കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു. 2011 ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായ പി കെ അബ്ദുറബ്ബിനെയും സമാനമായ രീതിയിൽ സിപിഎമ്മുകാരായ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ കബളിപ്പിച്ചിരുന്നു. അന്ന് വിദ്യാഭ്യാസ പാക്കേജ് എന്ന നിഗൂഢ അജണ്ടയാണ് സിപിഎമ്മുകാരായ ഉദ്യോഗസ്ഥർ അബ്ദുറബ്ബിനെ കൊണ്ട് നടപ്പിലാക്കിച്ചത്. വി എസ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായ എം എ ബേബി നടപ്പിലാക്കാതെ ബാക്കിവച്ച വിദ്യാഭ്യാസ പാക്കേജ് നടപ്പിലാക്കുക വഴി അന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭ എൻ എസ് എസിനെയും എസ് എൻഡി പി യെയും പിണക്കി. ലീഗിനെ ജി. സുകുമാരൻ നായർ തെറി പറയാൻ തുടങ്ങിയത് ഇതോടെയാണ്. വിദ്യാഭ്യാസ പാക്കേജ് എഴുതിയുണ്ടാക്കിയത് അന്ന് സെക്രട്ടേറിയറ്റിലെ സി പി എം സംഘടനാ നേതാവായിരുന്നു.
വിരമിച്ച ശേഷം സംഘടനാ നേതാവ് ഒരു സി പി എം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി. കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണം ഉയർന്ന അന്നത്തെ ജില്ലാ കളക്ടർ അരുൺ കെ വിജയനാണ് സർക്കാരിനെ കുഴപ്പിച്ച ഉത്തരവ് ഇറക്കിയത്. മുൻ ജില്ലാകളക്ടർക്ക് പിണറായിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി സി പി എമ്മുകാർ പറയുന്നു. അബ്ദു റബിന് സമാനമായ രീതിയിലാണ് മന്ത്രി എൻ ഷംസുദീൻ വിവാദ സർക്കുലർ പിൻവലിച്ചത്. സർക്കുലർ പുറത്തുവന്നതിന് പിന്നാലെ ഇടത് അദ്ധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്നാണ് സർക്കുലർ പിൻവലിച്ചത്. സംസ്ഥാനത്തെ കെ ടെറ്റ് യോഗ്യതയില്ലാത്ത എല്ലാ അധ്യാപകരെയും പ്രതിസന്ധിയിലാക്കുന്ന തരത്തിൽ ഉത്തരവ് സുപ്രീംകോടതിവിധി പോലും മറികടന്ന് എഴുതി ഉണ്ടാക്കിയ ശേഷം അതിനെ വിവാദമാക്കി അധ്യാപകരെ പൂർണമായും സർക്കാരിനെതിരാക്കി മാറ്റുന്ന തന്ത്രമാണ് സിപിഎമ്മുകാരായ ഉദ്യോഗസ്ഥർ നടപ്പിലാക്കിയത്.
കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ പ്രമോഷനും പുതിയ നിയമനാംഗീകാരവും തടയുന്നത് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ അടങ്ങിയ സർക്കുലറായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നത്. കോടതിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഉത്തരവെന്നാണ് സർക്കാർ വ്യക്തമാക്കിയത്. എയ്ഡഡ് സ്കൂളുകളിൽ 2025 സെപ്തംബർ ഒന്നിനോ അതിന്ശേഷമോ കെ ടെറ്റ് യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട അദ്ധ്യാപകരെ പുറത്താക്കാനും യോഗ്യതയില്ലാതെ പ്രൊമോഷൻ ലഭിച്ചവരെ യാതൊരു കാലതാമസവുമില്ലാതെ മാതൃതസ്തികയിലേക്ക് റിവേർട്ട് ചെയ്യാനും സർക്കുലറിൽ നിർദ്ദേശമുണ്ടായിരുന്നു. 2025 ഒക്ടോബർ മുതൽ കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകർക്ക് പുതിയ നിയമനാംഗീകാരമോ സ്ഥാനക്കയറ്റമോ നൽകരുതെന്നും വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ പുതിയ തീരുമാനം ഉടൻ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നിശ്ചിത കാലയളവിനകം കെ-ടെറ്റ് നേടാമെന്ന ഉപാധിയോടെ പ്രഥമാധ്യാപകരായും മറ്റും സ്ഥാനക്കയറ്റം നൽകിയവരെ തിരിച്ചുവിളിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എൽ.പി. മുതൽ ഹൈസ്കൂൾവരെ സ്ഥാനക്കയറ്റം നേടിയ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ നൂറു കണക്കിന് അധ്യാപകരെയും ഉപജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥരെയും ഇതു ബാധിച്ചു.2025 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ എയ്ഡഡ് സ്കൂളിൽ നിയമിച്ചിട്ടുണ്ടെങ്കിൽ അവരെ മാനേജർമാർ പുറത്താക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശമുണ്ടായിരുന്നു.കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ നിയമിക്കരുതെന്നും സ്ഥാനക്കയറ്റം നൽകരുതെന്നുമാണ് 2025 സെപ്റ്റംബറിലെ സുപ്രീംകോടതി വിധി. സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. നിലവിൽ സർവീസിലുള്ളവർക്ക് യോഗ്യത നേടാൻ 2028 വരെ കോടതി കാലാവധി അനുവദിച്ചിട്ടുണ്ട്.
