വിനോദയാത്രാ വിവാദത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റിയ നടപടിക്ക് സ്റ്റേ

വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് െ്രെടബ്യൂണലാണ് ഉത്തരവ് സ്റ്റേ ചെയ്തത്. മീനങ്ങാടി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിനോദയാത്ര ചട്ടങ്ങള്‍ പാലിച്ചല്ല നടത്തിയതെന്നും മുന്‍കൂട്ടി അനുമതി തേടിയിരുന്നില്ലെന്നും കാട്ടിയായിരുന്നു നടപടി. എന്നാല്‍, ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖ നേരത്തേ പുറത്തുവന്നിരുന്നു.
റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ (ആര്‍ഡിഡി) ഓഗസ്റ്റ് 14ന് അയച്ച അപേക്ഷയുടെ പകര്‍പ്പാണ് പുറത്തുവന്നത്. രണ്ട് മാസത്തോളം കാത്തിരുന്നിട്ടും ഇതിന് മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഒക്ടോബര്‍ 25നാണ് സ്കൂളില്‍ നിന്ന് ഹൈദരാബാദിലേക്ക് വിനോദയാത്ര പോയത്. ഇത്തരം അപേക്ഷകളില്‍ പലപ്പോഴും കൃത്യസമയത്ത് മറുപടി ലഭിക്കാറില്ലെന്നും ഈ സാഹചര്യത്തിലാണ് യാത്രയുമായി മുന്നോട്ട് പോയതെന്നും സ്കൂള്‍ അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
മീനങ്ങാടി സ്കൂളിലെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആരോപണങ്ങളെത്തുടര്‍ന്നാണ് വിവാദം ഉടലെടുത്തത്. എന്നാല്‍, വൈദ്യപരിശോധനയില്‍ പ്രിന്‍സിപ്പല്‍ മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞിരുന്നു. വിനോദയാത്രയ്ക്കിടെ കുട്ടികള്‍ അപക്വമായി പകര്‍ത്തിയ ദൃശ്യങ്ങള്‍ ചിലര്‍ രാഷ്ട്രീയമായി ഉപയോഗിച്ചെന്നായിരുന്നു ഷിവി കൃഷ്ണന്റെ പ്രതികരണം. പ്രിന്‍സിപ്പല്‍ നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരെ തങ്ങള്‍ പരാതി പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. പ്രിന്‍സിപ്പലിനെ അനാവശ്യമായി സ്ഥലംമാറ്റിയതിനെതിരെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധം നടത്തിവരികയായിരുന്നു.
https://www.facebook.com/Malayalivartha























