സലിംകുമാര്‍ രാജിവച്ചത് താരങ്ങള്‍ ഇടതരായതില്‍ പ്രതിഷേധിച്ച്....

നടന്‍ സലിംകുമാര്‍ അമ്മയില്‍ നിന്നും രാജിവച്ചത് സിനിമാതാരങ്ങള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വോട്ടുപിടിക്കുന്നതില്‍ മനംനൊന്ത്. ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി രംഗത്തിറങ്ങണമെന്ന് സി.പി.എം നേതാവ് വി. ജയരാജന്‍ വീട്ടിലെത്തി ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത താരമായിരുന്നു സലിംകുമാര്‍. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.ഡി. സതീശന്റെ വീഡിയോ ആല്‍ബത്തില്‍ സലിംകുമാര്‍ അഭിനയിച്ചിട്ടുണ്ട്.
ഇടതുപക്ഷക്കാര്‍ക്ക് വോട്ടുപിടിക്കാന്‍ മോഹന്‍ലാലും ജയറാമും ഉള്‍പ്പെടെയുള്ള ഒന്നാംകിട താരങ്ങള്‍ രംഗത്തിറങ്ങിയതോടെയാണ് സലിംകുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സലിംകുമാറിന് പ്രത്യക്ഷ രാഷ്ട്രീയ വിശ്വാസങ്ങളൊന്നുമില്ലെങ്കിലും അദ്ദേഹം വലതുപക്ഷ രാഷ്ട്രീയ വിശ്വാസിയായാണ് അറിയപ്പെടുന്നത്.
അതിനിടെ ഇരിക്കൂറില്‍ മന്ത്രി കെ.സി. ജോസഫിനു വേണ്ടി പ്രചരണത്തിനെത്താമെന്ന ജയറാമിന്റെ ആവശ്യം യു.ഡി.എഫ് നിരസിച്ചു. കളമശ്ശേരിയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വേണ്ടിയും ധര്‍മ്മടത്ത് പിണറായി വിജയനുവേണ്ടിയും ജയറാം പ്രചാരണത്തിനിറങ്ങിയിരുന്നു.
വി.ഡി. സതീശനുവേണ്ടി പരസ്യമായല്ലെങ്കിലും രഹസ്യമായി സലിംകുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യക്തികളെ കേന്ദ്രീകരിച്ചാണ് സലിംകുമാറിന്റെ പ്രവര്‍ത്തനം. രാഷ്ട്രീയത്തിലുപരി സതീശന്റെ അടുത്ത സുഹൃത്താണ് സലിംകുമാര്‍.
പത്തനാപുരത്തെ യുഡി.എഫ് സ്ഥാനാര്‍ഥി ജഗദീഷ് മോഹന്‍ലാലിനെതിരെ രംഗത്തെത്തി. ഗണേശനുവേണ്ടി മോഹന്‍ലാല്‍ വോട്ടുപിടിക്കാനിറങ്ങിയതില്‍ തനിക്ക് വേദനയുണ്ടെന്നാണ് ജഗദീഷ് പറഞ്ഞത്. ഏതായാലും മോഹന്‍ലാലിന്റെ സാന്നിധ്യം ഗണേശന് ഗുണം ചെയ്‌തെന്നാണ് കണക്കുകൂട്ടല്‍. വന്‍ ജനാവലിയാണ് മോഹന്‍ലാലിനെ കാണാന്‍ പത്തനാപുരത്ത് ഒത്തുകൂടിയത്.
താരയുദ്ധം പതിയെ പതിയെ മുറുകുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന താരങ്ങള്‍ക്കുവേണ്ടി വോട്ടുപിടിക്കരുതെന്ന നിര്‍ദ്ദേശം അമ്മ തനിക്കും മറ്റുള്ളവര്‍ക്കും നല്‍കിയിരുന്നതായും സലിംകുമാര്‍ പറയുന്നു. പലര്‍ക്കും പലനീതി എന്നത് അംഗീകരിക്കാനാവില്ലെന്നും സലിംകുമാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha