പുതിയ തുമ്പായി ജിഷ പറഞ്ഞ വാചകം; പൊലീസ് വെളിപ്പെടുത്തിയിട്ടില്ലാത്ത ആ വാക്ക് നിര്‍ണ്ണായകം; അന്വേഷണം വാടകക്കൊലയാളികളിലേക്കും

പെരുമ്പാവൂര്‍ ജിഷ വധക്കേസ് അന്വേഷണം പുതിയ തലങ്ങളിലേക്ക്. വീടിനുള്ളില്‍നിന്നു ലഭിച്ച വിരലടയാളങ്ങള്‍ കസ്റ്റഡിയില്‍ ഉള്ളവരുടേതുമായി പൊരുത്തപ്പെടാത്തതിനാല്‍ അന്വേഷണം വാടകക്കൊലയാളികളിലേക്കും നീളുന്നു. കൊലപാതകത്തിലെ ക്രൂരതയേക്കാള്‍ തെളിവു നശിപ്പിച്ച രീതിയാണു പൊലീസിനെ കുഴക്കുന്നത്. സംശയത്തെ തുടര്‍ന്ന് എട്ടു പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇവരില്‍ അഞ്ചു പേരെ തെളിവുകളുടെ അഭാവത്തില്‍ പൊലീസ് വിട്ടയച്ചു. കസ്റ്റഡിയിലുള്ള രണ്ടു പേരെക്കുറിച്ചാണു കൂടുതല്‍ വിവരം ശേഖരിക്കാനുള്ളത്. ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തെന്നു നാട്ടുകാര്‍ പറയുന്ന യുവാവാണു കസ്റ്റഡിയിലുള്ള ഒരാള്‍. ലഭിച്ച രണ്ടു വിരലടയാളങ്ങള്‍ ആധാര്‍ ഡേറ്റാ ബാങ്കിലേതുമായി താരതമ്യം ചെയ്യാന്‍ പൊലീസ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബെംഗളൂരു മേഖലാ ഓഫിസിന്റെ സഹായം തേടും.
കൊല്ലപ്പെട്ട ഏപ്രില്‍ 28-നു വട്ടോളിപ്പടി കനാല്‍ ബണ്ട് പുറമ്പോക്കിലെ വീടിനുള്ളില്‍ ജിഷയുടെ ഉച്ചത്തിലുള്ള സംസാരം കേള്‍ക്കാന്‍ ഇടയായ അയല്‍വാസികള്‍ ജിഷ പറഞ്ഞതായി പറയുന്ന ഒരു വാചകം ഇന്നലെ പൊലീസിനു മുന്‍പാകെ വെളിപ്പെടുത്തി: 'ഇതുകൊണ്ടാണു നിങ്ങള്‍ ....കാരെ വിശ്വസിക്കരുതെന്നു പറയുന്നത്' എന്നു ജിഷ പറഞ്ഞതായാണ്്് പോലീസിനെ അറിയിച്ചത്. ഇതു പൊലീസിനു പുതിയ തുമ്പാവുന്നു. ജിഷ കൊല്ലപ്പെട്ടു പതിനൊന്നാം ദിവസമാണ് ഇതു പുറത്തുവരുന്നത്.
'നിങ്ങള്‍' എന്നു പറഞ്ഞതിനു ശേഷമുള്ള വാക്ക് അന്വേഷണത്തില്‍ നിര്‍ണായകമായതിനാല്‍ പൊലീസ് അതു വെളിപ്പെടുത്തിയിട്ടില്ല. ജിഷ ആരോടെങ്കിലും നേരിട്ടാണോ ഫോണിലാണോ പറഞ്ഞതെന്നും വ്യക്തമാകാനുണ്ട്. മറ്റാരുടെയും ശബ്ദം വീട്ടിനുള്ളില്‍ അയല്‍വാസികള്‍ കേട്ടിട്ടില്ല. അയല്‍വാസികളില്‍ രണ്ടു പേര്‍ കൊലയാളിയെന്നു സംശയിക്കുന്ന യുവാവിനെ വ്യക്തമായി കണ്ടതായും പൊലീസിനോടു വെളിപ്പെടുത്തി.
ഇയാളുടെ കൃത്യമായ രൂപം, ഉയരം, വസ്ത്രം എന്നിവ സംബന്ധിച്ച മൊഴികളും നല്‍കി. പോകുംവഴി ഇയാള്‍ സമീപവാസിയെ രണ്ടു തവണ തിരിഞ്ഞുനോക്കി. എന്നാല്‍ അമ്പരപ്പോ, ആളെ കണ്ടതിലുള്ള ഭീതിയോ യുവാവിന്റെ മുഖത്തു കണ്ടില്ല. പ്രദേശത്തൊന്നും ഇതിനു മുന്‍പ് ഇയാളെ കണ്ടിട്ടില്ലെന്നും മൊഴിയിലുണ്ട്.
കൊലപാതകത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ ജിഷയുടെ ഫോണ്‍ സംഭാഷണങ്ങള്‍, യാത്രകള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ അമ്മ രാജേശ്വരിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. ആശുപത്രിയിലുള്ള അച്ഛന്‍ പാപ്പുവിന്റെയും മൊഴിയെടുക്കും. സഹോദരി ദീപയുടെ മൊഴിയെടുത്തിരുന്നു.
കൊല്ലപ്പെട്ട ദിവസം, രാത്രി എട്ടുവരെ വീട്ടില്‍ ജിഷ ഒറ്റയ്ക്കായിരിക്കുമെന്ന് അറിയാവുന്നവരെ കണ്ടെത്താന്‍ രാജേശ്വരിയുടെ മൊഴികളിലാണ് ഇനി പൊലീസിന്റെ പ്രതീക്ഷ. ജിഷയുടെ കുട്ടിക്കാലം, പഠനകാലത്തെ സംഘടനാബന്ധങ്ങള്‍, വ്യക്തി ബന്ധങ്ങള്‍ എന്നിവയും വിശദമായി പരിശോധിക്കുന്നു. ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടോയെന്നു കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha