ചങ്ങനാശേരി ടൗണിലും പൊലീസ് സ്റ്റേഷനിലും ആക്രമണം നടത്തിയ സംഘം അറസ്റ്റില്‍

ചങ്ങനാശേരി ടൗണിലും പൊലീസ് സ്റ്റേഷനിലും അക്രമം അഴിച്ചുവിട്ട സംഘം അറസ്റ്റില്‍. കോട്ടയം ജില്ലയിലെ പ്രധാന ഗുണ്ടകളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമായ സാജു ജോജോ, മിഥുന് തോമസ്, ഇവര്‍ക്കൊപ്പം അക്രമത്തില്‍ പങ്കാളിയായ അഭിഭാഷകന് ജുബിന്‍ എന്നിവരാണ് ചങ്ങനാശേരി പൊലീസിന്റെ പിടിയിലായത്. ഒരു മാസം മുന്‍പ് പ്രതികള്‍ മുനിസിപ്പല്‍ ആര്ക്കേഡിലെത്തി മൊബൈല്‍ ഷോപ്പിലെത്തി ജീവനക്കാരെ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം ലഭിച്ചു. ചങ്ങനാശേരി ഡിവൈഎസ്പി അഷാദിന്റെ നേതൃത്വത്തില്‍ സിഐ അനില്‍ ജോര്‍ജ്, എസ്ഐ അഖില്‍ വിജയകുമാര്‍, എഎസ്ഐ ആശ, എഎസ്ഐ സെയ്നി സെബാസ്റ്റ്യന്‍, എസിപിഒ അനീഷ്, സിപിഒ സതീഷ്, സിപിഒ പ്രവീണ്‍, സിപിഒ ജോസഫ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തിങ്കളാഴ്ച രാത്രി ചങ്ങനാശേരിയിലെ ബാറില്‍ അക്രമം അഴിച്ചുവിട്ട സംഘം, മുനിസിപ്പല്‍ ആര്ക്കേഡിലെത്തി മൊബൈല്‍ ഷോപ്പിലെ ജീവനക്കാരെ അസഭ്യം പറയുകയും മാരകായുധങ്ങള്‍ ഉപയോഗിച്ച് ഉപദ്രവിക്കുകയും ചെയ്തു. കടയിലെ സാധനങ്ങളും ഫോണുകളും അടിച്ചുതകര്‍ത്തു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ, എസ്ഐ അജിത് കുമാര്‍, സിപിഒ റിജോമോന്‍, എന്നിവരെ ആക്രമിച്ചു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘമെത്തി സാഹസികമായാണ് പ്രതികളെ കീഴടക്കി സ്റ്റേഷനില്‍ എത്തിച്ചത്. സ്റ്റേഷനിലെത്തിയ പ്രതികള്‍ അവിടെയും അക്രമം തുടരുകയും ഒരു രാത്രി മുഴുവന്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സ്റ്റേഷനിലെ ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ റെയ്നോള്‍ഡ്, സിപിഒ ദിലീപ് ചെല്ലം എന്നിവരെ ആക്രമിച്ചു പരുക്കേല്പിച്ചു.ജില്ലയിലും സമീപ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 30ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സാജു ജോജോ, മിഥുന് തോമസ് എന്നിവര്‍ കാപ്പ നിയമപ്രകാരം പല തവണ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്.
https://www.facebook.com/Malayalivartha
























