ഒരു കമന്റിൽ ഒളിഞ്ഞ പ്രണയരഹസ്യം! റിമി ടോമിയുടെ പ്രണയം മാസങ്ങൾക്കുമുമ്പേ മണത്തറിഞ്ഞ് ശ്വേത മേനോൻ! ഒരു ഇൻസ്റ്റഗ്രാം കമന്റിൽ ഒളിഞ്ഞിരുന്ന പ്രണയരഹസ്യം, ജിം ട്രെയിനറുമായി തുടങ്ങിയ സൗഹൃദം വിവാഹത്തിലേക്ക്; ലിബിനെ സ്വന്തമാക്കിയ കഥ പറഞ്ഞ് റിമി!

സ്ഥിരം വർക്കൗട്ട് വീഡിയോ ഇട്ട റിമി അവസാനം വർക്ക് ഔട്ട് മാനെ സ്വന്തമാക്കി. റിമി ടോമിയുടെ വിവാഹവാർത്ത പുറത്തുവന്നതോടെ ആരാധകർക്കിടയിൽ വലിയ ആഘോഷമാണ്. എന്നാൽ റിമിയുടെ ജീവിതത്തിൽ പുതിയൊരാൾ എത്തിയെന്ന കാര്യം ആരാധകർ അറിയുന്നതിന് മാസങ്ങൾക്കുമുമ്പേ ഒരാൾക്ക് ചെറിയൊരു സംശയം തോന്നിയിരുന്നു. മറ്റാരുമല്ല, നടി ശ്വേത മേനോൻ! റിമി ടോമിയും ജിം പരിശീലകനായ ലിബിൻ മാത്യുവും തമ്മിലുള്ള പ്രണയത്തിന്റെ സൂചന ശ്വേത നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ രസകരമായ ചർച്ച. കഴിഞ്ഞ സെപ്റ്റംബറിൽ റിമിയും ലിബിനും ഒരുമിച്ചുള്ള ഒരു വിന്റേജ് സ്റ്റൈൽ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ചിത്രത്തിന് റിമി നൽകിയ അടിക്കുറിപ്പ് 'എന്റെ ബെസ്റ്റ് ട്രെയിനിങ് പാർടർ' എന്നായിരുന്നു. ഒപ്പം ഒരു ലവ് ഇമോജിയും! ഇതോടെ ശ്വേത മേനോന് ചെറിയൊരു സംശയം. ഉടൻ കമന്റുമായി എത്തി. 'ഞാൻ ഇതിൽ കൂടുതൽ എന്തെങ്കിലും അർഥം കാണുന്നുണ്ടോ?' എന്നായിരുന്നു ശ്വേതയുടെ ചോദ്യം. അന്ന് അതൊരു തമാശക്കമന്റായി തോന്നിയെങ്കിലും ഇപ്പോൾ റിമിയുടെ വിവാഹവാർത്ത വന്നതോടെ ആ കമന്റ് വീണ്ടും വൈറലായിരിക്കുകയാണ്. റിമിയുടെ പ്രണയം ആദ്യം കണ്ടെത്തിയത് ശ്വേതയാണെന്നാണ് ആരാധകരുടെ കമന്റുകൾ. ശരിക്കും ശ്വേതയുടെ ആ സംശയം വെറുതെയായിരുന്നില്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു!
