പ്രപഞ്ചത്തിലെ അപൂര്‍വ്വ കാഴ്ചകളിലൊന്നായ ബുധസംതരണം ഇന്ന്; സൂര്യന്റെ നെറ്റിയില്‍ ബുധന്‍ പൊട്ടു തൊടും

ആകാശത്തു വിസ്മയക്കാഴ്ചയായി സൂര്യന്റെ നെറ്റിയില്‍ ഇന്നു ബുധന്‍ പൊട്ടു തൊടും. ഇതു പ്രപഞ്ചത്തിലെ അപൂര്‍വകാഴ്ചകളിലൊന്നായ ബുധസംതരണം. പൊട്ടുതൊടലാണെങ്കിലും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണരുതെന്ന മുന്നറിയിപ്പുണ്ട്.
ഭൂമിക്കും സൂര്യനുമിടയിലൂടെ ബുധന്‍ കടന്നുപോകുമ്പോള്‍ കൃത്യമായി ഒരേ നേര്‍രേഖയില്‍ വരുന്നതുമൂലം സൂര്യബിംബത്തിനുള്ളില്‍ പൊട്ടുപോലെ ബുധനെ കാണുന്ന പ്രതിഭാസമാണു ബുധസംതരണം. ജ്യോതിഷത്തിന്റെ ഭാഷയില്‍ ബുധമൗഢ്യത്തിന്റെ പാരമ്യം. ഇന്നു വൈകിട്ടു 4.42നാണു ബുധന്‍ സൂര്യബിംബത്തിനകത്തു കാണുക. ഏഴര മണിക്കൂര്‍ ബുധന്‍ ചെറിയ പൊട്ടായി സൂര്യബിംബത്തിനകത്തുകൂടി നീങ്ങിക്കൊണ്ടിരിക്കും. ഇന്നു കേരളത്തില്‍ സൂര്യാസ്തമയം 6.40ന് ആയതുകൊണ്ട് അത്രയും നേരം മാത്രം ഈ വിസ്മയം ദൃശ്യമാകും.
ബുധസംതരണം കാണാന്‍ സൂര്യനെ വെറുംകണ്ണുകള്‍കൊണ്ടു നോക്കരുതെന്നു കേന്ദ്ര എര്‍ത്ത് സയന്‍സ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്. ശക്തിയേറിയ ദൂരദര്‍ശിനിയില്‍ ഫില്‍റ്ററുകള്‍ സ്ഥാപിച്ചു നോക്കാമെങ്കിലും അതും അത്ര സുരക്ഷിതമല്ലെന്നാണു വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. നൂറ്റാണ്ടില്‍ 13-14 തവണ ബുധസംതരണം നടക്കുമെങ്കിലും എല്ലാം ദൃശ്യമാകാറില്ല. 13 വര്‍ഷം മുന്‍പു നടന്ന ബുധസംതരണം കേരളത്തില്‍ ദൃശ്യമായിരുന്നു. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും ബുധസംതരണമുണ്ടാകുമെങ്കിലും ഇന്ത്യയില്‍ ഇനി കാണാന്‍ 16 വര്‍ഷം കഴിയണം. നാസ ടെലിവിഷന്‍ വെബ്‌സൈറ്റില്‍ തല്‍സമയം ഇതു കാണാം.-
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha