60 ഡിഗ്രി ചരിഞ്ഞ്, 20,000 അടി വേഗതയിൽ നടുറോഡിൽ കൂപ്പുകുത്തി വിമാനം...! അവസാനമായി പൈലറ്റ് പറഞ്ഞത്...?

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണ് ഒന്‍പത് പേര്‍ മരിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഞായറാഴ്ച ഉച്ചയോടെയാണ് ഒന്‍പത് പേരുമായി യാത്ര ചെയ്ത ലിയര്‍ജെറ്റ് 60 വിമാനം തകര്‍ന്നത്. വിമാനം നിലത്തിടിച്ച് വലിയ തീഗോളമായി മാറുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.
അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു. വിമാനത്തില്‍ മഞ്ഞുപാളികള്‍ രൂപപ്പെടുന്നതായും ശക്തമായ കാറ്റ് അനുഭവപ്പെടുന്നതായും പൈലറ്റ് ആദ്യം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പിന്നീട് സ്ഥിതി വഷളാവുകയും വിമാനം അതിവേഗം താഴേക്ക് പതിക്കുകയും ചെയ്തു. അപകടത്തിന് മുമ്പുള്ള പൈലറ്റിന്റെ അവസാന സന്ദേശങ്ങളുടെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.
'വിമാനത്തില്‍ നേരിയ തോതില്‍ മഞ്ഞുപാളികള്‍ രൂപപ്പെടുന്നുണ്ട്. ഇപ്പോള്‍ അത് നിയന്ത്രിക്കാനാകുന്നുണ്ട്. ചെറിയ തോതില്‍ കാറ്റും അനുഭവപ്പെടുന്നു' എന്നായിരുന്നു പൈലറ്റിന്റെ ആദ്യ സന്ദേശം. വിമാനത്തിന് പുറത്തുള്ള താപനില മൈനസ് 47 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ശക്തമായ കാറ്റില്‍ വിമാനം ആടിയുലയുന്നുണ്ടെന്നും പൈലറ്റ് അറിയിച്ചു.
പിന്നീട് വിമാനം കൂടുതല്‍ ഉയരത്തിലേക്ക് കൊണ്ടുപോകാന്‍ പൈലറ്റ് അനുമതി തേടി. എന്നാല്‍ അധികം വൈകാതെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കാന്‍ തുടങ്ങി. ഇതോടെ പൈലറ്റ് അടിയന്തര സഹായം തേടി. 'മേയ് ഡേ, മേയ് ഡേ... വിമാനം മിനിറ്റില്‍ 10,000 അടി വേഗത്തില്‍ താഴേക്ക് പതിക്കുകയാണ്' എന്നായിരുന്നു പൈലറ്റിന്റെ സന്ദേശം. പിന്നാലെ വിമാനം അമിതവേഗത്തിലാണെന്നും മിനിറ്റില്‍ 20,000 അടി വേഗത്തില്‍ താഴേക്ക് പോകുകയാണെന്നും പൈലറ്റ് അറിയിച്ചു.
വിമാനത്തിന്റെ ചിറകുകള്‍ 60 ഡിഗ്രിയോളം ചരിഞ്ഞതായും പൈലറ്റ് പറഞ്ഞു. അതായത് വിമാനം ഒരു വശത്തേക്ക് വലിയ തോതില്‍ ചരിഞ്ഞിരുന്നു. 'നമ്മുടെ സമയം കഴിഞ്ഞു' എന്ന് പൈലറ്റ് നിലവിളിക്കുന്നതും ശബ്ദരേഖയിലുണ്ട്. പൈലറ്റിനെ ആശ്വസിപ്പിക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ശ്രമിച്ചെങ്കിലും വിമാനം തകര്‍ന്നുവീഴുകയായിരുന്നു.ടെക്‌സസിലെ ഓസ്റ്റിനില്‍ നിന്ന് ബഹാമാസിലേക്ക് പോകുകയായിരുന്നു വിമാനം. ഞായറാഴ്ച ഉച്ചയ്ക്ക് 12.50ഓടെ പാം ബീച്ച് കൗണ്ടിയിലെ ഗ്രീന്‍ഏക്കേഴ്‌സിന് സമീപമാണ് അപകടമുണ്ടായത്. ഏകദേശം 20 ലക്ഷം ഡോളര്‍ വിലവരുന്ന ലിയര്‍ജെറ്റ് 60 വിമാനമാണ് തകര്‍ന്നത്.
വിമാനം കുത്തനെ താഴേക്ക് വന്ന് നിലത്തിടിക്കുന്നതും പിന്നാലെ വലിയ തീഗോളമായി മാറുന്നതും സമീപത്തുണ്ടായിരുന്ന വാഹനങ്ങളുടെ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. അപകടസ്ഥലത്ത് വലിയ കുഴി രൂപപ്പെട്ടു. വിമാനത്തിന്റെ ഭാഗങ്ങള്‍ റോഡിലും സമീപപ്രദേശങ്ങളിലും ചിതറിത്തെറിച്ചു. വൈദ്യുതി ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.വിമാനം തകര്‍ന്നുവീണപ്പോള്‍ ഉണ്ടായ ശബ്ദത്തില്‍ സമീപത്തെ വീടുകള്‍ വരെ കുലുങ്ങി. വലിയ സ്‌ഫോടനം ഉണ്ടായതുപോലെയാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഒരു വീട്ടിലെ ജനല്‍വിരികള്‍ പോലും കുലുങ്ങി. അപകടത്തിന് പിന്നാലെ വൈദ്യുതി ബന്ധവും നിലച്ചു. ഏഴ് മിനിറ്റിനുശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.അപകടത്തെത്തുടര്‍ന്ന് സമീപത്തെ താമസകേന്ദ്രത്തില്‍നിന്ന് 600ഓളം പേരെ ഒഴിപ്പിച്ചു. അപകടസ്ഥലത്തിന് തൊട്ടടുത്തായിരുന്നു ഇവരുടെ താമസകേന്ദ്രത്തിലേക്കുള്ള പ്രവേശനകവാടം. ഇവര്‍ക്കായി രണ്ട് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.അപകടത്തില്‍ സമീപത്തെ ജലവിതരണ പൈപ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഒരു മൊബൈല്‍ വീടിനും കാര്യമായ നാശനഷ്ടമുണ്ടായി. താമസക്കാര്‍ക്ക് ആവശ്യമായ സഹായം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പാം ബീച്ച് കൗണ്ടി കമ്മിഷണര്‍ ജോയല്‍ ഫ്‌ലോറസ് അറിയിച്ചു.
അപകടം നടന്ന മിലിട്ടറി ട്രെയില്‍ റോഡ് തുറക്കാന്‍ കുറഞ്ഞത് 30 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. റോഡിന്റെ അറ്റകുറ്റപ്പണികളും വിമാനാവശിഷ്ടങ്ങള്‍ നീക്കം ചെയ്യലും പൂര്‍ത്തിയാക്കണം. അന്വേഷണസംഘത്തിന്റെ പരിശോധനയും ഇതിന് സമയമെടുക്കും.
https://www.facebook.com/Malayalivartha

























