പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം

പറവൂരില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസിലെ യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കണ്ടക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം. ഗുരുവായൂര്‍ എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആര്‍.എസ്.എ 173 പ്രിയദര്‍ശിനി ബസിലാണ് പെണ്‍കുട്ടിക്ക് ദുരനുഭവമുണ്ടായത്. ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിയോട് കണ്ടക്ടര്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയു ചെയ്തുവെന്ന് കാണിച്ച് പെണ്‍കുട്ടി പറവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഇതിനെ കണ്ടാല്‍ പെണ്ണായി തോന്നുമോ എന്ന് കണ്ടക്ടര്‍ യാത്രക്കാരോട് ചോദിക്കുകയും അവരുടെ മുന്നില്‍വച്ച് അവഹേളിച്ചെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. നാണക്കേടും മാനസിക ബുദ്ധിമുട്ടുണ്ടാക്കാനും ഇത് കാരണമായെന്നും അതിനാല്‍ നടപടിയെടുത്ത് തനിക്ക് നീതി ഉറപ്പാക്കണമെന്നും വിദ്യാര്‍ത്ഥിനി പരാതിയില്‍ ആവശ്യപ്പെട്ടു. യാത്രക്കാരില്‍ ചിലരും മോശമായി പെരുമാറിയെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.
ഈ പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തി. തുടര്‍ന്ന് സി.എം.ഡി ഡോ.പി.എസ് പ്രമോജ് ശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തത്.
യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രമോജ് ശങ്കര്‍ വ്യക്താക്കി. ബസില്‍ യാത്ര ചെയ്യുന്നവരോട് മാന്യമായും സൗഹാര്‍ദ്ദപരമായും പെരുമാറേണ്ടത് എല്ലാ ജീവനക്കാരുടെയും ഉത്തരവാദിത്വമാണ്. യാത്രക്കാരില്‍ നിന്ന് ലഭിക്കുന്ന ഇത്തരം പരാതികള്‍ ഗൗരവമായി പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നിയമനുസൃതമായ നടപടി ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























