3 കൗമാരക്കാർ അറസ്റ്റിൽ... അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്ന് ഭീഷണി; പത്താം ക്ലാസ് വിദ്യാർഥിയിൽനിന്ന് 24 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തു, പത്ത് മാസത്തോളം ഭീഷണിപ്പെടുത്തി പീഡനം; മൂന്ന് യുവാക്കൾ അറസ്റ്റിൽ!

അമ്മയെയും സഹോദരിയെയും വാഹനമിടിച്ച് കൊലപ്പെടുത്തും! വീട്ടുകാരെ അപായപ്പെടുത്തുമെന്ന ഭീഷണി കേട്ട് ഭയന്നുപോയ പത്താം ക്ലാസ് വിദ്യാർഥി, സ്വന്തം വീട്ടിലെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം ഓരോന്നായി എടുത്തുനൽകി. ഒന്നും പുറത്തുപറയരുതെന്ന ഭീഷണിയും. ഒടുവിൽ പത്ത് മാസത്തോളം നീണ്ട ഈ ചൂഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതോടെ മൂന്ന് യുവാക്കൾ അറസ്റ്റിലായി. കോട്ടയം പാമ്പാടിയിലാണ് സംഭവം.
പാമ്പാടിയിലെ സ്വകാര്യ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയാണ് തട്ടിപ്പിനിരയായത്. വിദ്യാർഥി പഠിച്ചിരുന്ന സ്കൂളിലെ പൂർവവിദ്യാർഥികളായിരുന്ന പ്രതികൾ ആദ്യം കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഈ ബന്ധം മുതലെടുത്ത് ഭീഷണിപ്പെടുത്തി സ്വർണം കൈക്കലാക്കാൻ തുടങ്ങി. കഴിഞ്ഞ മാർച്ച് മുതൽ പത്ത് മാസത്തോളമായി ഭീഷണി തുടർന്നെന്നാണ് റിപ്പോർട്ട്. ഏകദേശം 24 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് ഇത്തരത്തിൽ തട്ടിയെടുത്തത്.
അമ്മയെയും സഹോദരിയെയും വാഹനമിടിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു പ്രധാന ഭീഷണി. അടുത്തിടെ വീട്ടിൽ ഒരു മരണം നടന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം വലിയ തോതിൽ നഷ്ടപ്പെട്ടതായി മാതാപിതാക്കൾക്ക് മനസ്സിലായത്. തുടർന്ന് മകന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഭീഷണിയുടെയും സ്വർണം കൈമാറിയതിന്റെയും വിവരങ്ങൾ പുറത്തുവന്നത്.
കഴിഞ്ഞ ദിവസവും പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ഇലക്ട്രിക് സ്കൂട്ടർ വിറ്റിട്ടെങ്കിലും പണം നൽകണമെന്നായിരുന്നു ആവശ്യം. ഇതോടെ കുട്ടി മാതാപിതാക്കളോട് എല്ലാം തുറന്നുപറയുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ പാമ്പാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അൻസൽ മുഹമ്മദ്, നിധിൻ നിഷാദ്, ഷെബിൻ എബ്രഹാം എന്നിവർ അറസ്റ്റിലായത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്വർണം വിറ്റോ മറ്റേതെങ്കിലും രീതിയിൽ വിനിയോഗിച്ചോ എന്നതിൽ അന്വേഷണം തുടരുകയാണ്. മൂന്നുപേരെയും റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























