ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ വിസമ്മതിച്ച് തിരിച്ചയച്ച ആദിവാസി യുവതി വീട്ടുവരാന്തയില്‍ പ്രസവിച്ചു

ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ച് അധികൃതര്‍ തിരിച്ചയച്ച ആദിവാസി യുവതി വീട്ടുവരാന്തയില്‍ പ്രസവിച്ചു. വയനാട് മേപ്പാടി ചെമ്പോത്തറ ആദിവാസി കോളനിയിലെ കല്യാണിക്കാണ് ദുരനുഭവം. പ്രസവവേദനയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കല്യാണിയെ സ്വകാര്യ ആശുപ്രതിയില്‍ എത്തിച്ചത്. എന്നാല്‍ ശരിയായ പരിചരണം നല്‍കാനോ കല്യാണിയെ ആശുപത്രയില്‍ പ്രവേശിപ്പിക്കാനോ സ്വകാര്യ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. കല്യാണിയുടെ കൈയില്‍ സ്വകാര്യ ആശുപത്രിയ്ക്ക് നല്‍കേണ്ട പണം ഇല്ലായിരുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്. മതിയായ പരിശോധന നടത്താതെ പ്രസവത്തിന് സമയമായില്ല എന്ന് പറഞ്ഞ കല്യാണിയെ ആശുപത്രി അധികൃതര്‍ ഒഴിവാക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് കല്ല്യാണി ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ എതിര്‍ത്തതോടെ പ്രസവവേദനയുമായി നിവര്‍ത്തിയില്ലാതെ വീട്ടിലേക്കു തിരിച്ചു പോയ കല്യാണി വീട്ടിലെത്തിയ ഉടനെ വരാന്തയില്‍ പ്രസവിക്കുകയായിരുന്നു.
പ്രസവ വേദനയുമായി എത്തുന്ന ആദിവാസി സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആധികൃതര്‍ വിസമ്മതിക്കുന്നത് ഇതാദ്യമല്ല. വയനാട്, പാലക്കാട്, ഇടുക്കി, കൊല്ലം ജില്ലകളില്‍ നിന്ന് നിരവധി പ്രവശ്യം ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ആദിവാസി യുവതി ഡോക്ടര്‍മാര്‍ പ്രവേശനം നിഷേധിച്ചതിനെതുടര്‍ന്ന് ആശുപത്രി വരാന്തയില്‍ പ്രസവിച്ചു, ആശുപത്രയില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് മടങ്ങും വഴി ആദിവാസി യുവതി ഓട്ടോയില്‍ പ്രസവിച്ചു. ആദിവാസി യുവതി നടുറോട്ടില്‍ പ്രസവിച്ചു തുടങ്ങിയ നിരവധി വാര്‍ത്തകളാണ് മുന്‍കാലങ്ങളില്‍ വരാറുണ്ടായിരുന്നത്. ഒരു കൗതുക വാര്‍ത്തയായി മലയാളി അത് വായിച്ചു തള്ളുകയാണ് പതിവ്. ആദിവാസികള്‍ക്ക് പ്രവസ സമയത്തുള്ള ശിശുമരണ നിരക്കും മാതൃമരണ നിരക്കും വളരെ ഉയര്‍ന്നതാണെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും പ്ലാനിങ്ങ് ബോര്‍ഡും നേരത്തെ തന്നെകണ്ടെത്തിയിരുന്നു. പോഷകാഹാരക്കുറവും ഗര്‍ഭസ്ഥ ശിശുവിന് ശരിയായ പരിചരണം ലഭിക്കാത്തതും ഗര്‍ഭകാലത്ത മതിയായ ചികിത്സ ലഭ്യമല്ലാത്തതുമാണ് ഇതിന് കാരണമായി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ തന്നെ കണ്ടത്തിയത്.
കേരളം സോമാലിയയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ അതിനെ എതിര്‍ത്തു. കേരള ജനസംഖ്യയില്‍ 1.3 ശതമാനം വരുന്ന ആദിവാസികളുടെയും 13 ശതമാനം വരുന്ന ദളിതരുടെയും സാമ്പത്തിക സാമൂഹിക ആരോഗ്യ അവസ്ഥ മറച്ചുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്ഥാവനയെ എല്‍ഡിഎഫും യുഡിഎഫും വിമര്‍ശിച്ചത്. കേരളത്തിലെ ആദിവാസികളില്‍ 34 ആദിവാസി വിഭാഗങ്ങളില്‍ ഭൂരിഭാഗവും നിര്‍ബന്ധിത വന്ധ്യംകരണം കാരണം കുറ്റിയറ്റുപോയതും കേരളം കണ്ടില്ലെന്ന് നടിച്ചു. ആദിവാസികളുടെ ഭൂമിയും ജീവിതവും അന്യാധീനപ്പെട്ടു എന്ന സത്യം മുത്തങ്ങസമരം പുറത്തുകൊണ്ടുവന്നെങ്കിലും അതും നമ്മള്‍ മറന്നു. 13 ശതമാനം വരുന്ന ദളിതുകളില്‍ ഭൂരിഭാഗവും കോളനികളിലാണെന്നും ബഹുഭൂരിപക്ഷം ഭവനരഹിതരാണെന്നും ആരും ഓര്‍ത്തില്ല. ദളിതരുടെ മൃതശീരം വീട്ടിനുള്ളില്‍ സംസ്‌കരിച്ച വാര്‍ത്തകളും കേരളം മറന്നു. കേരള സമൂഹത്തിന്റെ 14 ശതമാനത്തില്‍ ഏറെ വരുന്ന ദളിത് ആദിവാസി വിഭാഗങ്ങളുടെ ജീവിതാവസ്ഥ മറന്നുകൊണ്ട് അവരുടെ ഭൂമിയും ജീവിതവും തട്ടിയെടുത്തവരുടെ ജീവിത സൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുമുന്നണികളും പ്രധാനമന്ത്രിയുടെ സോമാലിയ പരാമര്‍ശത്തെ നേരിട്ടത്. ഇവരുടെ ബോധപൂര്‍വ്വമായ മറവിയെ ഉണര്‍ത്താനാകുമോ കല്യാണിയുടെ വീട്ടുവരാന്തയിലെ പ്രസവത്തിന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















