അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ പത്തോടെയാണ് മൃതദേഹങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്.
തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി(35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്നിൽ ആൻമേരി മാത്യു (40) എന്നിവരാണ് കലിഫോർണിയയിൽ കൊല്ലപ്പെട്ടത്. ഇരുവരുടെയും സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയാണ് കൊലപാതകത്തിന് പിന്നിലുള്ളത്
വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. വിമാനത്താവളത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മൃതദേഹം ഏറ്റുവാങ്ങാനെത്തിയിരുന്നു.
സാൻ ഫ്രാൻസിസ്കോയിൽനിന്ന് ലോസ് ഏഞ്ചൽസ്, ദുബായ് വഴിയാണ് മൃതദേഹങ്ങൾ നെടുമ്പാശ്ശേരിയിലെത്തിച്ചത്. ആഗസ്‌ത് 28നാണ് കേസിനാസ്പദമായ സംഭവം. അഞ്‌ജനയെ കാറിടിച്ചും ആനിനെ കുത്തിയും അനില കൊലപ്പെടുത്തുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം, എംബാം ചെയ്യൽ, വിദേശകാര്യ വകുപ്പുകളുടെ ഇമിഗ്രേഷൻ നടപടികൾ എന്നിവ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് എത്തിച്ചത്. അഞ്ജനയുടെ മൃതദേഹം തൃശൂർ വിലങ്ങന്നൂരിലെ ഭർത്താവിന്റെ വസതിയിലെത്തിച്ചു. പൊതുദർശനത്തിനു ശേഷം പാണഞ്ചേരിയിലുള്ള അഞ്ജനയുടെ വസതിയിലെത്തിക്കും. വൈകിട്ട് അഞ്ചോടെയാണ് സംസ്കാരംനടക്കുക.
ആൻ മേരിയുടെ മൃതദേഹം ഭർത്താവ് ജേക്കബി(മിഥുൻ)ന്റെ നാടായ കോട്ടയത്തേക്ക് കൊണ്ടുപോയി. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കും. ചൊവ്വാഴ്‌ച മിഥുന്റെ ഇടവകയായ പള്ളം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയിലാണ് സംസ്‌കാരം.
"
https://www.facebook.com/Malayalivartha

























