ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം നവീകരിക്കാനുള്ള പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏൽപിച്ചതിലെ ക്രമക്കേടു പുറത്ത്. 29 ലക്ഷം രൂപയുടെ പ്രവൃത്തി ഊരാളുങ്കലിനെ ഏൽപിച്ചതു മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ഫോണിൽ നിർദേശിച്ചതുപ്രകാരം. ഇക്കാര്യം പരാമർശിക്കുന്ന, ടൂറിസം ഡയറക്ടറുടെ 2017 നവംബറിലെ നടപടിക്രമത്തിന്റെ രേഖ വിവരാവകാശ നിയമപ്രകാരമാണു പുറത്തുവന്നത്.നീന്തൽക്കുളം നവീകരണം, മേൽക്കൂര സ്ഥാപിക്കൽ എന്നീ പ്രവൃത്തികളാണ് ഒരാഴ്ചത്തെ ഇടവേളയിൽ ഏൽപിച്ചുകൊടുത്തത്.
പ്രവൃത്തികൾ ഒരു മാസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു അഡീഷനൽ പിഎസ് ഫോണിൽ നിർദേശിച്ചത്. ഇതനുസരിച്ച് പ്രവൃത്തികൾ ഊരാളുങ്കലിനെ ഏൽപിക്കുകയായിരുന്നു എന്നാണ് ഡയറക്ടറുടെ നടപടിക്രമത്തിൽ പറയുന്നത്. ആഘട്ടത്തിൽ 5 അഡീഷനൽ പിഎസുമാരാണുണ്ടായിരുന്നത്. ഇവരിൽ ആരുടെ ഫോൺ കോൾ എന്നു ടൂറിസം വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. നീന്തല്‍ക്കുളത്തിന്‍റെ നാലാം ഘട്ട വാര്‍ഷിക പരിപാലനം എന്ന പേരിലാണ് 3,84,356 രൂപ അനുവദിച്ചത്. ഓരോ വര്‍ഷവും ക്ലിഫ് ഹൗസിലെ നീന്തല്‍കുളത്തിന്‍റെ പരിപാലനം എന്ന പേരില്‍ ലക്ഷങ്ങളാണ് ചെലവഴിച്ചിരിക്കുന്നത് .
2018 മുതൽ 2021 വരെ ഈ നീന്തൽക്കുളം പരിപാലിക്കാനായി ടൂറിസം വകുപ്പ്12.48 ലക്ഷം രൂപ ഇതിനു പുറമേ ചെലവിട്ടു. 41.48 ലക്ഷം രൂപയാണു ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രിയും കുടുംബവും നീന്തൽക്കുളം ഉപയോഗിച്ചതിനു ടൂറിസം വകുപ്പിനുണ്ടായ ആകെ ചെലവ്.2017 സെപ്റ്റംബറിൽ ഷാർജ സുൽത്താന് വിരുന്നൊരുക്കാൻ ക്ലിഫ് ഹൗസിന്റെ പുറംചുമർ പെയ്ന്റ് ചെയ്യാൻ ചെലവിട്ടത് 1.35 ലക്ഷം രൂപ. അടിയന്തര സാഹചര്യമെന്ന പേരിൽ ടെൻഡറില്ലാതെ ഈ പ്രവൃത്തിയും ഏൽപിച്ചത് ഊരാളുങ്കലിനെയായിരുന്നു. കോഴിക്കോട്ടെ പരിപാടിക്കെത്തിയ ഷാർജ സുൽത്താനെ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണു ക്ലിഫ് ഹൗസിലേക്കു ക്ഷണിച്ചതെന്ന്,
അന്നു സുൽത്താനൊപ്പമുണ്ടായിരുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പിന്നീട് ആരോപിച്ചിരുന്നു.കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 1992 ലാണ് ക്ലിഫ് ഹൗസ് വളപ്പില്‍ നീന്തല്‍ക്കുളം നിര്‍മിച്ചത്. 1992 ജൂലൈയില്‍ തിരുവനന്തപുരത്ത് പള്ളിപ്പുറത്തുവച്ച് കാര്‍ അപകടത്തില്‍ മുഖ്യമന്ത്രിയായിരുന്ന കരുണാകരന് ഗുരുതര പരിക്കേറ്റിരുന്നു.തുടര്‍ന്ന് ഏറെക്കാലം ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്‍റെ തുടര്‍ചികിത്സയുടെ ഭാഗമായി ഡോക്‌ടര്‍മാര്‍ നീന്തല്‍ ഉപദേശിച്ചതിനെത്തുടര്‍ന്നാണ് അന്ന് ഔദ്യോഗിക വസതിയില്‍ത്തന്നെ നീന്തല്‍ക്കുളം നിര്‍മിച്ചത്.
https://www.facebook.com/Malayalivartha

