ഇതാണ് സ്ഥിതിയെന്നിരിക്കെ നിലവിൽ അധ്യാപകരെ പിരിച്ചുവിടാനാണ് സർക്കാർ ഉത്തരവായത്. അതായത് സുപ്രീം കോടതിയെപ്പോലും നോക്കുകുത്തിയാക്കി. നിശ്ചിതകാലയളവിൽ കെ-ടെറ്റ് നേടാമെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ എൽ.ഡി.എഫ്. സർക്കാർ അധ്യാപകർക്ക് അംഗീകാരവും സ്ഥാനക്കയറ്റവും നൽകാൻ ഉത്തരവിറക്കിയിരുന്നു. അത്തരം ഇളവുകളെല്ലാം റദ്ദാക്കിയാണ് വെള്ളിയാഴ്ച പുതിയ ഉത്തരവിറക്കിയത്. കെ-ടെറ്റ് നേടാതെ ഹയർസെക്കൻഡറിയിലേക്ക് സ്ഥാനക്കയറ്റംനേടിപ്പോയ ഏതാനും അധ്യാപകരെയും ഉത്തരവ് ബാധിക്കും.സുപ്രീംകോടതി വിധിയെത്തുടർന്ന്, കെ-ടെറ്റില്ലാതെ തൊഴിൽപ്രശ്നം നേരിട്ട അരലക്ഷത്തിലേറെ അധ്യാപകരുണ്ടായിരുന്നു. ഈ വർഷം പ്രത്യേക പരീക്ഷയിൽ ഒട്ടെറെപ്പേർ യോഗ്യത നേടി. ഇതിനിടെ, സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചെങ്കിലും ഒരു നടപടിയുമായിട്ടില്ല.
പ്രതീക്ഷയുടെ പുതുയുഗം എന്ന വിശേഷണത്തോടെ കേരളത്തിൻറെ മുഖ്യമന്ത്രിയായി മാറിയ വി ഡി സതീശനെ, മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ ജനക്കൂട്ടത്തിൽ അപ്രിയൻ ആക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ ക്യാമ്പുകളിൽ സജീവമാണ്. പിണറായിയെ നാണം കെടുത്തിയ അതേ ടീംസ് തന്നെയാണ് സതീശനും ക്വട്ടേഷൻ കൊടുക്കാൻ തയ്യാറായി രംഗത്തുള്ളത്. നല്ലതും ചീത്തയും മുഖ്യമന്ത്രിക്ക് പറഞ്ഞുകൊടുക്കുന്നതിന് പകരം മുഖ്യമന്ത്രിക്ക് സിന്ദാബാദ് വിളിച്ച് അദ്ദേഹത്തെ കുഴിയിലാക്കാനാണ് ശ്രമം. ഇതിൽ ഒടുവിലത്തെ സംഭവം പി ആർ ഡിയിൽ നടന്നു.മുഖ്യമന്ത്രി വി ഡി സതീശന്റെ വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചതാണ് വിവാദമായത് . മുഖ്യമന്ത്രിയുടെ കസേരയ്ക്ക് വലതുവശത്തായാണ് പ്രത്യേകം ക്യാമറ സജ്ജീകരിച്ചത്. മാദ്ധ്യമപ്രവർത്തകർ ഇത് ചോദ്യം ചെയ്യുകയും വാർത്തയാക്കുകയും ചെയ്തതോടെ പിആർഡി ജീവനക്കാരെത്തി ക്യാമറ മാറ്റുകയായിരുന്നു.
മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമുണ്ടാകുമെന്നറിയിച്ചിരുന്നു. ഇതിനായി മാദ്ധ്യമപ്രവർത്തകർ സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ളോക്കിലുള്ള മീഡിയാ റൂമിലെത്തി. അപ്പോഴാണ് പതിവില്ലാതെ ക്യാമറ സ്ഥാപിച്ചിരിക്കുന്നതായി കണ്ടത്. ക്യാമറ മാറ്റാൻ നിർദേശം ലഭിച്ചുവെന്ന് പറഞ്ഞാണ് പിആർഡി ജീവനക്കാർ പിന്നീടിത് മാറ്റിയത്. ഇതിനുശേഷമാണ് മുഖ്യമന്ത്രിയെത്തി വാർത്താസമ്മേളനം ആരംഭിച്ചത്. കൃത്യ സമയത്ത് മുഖ്യമന്ത്രിയുടെ മാധ്യമവിഭാഗം ഇടപെട്ടതു കൊണ്ടാണ് ഈ കുസ്യതി അവസാനിച്ചത്.സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഹെലികോപ്റ്ററിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കു പറന്നതാണു പ്രതിപക്ഷം ആയുധമാക്കിയത്.
ഭാര്യാപിതാവിനെ കാണാനാണു മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നാണ് ആരോപണം.ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററില്‍ സഞ്ചരിച്ച മുഖ്യമന്ത്രി വിഡി സതീശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയർന്നു . മുന്‍ മുഖ്യമന്ത്രി പിണറായി ഹെലികോപ്റ്റര്‍ ധൂര്‍ത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സതീശന് മുഖ്യമന്ത്രിയായപ്പോള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നാണ് പ്രധാന ആരോപണം. ഇത് മുഖ്യമന്ത്രിക്ക് ഒഴിവാക്കാൻ കഴിയുന്ന വിവാദമായിരുന്നു. എന്നാൽ കെ. മുരളീധരനെ പോലുള്ള പരിണിതപ്രജ്ഞരായ മന്ത്രിമാർ ഹെലികോപ്റ്റർ വിവാദം കൊഴുപ്പിച്ചതോടെ സതീശൻ പ്രതിസന്ധിയിലായി.
സെക്രട്ടറിയേറ്റിലെ പല വകുപ്പുകളിലും ഇപ്പോഴും പ്രവർത്തിക്കുന്നത് സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥരാണ്. അവരെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ല. രമേശ് ചെന്നിത്തലയെ പോലുള്ള ചില മന്ത്രിമാരുടെ വകുപ്പുകളിൽ മാത്രമാണ് സിപിഎമ്മിന്റെ അപ്രമാദിത്വം നടക്കാത്തത് . ജൂനിയർ മന്ത്രിമാരുടെ വകുപ്പുകളിൽ ഇപ്പോഴും ഭരണം സി പി എമ്മുകാരായ ഉദ്യോഗസ്ഥർ തന്നെയാണ്. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് നടപ്പിലാക്കിയ നയങ്ങൾ ആവർത്തിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. മുഖ്യമന്ത്രിയുടെ വകുപ്പിലും ഇതു തന്നെയാണ് അവസ്ഥ. അതിനാൽ മുഖ്യമന്ത്രിക്ക് ഓരോ ഘട്ടത്തിലും ഇടപെടേണ്ട സാഹചര്യം വന്നുചേരുന്നു. കെ ടെറ്റ് പാസാകാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള നടപടി വലിയ പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്തുമെന്ന് സർക്കാരിന് നന്നായി അറിയാമായിരുന്നു. എന്നാൽ താരതമ്യേന ജൂനിയറായ മന്ത്രി ഷംസുദ്ദീന് വരുംവരായ്കകൾ പറഞ്ഞുകൊടുക്കാനുള്ള കോമൺസെൻസ് അദ്ദേഹത്തിൻറെ സ്റ്റാഫിൽ പെട്ട ജീവനക്കാർക്ക് പോലും ഉണ്ടായിരുന്നില്ല.
