തനി തങ്കമാണ്, തങ്കമ്മ : കളഞ്ഞുകിട്ടിയ 10 പവനും 15,000 രൂപയും തിരിച്ചുനല്‍കി റെയില്‍വേ ശുചീകരണ തൊഴിലാളി

എത്ര സങ്കട ജീവിത പ്രശ്‌നങ്ങളുടെ മുമ്പിലാണെങ്കിലും പണവും തങ്കവും കണ്ടപ്പോള്‍ ഈ തങ്കമ്മയുടെ കണ്ണ് മങ്ങളിച്ചില്ല. 10 പവന്‍ സ്വര്‍ണവും 15000 രൂപയും കളഞ്ഞുകിട്ടിയിട്ടും തങ്കമ്മയുടെ മനസ് അല്‍പം പോലും ചാഞ്ചാടിയില്ല. പേരുപോലെ പത്തരമാറ്റ് തങ്കമാര്‍ന്നതാണു തന്റെ മനസുമെന്നു തെളിയിച്ച ആലുവ റെയില്‍വേ സ്‌റ്റേഷനിലെ ശുചീകരണ വിഭാഗം കരാര്‍ തൊഴിലാളി ആലുവ യു.സി കോളജ് സ്വദേശിനിയായ തങ്കമ്മ (65) കളഞ്ഞുകിട്ടിയ സ്വര്‍ണവും പണവും ഉടമയെ തിരിച്ചേല്‍പ്പിച്ചു മാതൃകയായി.
ആലുവ റെയില്‍വേ സ്‌റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തില്‍ തിങ്കളാഴ്ച വൈകിട്ടാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചെറിയ ബാഗ് തങ്കമ്മക്ക് ലഭിച്ചത്. പരിശോധിച്ചപ്പോള്‍ 10 പവന്‍ സ്വര്‍ണവും 15,000 രൂപയുമായിരുന്നു ബാഗില്‍. സ്‌റ്റേഷന്‍ സൂപ്രണ്ട് ബാലകൃഷ്ണനും തങ്കമ്മ ജോലി ചെയ്യുന്ന വിഭാഗത്തിന്റെ ചുമതലയുള്ള റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ വിജയനും അന്ന് അവധിയിലായതിനാല്‍ ബാഗ് ഏല്‍പ്പിക്കാനായില്ല. ചൊവ്വാഴ്ച രാവിലെ സൂപ്രണ്ടിനെ ബാഗ് ഏല്‍പ്പിച്ചപ്പോഴാണ് അതില്‍നിന്നു ലഭിച്ച മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാനായത്. മലപ്പുറം തിരൂര്‍ നിരവത്തൂര്‍ മങ്ങാട്ട് വീട്ടില്‍ ജയപ്രകാശിന്റേതാണ് നഷ്ടപ്പെട്ട സ്വര്‍ണവും പണവുമെന്ന് നമ്പറില്‍ബന്ധപ്പെട്ടപ്പോള്‍ വ്യക്തമായി. വൈകിട്ടോടെ ഇവര്‍ ആലുവയിലെത്തി സൂപ്രണ്ട് ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ തങ്കമ്മയില്‍നിന്ന് ബാഗ് ഏറ്റുവാങ്ങി. ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ചികിത്സക്കുവന്ന ശേഷം മടങ്ങിയപ്പോഴായിരുന്ന ജഗപ്രകാശ് സ്‌റ്റേഷനില്‍ ബാഗ് മറന്നുവച്ചത്.
യു.സി കോളജിനു സമീപം ചെറിയ കൂരയിലാണ് തങ്കമ്മയും ഭര്‍ത്താവും കഴിയുന്നത്. നാലു പെണ്‍മക്കളെയും വിവാഹം ചെയ്തയച്ചു. ഭര്‍ത്താവ് ഏറെ കാലമായി ജോലിക്കു പോകാനാകാതെ കിടപ്പിലാണ്. മക്കളുടെ വിവാഹ ആവശ്യത്തിനായി എടുത്ത ബാങ്ക് വായ്പകളെല്ലം തിരിച്ചടയ്ക്കാനാകാതെ വീട് ജപ്തി ഭീഷണിയിലാണ്. ഈ ദുരിതങ്ങള്‍ക്കിടയിലും കളഞ്ഞുകിട്ടിയ സ്വര്‍ണവും പണവും തിരിച്ചുനല്‍കാന്‍കാണിച്ച തങ്കമ്മയുടെ സത്യസന്ധത ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. വീട്ടുജോലികള്‍ ചെയ്തിരുന്ന തങ്കമ്മ ആറു മാസം മുമ്പാണ് റെയില്‍വേയില്‍ കരാര്‍ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha