സസ്പെന്ഷന് ഉത്തരവിന്മേല് ഉടനടി സ്റ്റേ അനുവദിക്കാനാവില്ലെന്ന് ട്രൈബ്യൂണല്‍

ബാര്‍ ലൈസന്‍സ് വിവാദത്തില്‍ സസ്പെന്ഷന് നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ ഹര്‍ജി തള്ളി സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍.പുതിയ എക്സൈസ് നയം വരുന്നതിന് മുമ്പായി പുതിയ ബാറുകള്‍ അനുവദിക്കേണ്ടതില്ലെന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതിനാലാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥരായ പി കെ സതീഷ്, പി എല്‍ ഷിബു എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. സസ്പെന്ഷന് ഉത്തരവിന്മേല് ഉടനടി സ്റ്റേ അനുവദിക്കാനാവില്ലെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിലപാട്.
ട്രൈബ്യൂണലിന്റെ തിരുവനന്തപുരം, എറണാകുളം ബെഞ്ചുകളിലാണ് സസ്പെന്‍ഷനിലായ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ഹര്‍ജികള്‍ പരിഗണിക്കവെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു. തങ്ങളുടെ ഭാഗം വിശദമായി കേള്‍ക്കാതെ സസ്പെന്ഷന് അടിയന്തരമായി സ്റ്റേ ചെയ്യരുതെന്നും ഇടക്കാല ഉത്തരവ് നല്‍കരുതെന്നും സര്‍ക്കാര്‍ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചായിരുന്നു ട്രൈബ്യൂണലിന്റെ നടപടി. തുടര്‍ന്ന് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ഈ മാസം 12ലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























