കേരളപ്പിറവിയുടെ 70-ാം വാർഷികം കേരളം ആഘോഷത്തിരക്കിലായിരിക്കെ, കരുതലിന്റെ അമ്മത്തൊട്ടിലുകളിൽ രണ്ട് പിഞ്ചു പൈതങ്ങൾക്ക് പുതുജന്മം പിറന്നു

നവംബർ 01, രാത്രി 8.46ന് തിരുവനന്തപുരം അമ്മത്തൊട്ടിലിന്റെ അലാറം ഉറക്കെ മുഴങ്ങി. ശബ്ദം കേട്ട് ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപിയും ജീവനക്കാരും ഓടിയെത്തുമ്പോൾ, അമ്മത്തൊട്ടിലിൽ കരുതലിനായി കാത്ത് മൂന്ന് ദിവസം മാത്രം പ്രായമുള്ള ഒരു പൊന്നോമന. 2.10 കിലോ തൂക്കം. അമ്മമാർ കുഞ്ഞിനെ വാരിയെടുത്ത് ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റി. തുടർ പരിചരണവും ആശുപത്രിലെത്തിച്ച് പ്രാഥമീക പരിശോധനകളും നടത്തി. പൂർണ്ണ ആരോഗ്യവാൻ.
ഒരു മണിക്കൂർ കഴിഞ്ഞ്, രാത്രി 9.44 ;400 കിലോമീറ്റർ അകലെ കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്ന് കഴിഞ്ഞ ആഗസ്റ്റിൽ അത്യാധുനിക സാങ്കേതികവിദ്യയോടെ സ്ഥാപിച്ച അമ്മത്തൊട്ടിലിലും അലാറം മുഴങ്ങി. ഡ്യൂട്ടി ഡോക്ടറും ജീവനക്കാരും ഓടിയെത്തി. അവിടെയും കരുതലിന്റെ പുതിയ അതിഥിയായി ഒരു ആൺകുരുന്ന്. 10 ദിവസം പ്രായം, 3.58 കിലോഗ്രാം തൂക്കം, പൂർണ്ണ ആരോഗ്യവാൻ. കുഞ്ഞിനെ തുടർപരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കേരളപ്പിറവിയുടെ 70-ാം വാർഷിക ദിനത്തിലെ ഈ അപൂർവ്വ സമ്മാനത്തിന് ശിശുക്ഷേമ സമിതി ഹൃദയസ്പർശിയായ പേരുകൾ നൽകി. തിരുവനന്തപുരത്ത് ലഭിച്ച കുരുന്നിന് കരുതലിന്റെ അടയാളമായി 'കേരവ്' എന്നും, കോഴിക്കോട്ടെ പുതിയ അതിഥിക്ക് പുനർജന്മത്തിന്റെ പിറവിയായി 'പിറവ്' എന്നും നാമകരണം ചെയ്തു.
കേരവ് + പിറവ് = കേരളപ്പിറവി.
ഈ രണ്ട് പേരുകളും ചേർന്ന് ഈ വൈകാരികമായ ദിനം ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പറഞ്ഞു.
2002-ൽ അമ്മത്തൊട്ടിൽ പദ്ധതി ആരംഭിച്ച ശേഷം ലഭിക്കുന്ന യഥാക്രമം 1006, 1007-ാമത്തെ കുരുന്നുകളാണ് കേരളപ്പിറവി ദിനത്തിലെ അതിഥികൾ. തിരുവനന്തപുരത്തെ 649-ാമത്തെ കുട്ടിയും കോഴിക്കോട്ടെ 14-ാമത്തെ കുരുന്നുമാണിത്. കോഴിക്കോട് ലഭിച്ച 14 പേരിൽ 8 പേരും പെൺകുട്ടികളാണ്.
ഇരുവരുടെയും ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ, അവകാശികളാരെങ്കിലുമുണ്ടെങ്കിൽ എത്രയും വേഗം സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
https://www.facebook.com/Malayalivartha

























