എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്... രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി... കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി.
കേസിന്റെ വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ നടത്തണമെന്ന പ്രതിഭാഗത്തിന്റെ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് തള്ളിയത്. ഇതോടെ ഹൈക്കോടതി നിർദ്ദേശപ്രകാരം കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ കോടതിയിൽ തുടങ്ങും. വിചാരണ വേളയിൽ കോടതി മുറിയിൽ മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ബന്ധുക്കൾക്കും പ്രവേശനം അനുവദിക്കരുതെന്നായിരുന്നു പ്രതികൾ പ്രധാനമായും ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ വിചാരണ റിപ്പോർട്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ മൗലികമായ അവകാശമാണെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികളുടെ വാദങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി ഹർജി തള്ളി ഉത്തരവിടുകയായിരുന്നു. കേസിന്റെ വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി നടപടികൾ വേഗത്തിലാക്കിയത്.
ഒക്ടോബർ 15 മുതൽ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ സാക്ഷിവിസ്താരം ഉൾപ്പെടെയുള്ള മുഴുവൻ നിയമനടപടികളും പൂർത്തിയാക്കും.
അതേസമയം 2018 ജൂലൈ രണ്ടിനാണ് സംസ്ഥാനത്തെ ആകെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.
"
https://www.facebook.com/Malayalivartha


























