പോലീസ് സ്റ്റേഷൻ കിടുങ്ങി... സുഖമാണോ ചേട്ടാ... അടൂരിൽനിന്ന് ചങ്ങനാശ്ശേരിയിലേക്ക്! പോലീസ് സ്റ്റേഷനിൽ ഏഴ് മണിക്കൂർ ഗുണ്ടാവിളയാട്ടം!

"സുഖമാണോ ചേട്ടാ..." കേരളം അടുത്തിടെ ഏറെ ചർച്ച ചെയ്ത ഒരു ചോദ്യമാണിത്. അടൂർ പോലീസ് സ്റ്റേഷനിൽ എത്തിയ ശ്രീനാദേവി കുഞ്ഞമ്മ യൂട്യൂബർ രാജൻ ജോസഫിനോട് ചോദിച്ച ഈ വാക്കുകൾ വലിയ വിവാദത്തിനാണ് വഴിവെച്ചത്. പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം രാഷ്ട്രീയ ചർച്ചയായി. താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സുഖവിവരം അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. എന്നാൽ സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ ഉൾപ്പെടെ അന്വേഷിക്കാൻ ഉന്നതതല നിർദേശമുണ്ടായി. ഡിവൈ.എസ്.പി തലത്തിലുള്ള അന്വേഷണത്തിനും ഉത്തരവിട്ടു.
അടൂരിലെ ആ വിവാദം കെട്ടടങ്ങും മുമ്പാണ് മറ്റൊരു പോലീസ് സ്റ്റേഷനിൽനിന്ന് അതിലും ഗൗരവമേറിയ വാർത്ത പുറത്തുവരുന്നത്. ഇത്തവണ സ്ഥലം ചങ്ങനാശ്ശേരി. ഇവിടെ ചോദ്യം സുഖമാണോ ചേട്ടാ എന്നല്ല, പോലീസ് സ്റ്റേഷനിൽ തന്നെ അക്രമികൾ അഴിഞ്ഞാടിയെന്നതാണ്!
നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം പൊലീസ് സ്റ്റേഷനെയും വിറപ്പിച്ചു. തിങ്കളാഴ്ച രാത്രി 7 മണിക്കൂർ ചങ്ങനാശേരി സ്റ്റേഷനിൽ നടന്നത് നാടകീയ രംഗങ്ങൾ. കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ 3 പൊലീസുകാർക്ക് പരുക്കേറ്റു. രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണു സംഭവം.
അക്രമികളിൽ ഒരാൾ എസ്ഐയുടെ നെഞ്ച് കടിച്ചുപറിച്ചു. സംഘത്തെ പിടികൂടിയതറിഞ്ഞ് സ്റ്റേഷനിലേക്ക് ഇവരുടെ കൂട്ടാളികൾ ഇരച്ചെത്തി. സമീപ സ്റ്റേഷനുകളിൽനിന്നു കൂടുതൽ പൊലീസുകാർ എത്തിയാണ് സുരക്ഷ ഒരുക്കിയത്. ചങ്ങനാശേരി ടൗണിലെ ബാറിലും കടയിലും ഉണ്ടായ ആക്രമണത്തിനു ശേഷം പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് സംഭവം. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികളായ ചെത്തിപ്പുഴ കാഞ്ഞിരത്തുവീട്ടിൽ സാജു ജോജോ (32), കുറിച്ചി വടക്കേകുട്ട വീട്ടിൽ മിഥുൻ തോമസ് (38) ഇവർക്കൊപ്പം അക്രമത്തിൽ പങ്കാളിയായ അഭിഭാഷകൻ ചങ്ങനാശേരി പുത്തൻവീട്ടിൽ ജുബിൻ (33) എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശേരി ടൗണിലെ ബാറിലാണ് ആദ്യം ആക്രമണം. തുടർന്ന് മുനിസിപ്പൽ ആർക്കേഡിലെ മൊബൈൽ ഷോപ്പിലെത്തിയ മൂന്നംഗ സംഘം ജീവനക്കാരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്നു പൊലീസ് പറയുന്നു. ഇവരെ പിടികൂടുന്നതിനിടെ, എസ്ഐ അജിത്കുമാർ, സിപിഒ റിജോ മോൻ എന്നിവർക്ക് പരുക്കേറ്റു. തുടർന്ന് കൂടുതൽ പൊലീസ് എത്തി സാഹസികമായാണ് പ്രതികളെ സ്റ്റേഷനിൽ എത്തിച്ചത്.
സ്റ്റേഷനിലെത്തിച്ചിട്ടും പ്രതികൾ ആക്രമണം തുടർന്നു. കീഴടക്കാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു. ഉപകരണങ്ങൾ തകർത്തു. മിഥുനെയും സാജുവിനെയും ഏറെ ശ്രമപ്പെട്ട് സെല്ലിൽ അടച്ചു. ജുബിനെ പുറത്തുനിർത്തി.
എന്നാൽ ലഹരി മൂത്ത മിഥുൻ കൂടെയുണ്ടായിരുന്ന സാജുവിനെ സെല്ലിനുള്ളിലിട്ട് ക്രൂരമായി മർദിക്കാൻ തുടങ്ങി. പൊലീസ് സെല്ലിൽ കയറി മിഥുനെ വിലങ്ങു വയ്ക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് എസ്ഐ റയ്നോൾഡിന്റെ നെഞ്ചിന്റെ ഭാഗം മിഥുൻ കടിച്ചുപറിച്ചതെന്ന് പൊലീസ് പറയുന്നു. ഈ സമയം ജുബിൻ സ്റ്റേഷനുള്ളിൽ ആക്രമണം നടത്തിയെന്നും ഉച്ചത്തിലുള്ള അസഭ്യംവിളി തുടർന്നെന്നും പൊലീസ്.
