ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു. ടോൾ ബൂത്തുകൾ ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കാനായി ശ്രമിച്ചതോടെയാണ് ഉന്തും തള്ളുമുണ്ടായത്. തീരദേശ ദേശീയപാതയുടെ ഭാഗമായ നാട്ടികയിൽ റോഡ് നിർമ്മാണം പൂർണ്ണമായി പൂർത്തിയാകുന്നതിന് മുൻപ് ടോൾ പിരിവ് ആരംഭിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ.
വ്യാഴാഴ്ച മുതൽ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കാനായി അധികൃതർ തീരുമാനിച്ചതോടെയാണ് രാവിലെ മുതൽ തന്നെ യുഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തി ഉപരോധം തീർത്തത്. ഉപരോധം നീക്കാനായി പൊലീസ് നടത്തിയ നീക്കങ്ങൾക്കിടെയാണ് സ്ഥലത്ത് നാടകീയ രംഗങ്ങളും സംഘർഷവുമുണ്ടായത്.
ദേശീയപാത നിർമ്മാണം പാതിവഴിയിൽ നിൽക്കെ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി ഒഴികെയുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം പ്രതിഷേധത്തിലാണ്. സിപിഎമ്മിൻറെയും സിപിഐയുടെയും നേതൃത്വത്തിൽ നേരത്തെ തന്നെ പ്രതിഷേധ മാർച്ചും മറ്റും നടന്നിരുന്നു. സമരം മുന്നിൽക്കണ്ട് അതിരാവിലെ മുതൽ തന്നെ നാട്ടിക ടോൾ പ്ലാസ പരിസരത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
https://www.facebook.com/Malayalivartha

























