ഇറാന്റെ ഖ്വേഷം ദ്വീപില്‍ അമേരിക്ക രഹസ്യാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക നീക്കങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇറാനിലെ ഖ്വേഷം ദ്വീപില്‍ അമേരിക്ക രഹസ്യ സൈനികാക്രമണം നടത്തിയതായി വിവരം. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണം വലിയ തോതിലുള്ള സൈനിക നീക്കങ്ങളുടെ പുനഃരാരംഭമല്ലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മുസ് കടലിടുക്കില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ആഗോള എണ്ണവിതരണശൃംഖലയെയും ആശങ്കപ്പെടുത്തുകയാണ്.
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ഇറാന്റെ ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കാനാണ് നടപടിയെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍, ആക്രമണത്തെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഖ്വേഷം ദ്വീപില്‍ തുടര്‍ച്ചയായി അഞ്ച് സ്ഫോടനങ്ങള്‍ കേട്ടതായും രണ്ട് വിമാനങ്ങള്‍ ആകാശത്ത് പറക്കുന്നത് കണ്ടതായും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങള്‍ നടത്തുന്നതിനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ സംഭവം. അതേസമയം, ഇറാനുമായി നയതന്ത്രപരമായി ധാരണയിലെത്താനുള്ള സാദ്ധ്യത ട്രംപ് തള്ളിയിട്ടില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറാനുമേല്‍ ചെറിയ രീതിയിലുള്ള ആക്രമണങ്ങള്‍ അമേരിക്ക നടത്തുന്നതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ സൈനിക നടപടികള്‍ക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റില്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ആയുധങ്ങളും വിന്യസിച്ചതായും സൂചനയുണ്ട്.
https://www.facebook.com/Malayalivartha























