പ്രവാസികൾ ഇന്നും നാളെയും സൂക്ഷിക്കണം; യുഎഇയിൽ കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റം, മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം

യുഎഇയിലെ പ്രവാസികൾ ഇന്നും നാളെയും കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ചയായ ഇന്ന് തീരപ്രദേശങ്ങളിലും ദ്വീപുകളിലും മേഘങ്ങൾ വർധിക്കാനാണ് സാധ്യത. കിഴക്കൻ മേഖലകളിലും ഫുജൈറയുടെ ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച രാവിലെയും ചില ദ്വീപുകളിലും തീരദേശങ്ങളിലും വടക്കൻ മേഖലകളിലും നേരിയ മഴ ലഭിച്ചേക്കും.
കാലാവസ്ഥയിലെ മാറ്റത്തിനൊപ്പം താപനിലയിലും കുറവുണ്ടാകുമെന്നാണ് പ്രവചനം. കാറ്റിന്റെ വേഗം മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ തിങ്കളാഴ്ച രാത്രിയോടെ പ്രക്ഷുബ്ധമാകാനും ചൊവ്വാഴ്ചയോടെ ശക്തമായ തിരമാലകൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ കടൽയാത്രയ്ക്കും മത്സ്യബന്ധനത്തിനും പോകുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വാഹനമോടിക്കുന്നവർ മഴയോ പൊടിക്കാറ്റോ കാരണം കാഴ്ചപരിധി കുറയുന്ന സാഹചര്യമുണ്ടായാൽ വേഗം നിയന്ത്രിക്കണം. കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരന്തരം നിരീക്ഷിച്ചശേഷം മാത്രമേ യാത്രകളും മറ്റ് ഔട്ട്ഡോർ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യാവൂ.
https://www.facebook.com/Malayalivartha
























