അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി

മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി വിചാരണക്കോടതി തള്ളി. കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ.ബാലകൃഷ്ണനാണ് ഹര്‍ജി തള്ളിയത്. ഇതോടെ കേസിന്റെ വിചാരണ നടപടികള്‍ ഒക്ടോബര്‍ 15ന് ആരംഭിക്കും.
മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും കോടതിമുറിയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തണമെന്നും തങ്ങളുടെ ഫോട്ടോ എടുക്കുന്നത് തടയണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം. പരസ്യ വിചാരണ ഭാവി ജീവിതത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതികള്‍ വാദിച്ചു. മഹാരാജാസ് കോളജിന് സമീപമാണ് കോടതി സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ വിദ്യാര്‍ഥികള്‍ തടിച്ചുകൂടുന്നത് തടയണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ ആവശ്യങ്ങളെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. ലൈംഗിക അതിക്രമ കേസുകളിലും പോക്‌സോ കേസുകളിലുമാണ് നിയമപരമായി ഇന്‍ ക്യാമറ വിചാരണ അനുവദിക്കാറുള്ളതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും, പ്രതിഭാഗം ഉന്നയിച്ച വാദങ്ങളൊന്നും രഹസ്യവിചാരണയ്ക്ക് നിയമപരമായ അടിത്തറയാകുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
അഭിമന്യുവിന്റെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജിയില്‍ വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 21ന് വിചാരണ തീയതി വിചാരണക്കോടതി നിശ്ചയിച്ചത്. ഒക്ടോബര്‍ 15ന് ആദ്യ രണ്ട് സാക്ഷികളുടെ വിസ്താരത്തോടെ വിചാരണയ്ക്ക് തുടക്കമാകും. കേസില്‍ ആകെ 156 സാക്ഷികളാണുള്ളത്. അവധി ദിവസങ്ങള്‍ ഒഴികെ തുടര്‍ച്ചയായ ദിവസങ്ങളില്‍ വിസ്താരം നടക്കും. നവംബര്‍ 12ഓടെ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ഓഗസ്റ്റ് 13ന് കേസ് പരിഗണിച്ചപ്പോള്‍ 16 പ്രതികളും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. ജൂലൈ 6ന് കോടതി കുറ്റം ചുമത്തിയപ്പോള്‍ 16 പ്രതികളും കുറ്റം നിഷേധിച്ചിരുന്നു. കൊലപാതകം, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍, ലഹളയുണ്ടാക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ 6 പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജികളും മുന്‍പ് കോടതി തള്ളിയിരുന്നു.
https://www.facebook.com/Malayalivartha
























