പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

കേരളത്തിൽ വർധിച്ചുവരുന്ന റോഡപകടങ്ങളും ഗുരുതര പരിക്കുകളും ഉയർത്തുന്ന പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്. അപകടത്തിൽ പ്പെടുന്നവരെ മിനിറ്റുകൾക്കുള്ളിൽ പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് അനുയോജ്യമായ ആശുപത്രി യിലെത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
ഇതിനായി ആദ്യഘട്ടത്തിൽ 108 ആംബുലൻസുകൾക്കു പുറമേ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും കീഴിലുള്ള ആംബുലൻസുകളെക്കൂടി ഏകോപിപ്പിച്ച് അടിയന്തര ആംബുലൻസ് സേവനത്തിനായുള്ള ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വിപുലീകരിക്കും. രണ്ടാംഘട്ടത്തിൽ സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 335 പുതിയ 108 ആംബുലൻസുകൾ പുറത്തിറക്കിയതിന് പിന്നാലെയാണ് അടിയന്തര പരിചരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ഈ സമഗ്രപദ്ധതി. അപകടത്തിൽപ്പെട്ടവരുടെ ജീവൻ നിർണായകമായ ആദ്യ മണിക്കൂറിൽ തന്നെ രക്ഷിക്കുക, അടിയന്തര ചികിത്സാ സംവിധാനങ്ങളെ ഏകോപിപ്പിക്കുക, ചികിത്സയ്ക്കായി കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
സർക്കാർ ആശുപത്രികൾക്കു പുറമേ, കാസ്പ്–പിഎം-ജെഎവൈ പദ്ധതിയിൽ ഉൾപ്പെട്ട എംപാനൽഡ് സ്വകാര്യ ആശുപത്രികളിലേക്കും രോഗികളെ എത്തിക്കും. സന്നദ്ധരാകുന്ന സ്വകാര്യ ആശുപത്രികളെയും മറ്റ് സ്വകാര്യ ആംബുലൻസുകളെയും ഉൾപ്പെടുത്തി രണ്ടാംഘട്ടത്തിൽ പദ്ധതി വിപുലീകരിക്കാനും ലക്ഷ്യമിടുന്നു.
കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജിപിഎസ് ട്രാക്കിങ്, ജി.ഐ.എസ് മാപ്പിങ് എന്നിവയുടെ സഹായത്തോടെ അപകടസ്ഥലത്തേക്ക് ഏറ്റവും അനുയോജ്യമായ ആംബുലൻസിനെ വേഗത്തിൽ അയയ്ക്കും.
അപകടസ്ഥലത്തുനിന്ന് ആംബുലൻസിലേക്കും തുടർന്ന് കമാൻഡ് കൺട്രോൾ സെന്ററിലേക്കും പരിക്കേറ്റയാളുടെ ആരോഗ്യനില, ജീവസൂചകങ്ങൾ, പരിക്കിന്റെ സ്വഭാവം തുടങ്ങിയ വിവരങ്ങൾ ഓൺലൈനായി കൈമാറും.
ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗിയെ ഏത് ആശുപത്രിയിലേക്കാണ് കൊണ്ടുപോകേണ്ടതെന്ന് ആംബു ലൻസ് ജീവനക്കാർക്ക് നിർദേശം നൽകും. രോഗി എത്തുന്നതിനു മുമ്പുതന്നെ ആശുപത്രിയിലും വിവരമെത്തിക്കും. ഇതിലൂടെ ഡോക്ടർമാർക്കും ട്രോമാ ചികിത്സാ സംഘങ്ങൾക്കും ശസ്ത്രക്രിയാ വിഭാഗങ്ങൾക്കും രക്തബാങ്കുകൾക്കും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനാകും. ചികിത്സ വൈകാതെ ആരംഭിക്കാനും രോഗിയെ അനുയോജ്യമായ ചികിത്സാ കേന്ദ്രത്തിലെത്തിക്കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആരോഗ്യവകുപ്പിനൊപ്പം പൊലീസ്, മോട്ടോർ വാഹനവകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ദുരന്തനിവാരണ അതോറിറ്റി, സ്വകാര്യ ആശുപത്രികൾ എന്നിവയുടെ ഏകോപനത്തോടെ പദ്ധതി ശക്തി പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