അപ്പോൾ ആരാണ് ഈ ലിബിൻ മാത്യു? റിമിയുടെ ജിം ട്രെയിനറും ബോഡി ബിൽഡറുമാണ് ലിബിൻ. മുംബൈയിൽ താമസിക്കുന്ന മലയാളി. പക്ഷേ ഇവരുടെ പ്രണയകഥ തുടങ്ങിയത് ജിമ്മിലെ വർക്കൗട്ടിനിടയിൽ മാത്രമായിരുന്നില്ലെന്നാണ് റിമി പറയുന്നത്. മാർച്ച് 10നായിരുന്നു ഇരുവരും ആദ്യമായി ഫോണിൽ സംസാരിച്ചത്. മാർച്ച് 14ന് നേരിൽ കണ്ടു. അതായത് നേരിൽ കാണുന്നതിന് മുമ്പുതന്നെ ഫോൺ സംഭാഷണങ്ങളിലൂടെ ഇരുവരും തമ്മിൽ ഒരു പ്രത്യേക അടുപ്പം രൂപപ്പെട്ടിരുന്നു. ഒരാളോട് സംസാരിക്കുമ്പോൾ ഒരു അടുപ്പം തോന്നില്ലേ, അതുപോലെയായിരുന്നു തങ്ങളുടെ ബന്ധമെന്നും റിമി പറയുന്നു. ആദ്യത്തെ സംസാരങ്ങളിൽത്തന്നെ വിവാഹത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തിരുന്നു. അത്രത്തോളം പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞു. ലിബിനൊപ്പം നിൽക്കുമ്പോൾ ഒരു ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും ലഭിക്കുന്നുണ്ടെന്നാണ് റിമി പറയുന്നത്. എന്തുവന്നാലും കൂടെയുണ്ടാകുമെന്ന ഉറപ്പാണ് ലിബിനിൽ നിന്ന് ലഭിച്ചത്. അച്ഛന്റെയും ചേട്ടന്റെയും ഭർത്താവിന്റെയും സ്ഥാനങ്ങൾക്കപ്പുറം, എല്ലാത്തിനുമുപരി തന്റെ ഏറ്റവും നല്ല സുഹൃത്തായാണ് ലിബിനെ കാണുന്നതെന്നും റിമി തുറന്നുപറയുന്നു. അതിനിടയിൽ റിമി പറഞ്ഞ മറ്റൊരു കാര്യമുണ്ട്. ലിബിൻ മലയാളിയാണെങ്കിലും മലയാളം അത്ര നന്നായി അറിയില്ലത്രേ! അതും താൻ ലിബിനിലേക്ക് ആകർഷിക്കപ്പെടാനുള്ള കാരണങ്ങളിൽ ഒന്നായിരുന്നുവെന്നാണ് റിമിയുടെ രസകരമായ വെളിപ്പെടുത്തൽ. അപ്പോൾ ഭാഷയിൽ ചെറിയൊരു കുറവുണ്ടെങ്കിലും പ്രണയത്തിന്റെ കാര്യത്തിൽ ഇരുവരും തമ്മിൽ നല്ല ചേർച്ചയാണെന്ന് പറയാം!
ഇനി വിവാഹവിശേഷങ്ങളിലേക്ക്. നവംബർ 14നാണ് റിമി ടോമിയുടെയും ലിബിൻ മാത്യുവിന്റെയും വിവാഹം. മുംബൈയിലെ ഡോംബിവില്ലിയിലുള്ള മാർത്തോമ്മാ പള്ളിയിൽ വച്ച് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും വിവാഹം. സിനിമാ-സംഗീത മേഖലയിലെ വലിയ താരനിരയെ ക്ഷണിച്ചുള്ള ആഘോഷമല്ല, മറിച്ച് തങ്ങളുടെ ഏറ്റവും അടുത്തവർക്കൊപ്പം പുതിയ ജീവിതത്തിലേക്ക് കടക്കാനാണ് ഇരുവരുടെയും തീരുമാനം. വിവാഹശേഷം മുംബൈയിലേക്ക് താമസം മാറാനും റിമി പദ്ധതിയിടുന്നുണ്ട്. അതേസമയം, തന്റെ മുൻഭർത്താവിനെ വിവാഹവാർത്തയുമായി ബന്ധപ്പെട്ട് അനാവശ്യമായി വലിച്ചിഴക്കരുതെന്നും റിമി അഭ്യർഥിച്ചിട്ടുണ്ട്. ഇരുവരുടെയും വേർപിരിയൽ പരസ്പര സമ്മതത്തോടെയുള്ള തീരുമാനമായിരുന്നുവെന്നും അദ്ദേഹം ഇപ്പോൾ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണെന്നും റിമി വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഈ പുതിയ സന്തോഷത്തിൽ ആരാധകരുടെ പ്രാർഥനയും അനുഗ്രഹവുമാണ് റിമി തേടുന്നത്. എപ്പോഴും ചിരിച്ചും കളിച്ചും എല്ലാവരെയും ചിരിപ്പിച്ചും നടക്കുന്ന റിമിയുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പുതിയൊരു അധ്യായം തുറക്കുകയാണ്. അതിനിടയിൽ മാസങ്ങൾക്കുമുമ്പ് ശ്വേത മേനോൻ ഇട്ട ആ കമന്റും ഇപ്പോൾ വീണ്ടും ചർച്ചയാകുന്നു. ഒരു ഫോട്ടോ, ഒരു ലവ് ഇമോജി, ഒരു സംശയക്കമന്റ്... ഒടുവിൽ അതൊരു വിവാഹവാർത്തയിലേക്കെത്തി! എന്തായാലും റിമിയുടെയും ലിബിന്റെയും പുതിയ ജീവിതത്തിന് ആശംസകളുമായി ആരാധകരും രംഗത്തെത്തിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha

























