ഖത്തറിലെ ദോഹയിൽ നവംബർ 19 മുതൽ 29 വരെ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മെൻസ് റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിനെ തിലക് വർമ നയിക്കും...

ഖത്തറിലെ ദോഹയിൽ നവംബർ 19 മുതൽ 29 വരെ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മെൻസ് റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിനെ തിലക് വർമ നയിക്കും. രജത് പടിദാറാണ് ടീമിന്റെ ഉപനായകൻ.
നവംബർ 20-ന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക. വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുന്നത്. തുടർന്ന് 22ന് അതേ വേദിയിൽ പാകിസ്ഥാൻ എ ടീമുമായി കളിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ 24ന് ദോഹ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി ഗ്രൗണ്ടിൽ യുഎഇയെ നേരിടും.
ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ എ, യുഎഇ, നേപ്പാൾ എന്നിവരാണ് ഈ ഗ്രൂപ്പിലുള്ള മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ ബംഗ്ലാദേശ് എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ, ഹോങ്കോങ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്.
രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടുന്ന ടീമുകൾ 26, 27 തീയതികളിൽ നടക്കുന്ന സെമിഫൈനലിലേക്ക് മുന്നേറുകയും ചെയ്യും. 29നാണ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം നടക്കുക.
കഴിഞ്ഞ വർഷത്തെ ടീമുമായി താരതമ്യം ചെയ്യുമ്പോൾ വലിയ അഴിച്ചപണിയാണ് ഇത്തവണ സെലക്ടർമാർ നടത്തിയിരിക്കുന്നത്. ജിതേഷ് ശർമ, നമൻ ധിർ എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷം ക്യാപ്റ്റൻസിയുടെയും വൈസ് ക്യാപ്റ്റൻസിയുടെയും ചുമതല. വൈഭവ് സൂര്യവംശി, സൂര്യാംശ് ഷെഡ്ജെ, ഹർഷ് ദുബെ എന്നിവരെ മാത്രമാണ് കഴിഞ്ഞ വർഷത്തെ ടീമിൽ നിന്ന് നിലനിർത്തിയിട്ടുള്ളത്. പരിക്കിൽ നിന്ന് മുക്തനായ ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടർ ഹർഷിത് റാണയും 15 അംഗ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























