'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി

'ബ്രാന്‍ഡ് വയനാട് ടൂറിസം' എന്ന ആശയം മുന്‍നിര്‍ത്തി വയനാട്ടിലെ ടൂറിസം മേഖല മെച്ചപ്പെടുത്തുന്നതിന് ടൂറിസം മന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി. കലക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ദിശ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. വയനാട് ജില്ലയില്‍ പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിക്ക് കീഴിലെ മുഴുവന്‍ റോഡുകളുടെയും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും നിര്‍ദേശം നല്‍കി. കല്ലോടി വെള്ളമുണ്ട തോട്ടോളിപ്പടി റോഡ്, പുല്ലുമല കരിവയല്‍ റോഡ് റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തി വൈകുന്ന സാഹചര്യത്തില്‍ ജല്‍ ജീവന്‍ മിഷന്‍, പിഡബ്ല്യൂഡി വകുപ്പ് ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരെ ഉള്‍പ്പെടുത്തി അടിയന്തിര യോഗം ചേരാന്‍ എംപി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കലക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കലക്ടര്‍ സി. ചെല്‍സസിനി, എഡിഎം അജീഷ്, പിഎയു പ്രൊജക്ട് ഡയറക്ടര്‍ ജി.പി. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
ഡ്രെയിനേജ്, കള്‍വര്‍ട്ട്, സൈഡ് പ്രൊട്ടക്ഷന്‍ തുടങ്ങിയ പ്രവൃത്തികള്‍ വേഗത്തിലാക്കണം. റോഡ് പ്രവൃത്തിയുടെ കാലതാമസം ഒഴിവാക്കാന്‍ വിവിധ വകുപ്പുകളുമായി ആലോചിച്ച് നടപടി സ്വീകരിക്കണമെന്നും കൃത്യമായ വിലയിരുത്തല്‍ നടത്തി മുന്നോട്ട് പോകണമെന്നും എംപി നിര്‍ദ്ദേശിച്ചു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി കുടിവെള്ളത്തിന്റെ ഗുണനിലവാരം, വാട്ടര്‍ ടാങ്കുകളുടെ ശുചിത്വം ഉറപ്പാക്കണമെന്നും എംപി നിര്‍ദ്ദേശിച്ചു. തുറന്ന കിണറുകള്‍, കുഴല്‍ കിണറുകളിലെ ജല സ്രോതസ്സുകളിലെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കുന്നുണ്ടെന്ന് യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി സംബന്ധിച്ച് പഞ്ചായത്തുകളില്‍ കലക്ടറുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രവൃത്തികളുടെ പുരോഗതി ഉറപ്പാക്കുന്നുണ്ടെന്നും യോഗത്തില്‍ അറിയിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ 2,731 കുടുംബങ്ങള്‍ക്ക് വിവിധ ഘട്ടങ്ങളിലായി ധനസഹായം വിതരണം ചെയ്തു. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ബാക്കി കുടുംബങ്ങള്‍ക്ക് വീടുപണി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആദിവാസി ഊരുകളിലെ പുനരധിവാസ പുരോഗതി, കുടിവെള്ള പദ്ധതികള്‍, വൈദ്യുതി ബില്‍ കുടിശ്ശിക സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ഗോത്ര മേഖലകളില്‍ പ്രവര്‍ത്തനരഹിതമായ കുടിവെള്ള പദ്ധതികള്‍, വൈദ്യുതി ബില്‍ അടയ്ക്കാത്തത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ എംപി യോഗത്തില്‍ നിര്‍ദേശിച്ചു. ചെട്ട്യാലത്തൂരിലെ 71 കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഇതില്‍ 18 കുടുംബങ്ങളുടെ വീടുനിര്‍മ്മാണം പൂര്‍ത്തിയാക്കി. 20 കുടുംബങ്ങളുടെ വീടുനിര്‍മ്മാണം പുരോഗതിയിലാണ്. പൂച്ചാട് ഉന്നതിയില്‍ 75 കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. ഇതില്‍ 54 കുടുംബങ്ങളുടെ പുനരധിവാസം പൂര്‍ത്തിയായി. 19 കുടുംബങ്ങളുടെ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. രണ്ട് കുടുംബങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താനുണ്ടെന്നും പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ, ബോയിസ് ടൗണ്‍ ഉള്‍പ്പെടെ ജില്ലയില്‍ ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് കണക്റ്റിവിറ്റി മോശമായ 20 ഇടങ്ങളിലെ സാഹചര്യം ചൂണ്ടിക്കാട്ടി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് കത്തയച്ചുിട്ടുണ്ടെന്ന് എംപി പറഞ്ഞു. കൂടാതെ ദുരന്തങ്ങളുടെ സമയത്ത് കണക്റ്റിവിറ്റി ഉറപ്പാക്കാന്‍ 'സെല്‍ ഓണ്‍ വീല്‍സ്' വിന്യസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുനെല്ലി അപ്പപ്പാറ കോളനി, പനവല്ലി എന്നിവിടങ്ങളില്‍ രണ്ട് മൊബൈല്‍ ടവറുകള്‍ കേന്ദ്രമന്ത്രി അനുവദിച്ചിട്ടുണ്ടെന്നും ടവറുകള്‍ക്കായുള്ള ഭൂമി അനുവദിക്കുന്നത് വേഗത്തിലാക്കാന്‍ റവന്യൂ വകുപ്പിനോട് അറിയിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു.