അദ്ദേഹത്തിൻറെ പ്രൈവറ്റ് സെക്രട്ടറി പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയാണ്.എന്നിട്ടു പോലും കുരുക്ക് പറഞ്ഞു കൊടുക്കാനുള്ള വിവേകം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അതാണ് മികച്ച മന്ത്രിയായ ഷംസുദീനെ മോശക്കാരനാക്കിയത്. സുപ്രീം കോടതി കെ റ്റെറ്റ് പാസാകാത്ത അധ്യാപകർക്ക് 2028 വരെ സമയം നൽകിയപ്പോൾ 26 ൽ തന്നെ അവരെ പിരിച്ചുവിടുമെന്ന് പറയുന്നതിലെ അപകടം മന്ത്രി മനസ്സിലാക്കിയില്ല. മനസ്സിരുത്തി പുറപ്പെടുവിച്ച ഉത്തരവല്ല ഇതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഒരു പരിധിവരെ കാരണക്കാരനായ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ആണ് ഇപ്പോഴത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടർ. കണ്ണൂരിൽ ഒരു ജില്ലാ കളക്ടറെ സിപിഎം സർക്കാർ നിയമിക്കണമെങ്കിൽ അത് സിപിഎമ്മുകാരൻ ആയിരിക്കണം എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. കണ്ണൂരിലെ ഉദ്യോഗസ്ഥ നിയമങ്ങൾ എല്ലാം ഇത്തരത്തിലാണ് പിണറായി സർക്കാരിന്റെ കാലത്ത് നടത്തിയിരുന്നത്.
അതുകൊണ്ടുതന്നെ അരുൺ കെ വിജയന്റെ നിയമനത്തിനും സംശയങ്ങളുണ്ട്. അരുൺ വിജയനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആക്കിയപ്പോൾ മന്ത്രി ശ്രദ്ധിക്കേണ്ടതായിരുന്നു. അദ്ദേഹത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആക്കിയ നടപടി തന്നോട് ആലോചിക്കാതെയാണെന്ന് മുമ്പ് വിദ്യാഭ്യാസ മന്ത്രി തുറന്നു പറഞ്ഞിരുന്നു.കണ്ണൂർ ചെങ്ങളായിയിൽ പെട്രോൾ പമ്പിനുള്ള എൻഒസി അനുവദിക്കുന്നതിൽ നവീൻ ബാബു ബോധപൂർവ്വം ഫയൽ വൈകിപ്പിച്ചെന്ന ആരോപണത്തിൽ ഒരു തെളിവും മൊഴികളും ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നവീൻ ബാബു കോഴ വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് വിവരം. റോഡിൽ വളവ് ഉണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിഎം ടൗൺ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോർട്ട് തേടുക ആയിരുന്നു. ഭാവിയിൽ വീതി കൂട്ടും എന്ന അടിസ്ഥാനത്തിൽ പ്ലാനിങ് വിഭാഗം അനുകൂലിച്ചു.
എഡിഎം നിയമ പരിധിക്കുള്ളിൽ നിന്നാണ് ഇടപെട്ടത് എന്നാണ് മൊഴികൾ. കൈക്കൂലി ആരോപണം ഉന്നയിച്ച പി പി ദിവ്യ സംഭവത്തില്‍ ഇതുവരെ മൊഴി കൊടുത്തിട്ടുമില്ല. കണ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് മുമ്പ് പി പി ദിവ്യ വിളിച്ചതിൽ അസ്വാഭാവിക തോന്നിയില്ലെന്നും മറ്റ് ലക്ഷ്യങ്ങൾ അവർക്കുണ്ടെന്ന് കരുതിയില്ലെന്നും കണ്ണൂർ ജില്ലാ കളക്ടറായിരുന്ന അരുൺ മൊഴി നൽകിയിരുന്നു. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവർത്തിച്ച കളക്ടർ അരുൺ കെ വിജയൻ, യോഗത്തിന് മുമ്പ് അവർ ഫോണിൽ വിളിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു. പൊലീസിന് നൽകിയ മൊഴിയിലാണ് ആ ഫോൺ കോളിൽ അസാധാരണത്വം തോന്നിയില്ലെന്ന് കളക്ടർ പറഞ്ഞത്. യാത്രയയപ്പ് യോഗത്തിനെ കുറിച്ച് ദിവ്യ ചോദിച്ചപ്പോഴും അവർക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് കരുതിയില്ലെന്നും കളക്ടർ മൊഴി നൽകി.
