്പത്തികശേഷി പരിശോധിക്കൽ, ഫണ്ടിന്റെ സ്രോതസ്സ് ഉറപ്പാക്കൽ ഇതൊന്നും നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സ്വകാര്യ കമ്പനിയെ മാത്രം തിരഞ്ഞെടുത്തതിനുള്ള കൃത്യമായ കാരണങ്ങൾ വിശദീകരിക്കുന്ന ഒരു ഉത്തരവും സർക്കാർ ഫയലുകളിൽ ഇല്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. ഏതായാലും പിണറായിയുടെ തല അദ്ദേഹത്തിന്റെ രണ്ടു ശുതുക്കളായിരുന്ന പി.വിജയന്റെയും എൻ. പ്രശാന്തിന്റെയും പോക്കറ്റിലാണ്.
https://www.facebook.com/Malayalivartha

