പോഷന്‍ ട്രാക്കര്‍ ആപ്പുമായി ബന്ധപ്പെട്ട് അങ്കണവാടി ജീവനക്കാരും ഗുണഭോക്താക്കളും നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി വനിതാ ശിശുവികസന മന്ത്രാലയത്തിന് കത്തയച്ചതായി എംപി അറിയിച്ചു. നെറ്റ്‌വര്‍ക്ക് കുറവുള്ള പ്രദേശങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റത്തിലും ഒടിപി പരിശോധനയിലും ഉണ്ടാകുന്ന പിഴവുകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി സംസാരിച്ചിട്ടുണ്ട്.
ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ പുരോഗതി കേന്ദ്ര മന്ത്രിയുമായി നടത്തിയ യോഗത്തില്‍ വിലയിരുത്തി. ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനായി അവരുടെ സംസ്‌കാരത്തിന് അനുയോജ്യമായ ഇടപെടലുകള്‍ നടത്തേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി. പോഷകാഹാര ലഭ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച് കേന്ദ്രമന്ത്രിക്ക് റിപ്പോര്‍ട് നല്‍കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി അമ്പുകുത്തി അമ്പലവയല്‍ റോഡ്, അമ്പലവയല്‍ അമ്മയിപ്പാലം റോഡ്, സിആര്‍ഐഎഫ് പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തി മുന്‍ഗണനാടിസ്ഥാനത്തില്‍ നിര്‍മ്മാണം ഏറ്റെടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റെടുക്കേണ്ട പിഡബ്ല്യുഡി റോഡ് പ്രവൃത്തികള്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും എംപി അറിയിച്ചു.
പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയുമായി ഗോത്രവര്‍ഗ്ഗ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടത്തേണ്ട ഇടപെടലുകളെക്കുറിച്ച് ചര്‍ച്ച നടത്തി. ജില്ലയിലെ െ്രെടബല്‍ യൂണിവേഴ്‌സിറ്റി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും വേഗത്തില്‍ പ്രായോഗികമായ പരിഹാരം കണ്ടെത്തി പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.പി പറഞ്ഞു.
മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും ശേഷിക്കുന്ന 150 ഓളം വീടുകളുടെ നിര്‍മ്മാണം ഒക്ടോബര്‍ 31 നകം പൂര്‍ത്തിയാക്കുമെന്നും ടൗണ്‍ഷിപ്പ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. ടൗണ്‍ഷിപ്പിലെ അങ്കണവാടി, പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങള്‍, എം.സി.എഫ്, പൊതുശൗചാലയങ്ങള്‍, ഫുട്‌ബോള്‍ കോര്‍ട്ട് തുടങ്ങിയ മുഴുവന്‍ നിര്‍മ്മാണ പ്രവൃത്തികളും ഡിസംബര്‍ 31 ഓടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഉപജീവന മാര്‍ഗ്ഗങ്ങളുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കള്‍ക്ക് തുക വിതരണം ചെയ്തിട്ടുണ്ട്. വീടുകളില്‍ രണ്ട് കിലോവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നുണ്ടെന്നും പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