ആരോപണത്തെക്കുറിച്ച് അറിഞ്ഞതും യോഗത്തിൽ മാത്രമെന്ന് മൊഴിയുണ്ട്. ക്ഷണിക്കാതെ എഡിഎമ്മിനെ അധിക്ഷേപിക്കാൻ ആസൂത്രണം ചെയ്താണ് പി പി ദിവ്യ എത്തിയതെന്ന് തെളിയിക്കുന്നതാണ് കളക്ടറുടെ മൊഴിയും. ജില്ലാ കളക്ടർ അരുൺ കെ വിജയൻ എതിരെ കുടുംബവും ആക്ഷേപം ഉന്നയിച്ചിരുന്നു. പിണറായി വിജയൻറെ കാലത്ത് ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലകാണ് അരുൺ കെ വിജയനെ വി ഡി സതീശൻ സർക്കാരിന്റെ പൊതു വിദ്യാഭ്യാസ ഡയറക്ടറാക്കിയത്. മുൻ ചീഫ് സെക്രട്ടറി ജയതിലകും പിണറായിയുടെ വിശ്വസ്തനാണ്.വിദ്യാർഥി രാഷ്ട്രീയത്തിലുടെ കടന്നുവന്ന് മുസ്ലിം ലീഗിൻ്റെ മുൻനിര നേതാക്കളിൽ ഒരാളായി മാറിയ എൻ ഷംസുദ്ദീൻ ആദ്യമായാണ് മന്ത്രിസഭയിലെത്തിയത്. . എംഎസ്എഫ്, യൂത്ത് ലീഗ് നേതൃതലങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം മണ്ണാർക്കാട് നിന്നുള്ള എംഎൽഎയാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാണ് എൻ ഷംസുദ്ദീൻ.
മലപ്പുറം ജില്ലയിലെ തിരൂർ പറവണ്ണയിൽ 1969 മെയ് 31നാണ് അദ്ദേഹത്തിൻ്റെ ജനനം. മുഹമ്മദ്കുട്ടിയും മറിയക്കുട്ടിയുമാണ് മാതാപിതാക്കൾ. പറവണ്ണ ഗവൺമെൻ്റ് ഹൈസ്കൂളിലെ പഠനകാലത്ത് തന്നെ അദ്ദേഹം വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. സ്കൂൾ ലീഡറായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡൻ്റായി. എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയായും അദ്ദേഹം പങ്കുവഹിച്ചു. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻ്റ് കോളജിൽ നിന്ന് അദ്ദേഹം ബികോം ബിരുദം കരസ്ഥമാക്കി. തിരൂരങ്ങാടി പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളജിൽ നിന്ന് എംകോം ബിരുദവും നേടി. തുടർന്ന് കോഴിക്കോട് ഗവൺമെൻ്റ് ലോ കോളജിൽ നിന്ന് അദ്ദേഹം നിയമപഠനവും പൂർത്തിയാക്കി. നിയമത്തിൽ ബിരുദം നേടിയ ഈ അഭിഭാഷകൻ മികച്ച സംഘാടകനായും ലീഗിൽ പേരെടുത്തു. പഠനകാലത്ത് നാലു തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി അദ്ദേഹം പ്രവർത്തിച്ചു.
1991ൽ സർവകലാശാല സെനറ്റിലെ വിദ്യാർഥി പ്രതിനിധിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റവന്യൂ, പൊതുമരാമത്ത്, സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്കുള്ള സബ്ജക്ട് കമ്മറ്റികൾ, ലോക്കൽ ഫണ്ട് അക്കൗണ്ട് കമ്മറ്റി, എസ്. സി, എസ്.ടി കമ്മറ്റി, നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റി എന്നീ കമ്മിറ്റികളിലും അംഗമായി ഷംസുദ്ദീൻ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ നടന്ന നാഷണൽ ലെഗിസലേറ്റീവ് കോൺഫറൻസിലും, മുംബൈയിൽ നടന്ന എസ്റ്റിമേറ്റ് കമ്മറ്റികളുടെ ദേശീയ കോൺഫറൻസിലും കേരള നിയമസഭയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. നിയമസഭയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള കെ.കെ നായർ സ്മാരക ശ്രേഷ്ഠ നിയമസഭാ സാമാജിക പുരസ്കാരം ലഭിച്ചിട്ടുണ്ട്. എംഎസ്എഫിൽ നിന്നു പിന്നീട് അദ്ദേഹം പ്രവർത്തനമണ്ഡലം മുസ്ലിം യൂത്ത് ലീഗിലേക്ക് മാറ്റി. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് അദ്ദേഹം സംഘടനാ രംഗത്ത് ഉയർന്ന തലത്തിലെത്തി.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായും മികച്ച പ്രവർത്തനങ്ങൾ കാഴ്വച്ചു. താഴേത്തട്ടിൽ പ്രവർത്തിക്കുമ്പോഴും എല്ലാവർക്കും സ്വീകാര്യനായ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമായി അദ്ദേഹത്തിന് ഉയരാൻ സാധിച്ചു. ജനകീയ വിഷയങ്ങളിൽ അദ്ദേഹം നിയമസഭയ്ക്കകത്തും പുറത്തും സജീവമായി ഇടപെട്ടുവരികയാണ്. സംസ്ഥാന വഖഫ് ബോർഡിൽ നിയമസഭയിൽ നിന്നുള്ള പ്രതിനിധി കൂടിയാണ് എൻ ഷംസുദ്ദീൻ. സഭയിലെ മികച്ച പ്രകടനമാണ് അദ്ദേഹത്തിന് മന്ത്രിസഭയിലേക്കുള്ള വഴി കൂടുതൽ എളുപ്പമാക്കിയത്.2005ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചാണ് ഷംസുദ്ദീൻ്റെ ജനപ്രതിനിധിയായുള്ള തുടക്കം. അക്കൊല്ലം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2011ൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മണ്ഡലത്തിൽ മത്സരിച്ചാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്.