ഗുണ്ടാസംഘത്തെ പിടികൂടിയതറിഞ്ഞ് കൂട്ടാളികൾ രാത്രി 12നു സ്റ്റേഷൻ പരിസരത്ത് എത്തി. ഇവരെ പൊലീസ് വിരട്ടിയോടിച്ചു. തൃക്കൊടിത്താനം, ചിങ്ങവനം സ്റ്റേഷനുകളിൽ നിന്നായി 30 പൊലീസുകാർ പുലർച്ചെ വരെ സ്റ്റേഷനിലുണ്ടായിരുന്നു. ഡിവൈഎസ്പി ആഷാദിന്റെ നേതൃത്വത്തിൽ സി.ഐ.അനിൽ ജോർജ്, എസ്ഐ അഖിൽ വിജയകുമാർ, എഎസ്ഐമാരായ ആശ, സെയ്നി സെബാസ്റ്റ്യൻ, എസിപിഒ അനീഷ്, സിപിഒ സതീഷ്, സിപിഒ പ്രവീൺ, സിപിഒ ജോസഫ് എന്നിവരടങ്ങിയ പ്രത്യേകസംഘമാണ് പ്രതികളെ പിടികൂടിയത്. മൂവരെയും കോടതി റിമാൻഡ് ചെയ്തു.
ഇടവേളയ്ക്കു ശേഷം ചങ്ങനാശേരിയിൽ വീണ്ടും ഗുണ്ടാസംഘങ്ങൾ തലപൊക്കുകയാണ്. അടുത്തിടെയാണ് രാത്രി നഗരത്തിൽ കാർ തടഞ്ഞ് നിർത്തി കാപ്പ കേസ് പ്രതി യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സാമ്പത്തിക ഇടപാടിന്റെ പേരിലായിരുന്നു ആക്രമണം. ഏപ്രിലിൽ, വടിവാളും തോട്ടയുമായി ബൈക്കിൽ കറങ്ങി നടന്ന സംഘം യുവാവിനെ വെട്ടിപ്പരുക്കേൽപിച്ചു. അതേ മാസംതന്നെ എസി റോഡിലെ ബാർ ഹോട്ടലിലും ആക്രമണം ഉണ്ടായി. 3 പേർക്കു പരുക്കേറ്റു. ഒരാളുടെ തലയ്ക്ക് വെട്ടേറ്റു. 17 വയസ്സുകാരനടക്കം അന്നു പിടിയിലായി.
പ്രതികൾക്ക് ഉന്നതബന്ധം. ക്വട്ടേഷൻ സംഘത്തിൽ ചെറുപ്പക്കാരേറെ. ഗുണ്ടകളെ നിലയ്ക്ക് നിർത്താനും നിരീക്ഷിക്കാനുള്ള പൊലീസിന്റെ പദ്ധതിയായ ‘ഗ്രിപ്’ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് മിഥുൻ തോമസും സാജു ജോജോയും. ചങ്ങനാശേരിയിൽനിന്നു 3 പേരാണ് ഈ ലിസ്റ്റിലുള്ളത്. പല ക്വട്ടേഷൻ ഗ്രൂപ്പുകളുടെയും തലവനാണ് മിഥുൻ തോമസെന്നു പൊലീസ് പറയുന്നു. പങ്കാളിയാണ് സാജു.
ചങ്ങനാശേരിയിലെ ലഹരി ഇടപാടുകൾ നിയന്ത്രിക്കുന്നത് മിഥുനാണെന്നും പൊലീസ് പറയുന്നു. ഇടപാടുകൾ നടത്തുന്നവർ കൃത്യമായ കമ്മിഷൻ മിഥുന്റെ പക്കലെത്തിക്കണം. ഈ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ്, ടൗണിൽ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മുനിസിപ്പൽ ആർക്കേഡിലെ ആക്രമണത്തിൽ കലാശിച്ചത്. ഒരു മാസം മുൻപ് വടിവാളുമായി എത്തി ആർക്കേഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അന്ന് ഇവർക്കെതിരെ മൊഴി നൽകാൻ ആരും തയാറായില്ല. കമ്മിഷൻ നൽകാത്തവരെ ഭീഷണിപ്പെടുത്തുകയും പിന്നീട് ആക്രമിക്കുന്നതുമാണ് രീതിയെന്നു പൊലീസ് പറയുന്നു.
രണ്ട് സംഭവങ്ങളും വ്യത്യസ്തമാണ്. എന്നാൽ രണ്ടും ഉയർത്തുന്ന ഒരു പ്രധാന ചോദ്യം ഒന്നുതന്നെയാണ്. പൊതുജനങ്ങൾക്ക് നീതി തേടിയെത്തേണ്ട പോലീസ് സ്റ്റേഷനുകൾക്ക് മതിയായ സുരക്ഷയുണ്ടോ? നിയമം നടപ്പാക്കേണ്ടവരെ തന്നെ ആക്രമിക്കുന്ന സാഹചര്യം എത്രത്തോളം ഗൗരവത്തോടെ കാണണം?
അടൂരിൽ 'സുഖമാണോ ചേട്ടാ' എന്ന ചോദ്യം വിവാദമായപ്പോൾ അന്വേഷണം പ്രഖ്യാപിച്ചു. അതിൻറെ ഫലം എന്താകുമെന്ന് അറിയില്ല. ചങ്ങനാശ്ശേരിയിൽ പോലീസുകാരെ ആക്രമിച്ച് ഏഴ് മണിക്കൂർ അഴിഞ്ഞാടിയ സംഭവത്തിൽ ഇനി എന്തെല്ലാം നടപടികളുണ്ടാകും? നിയമത്തെ വെല്ലുവിളിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമോ? കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha
























