അച്ഛാ ഞാൻ തോറ്റു,കോടതിയിൽ പൊട്ടിക്കരഞ്ഞ് ഭദ്ര.. പ്രോസിക്യൂഷന്റെ ചതി..?!ഏത് ജഡ്ജിയായാലും പോരാട്ടം..! കോടതിയിൽ വമ്പൻ ട്വിസ്റ്റ്

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും നിർണായക വഴിത്തിരിവ്, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും തമ്മിൽ കോടതിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം, കോടതിയിൽ അസാധാരണ നീക്കം; വാദം ഇനി അടച്ചിട്ട മുറിയിൽ!
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ഓരോ ദിവസവും പുറത്തുവരുന്നത് പുതിയ വിവാദങ്ങൾ. മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയുടെ പരാതിയും, പ്രോസിക്യൂഷനും കുടുംബവും തമ്മിലുള്ള ഏറ്റുമുട്ടലും ഒടുവിൽ കോടതിയിലെ നടപടികൾ അടച്ചിട്ട മുറിയിലേക്ക് മാറ്റുന്ന സാഹചര്യത്തിലെത്തിയിരിക്കുകയാണ്.
എന്താണ് ഈ കേസിൽ സംഭവിക്കുന്നത്? എന്താണ് മകൾ ഭദ്രകീർത്തി ഉന്നയിക്കുന്ന ആരോപണങ്ങൾ?
ഒക്ടോബർ 25ന് പുലർച്ചെയാണ് ചേരാനല്ലൂരിൽ തട്ടുകട ഉടമയായ 55കാരൻ ജയബാലകൃഷ്ണൻ വാഹനമിടിച്ച് മരിച്ചത്. അഡീഷനൽ ജില്ലാ ജഡ്ജിയുടെ 17 വയസ്സുകാരനായ മകനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നതെന്നാണ് കേസ്. ജുവനൈൽ ജസ്റ്റിസ് ബോർഡ് കുട്ടിക്ക് ജാമ്യം അനുവദിച്ചതോടെ കേസ് കൂടുതൽ വിവാദമായി. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസും പിന്നീട് ജയബാലകൃഷ്ണന്റെ കുടുംബവും കോടതിയെ സമീപിച്ചു.
ഇതിനിടെയാണ് മകൾ ഭദ്രകീർത്തി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. അപകടമുണ്ടാക്കിയ കാറിന്റെ ഉടമയും പ്രായപൂർത്തിയാകാത്ത പ്രതിയുടെ പിതാവുമായ അഡീഷനൽ ജില്ലാ ജഡ്ജി അപകടസ്ഥലത്തെത്തി തെളിവുകൾ നശിപ്പിക്കാനും അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചെന്നാണ് ഭദ്രകീർത്തിയുടെ പരാതി.
അപകടം നടന്നത് പുലർച്ചെ 2.14ന്. വിവരം അറിഞ്ഞ് ഏകദേശം 20 മിനിറ്റിനുശേഷം ജഡ്ജി സ്ഥലത്തെത്തിയെന്നും പിന്നീട് മൂന്ന് മണിക്കൂറോളം അവിടെ ചെലവഴിച്ചെന്നും ഭദ്രകീർത്തി പരാതിയിൽ പറയുന്നു.
കാറിന്റെ പിന്നിലുണ്ടായിരുന്ന ഔദ്യോഗിക ജഡ്ജി ബോർഡ് അഴിച്ചുമാറ്റിയതായും പിന്നീട് ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണത്തിൽ ഇടപെട്ടതായും പരാതിയിൽ ആരോപിക്കുന്നു. അപകടത്തിനുശേഷം വാഹനം കഴുകിയിട്ടുണ്ടോയെന്നും പൊലീസിന് തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നും ഭദ്രകീർത്തി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനു പിന്നാലെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ 238-ാം വകുപ്പും ജഡ്ജിക്കെതിരായ കേസിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ പരാതിയിലെ ആരോപണങ്ങൾ തെളിയിക്കേണ്ടിയിരിക്കുന്നു. ഇതിനിടയിലാണ് മറ്റൊരു നിർണായക സംഭവവികാസം കോടതിയിലുണ്ടാകുന്നത്.
പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷനും ജയബാലകൃഷ്ണന്റെ കുടുംബവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമായി. കേസ് സ്വതന്ത്രമായി അന്വേഷിക്കാൻ പുറത്തുനിന്നുള്ള ഇടപെടലുകൾ തടസ്സമാകുന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. പ്രോസിക്യൂഷനെയും കോടതിയെയും അപമാനിക്കുന്ന പരാമർശങ്ങൾ ഉണ്ടാകുന്നുവെന്നും പരാതിയുയർന്നു.
എന്നാൽ അന്വേഷണത്തിൽ തങ്ങൾ ഇടപെടുകയോ തടസ്സം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്നാണ് കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കിയത്. പ്രോസിക്യൂഷനിൽനിന്ന് ആവശ്യമായ രേഖകൾ ലഭിക്കാൻ പോലും ബുദ്ധിമുട്ടുണ്ടെന്നും കുടുംബം കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് മകൾ ഭദ്രകീർത്തിയും നേരത്തെ ആരോപിച്ചിരുന്നു. പ്രതിയുടെ ജാമ്യം എന്തിനാണ് റദ്ദാക്കേണ്ടതെന്ന കോടതിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ പ്രോസിക്യൂട്ടർക്ക് കഴിഞ്ഞില്ലെന്നായിരുന്നു അവരുടെ ആരോപണം.
ഇതോടെയാണ് കേസിലെ തുടർവാദം അടച്ചിട്ട മുറിയിൽ നടത്താമെന്ന് കോടതി നിർദേശിച്ചത്. പതിനേഴുകാരൻ ഉൾപ്പെട്ട കേസായതിനാലും നിലവിലെ സാഹചര്യങ്ങളും പരിഗണിച്ചായിരുന്നു ഈ തീരുമാനം. എന്നാൽ തുറന്ന കോടതിയിൽ തന്നെ വാദം കേൾക്കണമെന്നായിരുന്നു ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യം.
ഒരു വശത്ത് മകളുടെ പരാതിയും മറുവശത്ത് അന്വേഷണവുമായി ബന്ധപ്പെട്ട തർക്കങ്ങളും. ഇതിനിടയിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിലും അന്തിമ തീരുമാനമുണ്ടാകാനുണ്ട്.
ജയബാലകൃഷ്ണന് നീതി ലഭിക്കുമോ? ഭദ്രകീർത്തി ഉന്നയിച്ച ആരോപണങ്ങളിൽ എന്ത് നടപടിയുണ്ടാകും? കേസിന്റെ തുടർനടപടികളിലേക്ക് കേരളത്തിന്റെ ശ്രദ്ധയും നീളുകയാണ്.
https://www.facebook.com/Malayalivartha

