പിന്നീട് 2016ലും 2021ലും 2026ലും നടന്ന തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മണ്ണാർക്കാട് നിന്നു തന്നെ അദ്ദേഹം ജനവിധി തേടി മികച്ച വിജയം സ്വന്തമാക്കി. 1980 മുതൽ സിപിഐയും മുസ്ലിം ലീഗും മാറിമാറി ഭരിച്ച മണ്ഡലമായിരുന്നു മണ്ണാർക്കാട്. ഷംസുദ്ദീൻ്റെ വരവോടെ മണ്ണാർക്കാട് യുഡിഎഫിൻ്റെ ഉറച്ചകോട്ടയായി മാറി. കഴിഞ്ഞ 15 വർഷമായി മണ്ഡലത്തിൽ ഏറനാട്ടുകാരനായ ഇദ്ദേഹത്തിൻ്റെ ആധിപത്യമാണ്. മണ്ണാർക്കാട് കൈപ്പിടിയിലാക്കാൻ ഷംസുദ്ദീൻ നടത്തിയ വികസന പ്രവർത്തനങ്ങൾ ലീഗിന് വലിയ മുതൽകൂട്ടായി. നിയമസഭയിലെ മുസ്ലിം ലീഗിൻ്റെ ശക്തമായ ശബ്ദങ്ങളിൽ ഒന്നായി അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടുതന്നെ മാറി. നിയമപരമായ കാര്യങ്ങളിലെ അദ്ദേഹത്തിൻ്റെ അറിവും മികച്ച പ്രഭാഷണ ശേഷിയും സഭയിൽ എക്കാലവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രതിപക്ഷ നിരയിലായിരുന്നപ്പോഴും ജനകീയ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ വളർന്നു വന്നതുകൊണ്ടു തന്നെ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്കും പുരോഗതിക്കും അദ്ദേഹം എപ്പോഴും മുൻഗണന നൽകിപ്പോന്നു. മലപ്പുറം ജില്ലക്കാരനായ ഒരു നേതാവ് പാലക്കാട് ജില്ലയിലെ ഒരു മണ്ഡലത്തിൽ തുടർച്ചയായി നാലു തവണ ജനവിധി തേടി വിജയിക്കുക എന്നത് അദ്ദേഹത്തിൻ്റെ വലിയ ജനസമ്മതിയുടെ ഉത്തമ ഉദാഹരണമാണ്. വികസന കാര്യങ്ങളിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കാനും ഷംസുദ്ദീന് കഴിഞ്ഞതായി രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. നിയമസഭാ അനുഭവസമ്പത്തും മികച്ച സംഘാടന മികവുമാണ് അദ്ദേഹത്തിന് പുതിയ സ്ഥാനലബ്ധി നേടിക്കൊടുത്തത്. ഭരണരംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഇങ്ങനെയുള്ള ഒരാളെയാണ് ഒരു തട്ടിപ്പ് ഉത്തരവ് മുന്നിൽ നിർത്തി പൊതുജനങ്ങൾക്കിടയിൽ മോശക്കാരനാകാൻ സിപിഎമ്മുകാരായ ഉദ്യോഗസ്ഥർ ശ്രമിച്ചത്.
https://www.facebook.com/Malayalivartha

























