സാധനങ്ങൾ വാങ്ങിക്കാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി; വഴിയരികിൽ രക്തത്തിൽ കുളിച്ച് വനിതാ ബോക്സിങ് താരത്തിന്റെ മൃതദേഹം; കാമുകനെതിരെ കുടുംബം

ദീപാവലിക്കുള്ള സാധനങ്ങൾ വാങ്ങാനായി വീട്ടിൽനിന്നിറങ്ങിയ യുവതി പിന്നീട് തിരിച്ചെത്തിയില്ല. ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ല. ഒടുവിൽ ദിവസങ്ങൾക്കുശേഷം കണ്ടെത്തിയത് ദേശീയതലത്തിൽ ബോക്സിങ് താരമായിരുന്ന യുവതിയുടെ മൃതദേഹം! ഉത്തർപ്രദേശിലെ കാൻപുരിലാണ് ഞെട്ടിക്കുന്ന സംഭവം. മൻതാഷ കുമാരി എന്ന 26കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ കുടുംബം കാമുകനെതിരെ സംശയം ഉന്നയിച്ചതോടെ അന്വേഷണം കൂടുതൽ ഗൗരവത്തിലായിരിക്കുകയാണ്.
നവംബർ അഞ്ചിന് ദീപാവലിക്കുള്ള വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങാനായി കാൻപുരിലെ ലാൽ ബംഗ്ലാ മാർക്കറ്റിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മൻതാഷ വീട്ടിൽനിന്നിറങ്ങിയത്. വൈകിട്ട് ഏഴുമണിയോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. പിന്നീട് വീട്ടിൽ തിരിച്ചെത്തിയതുമില്ല. കുടുംബം പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ വെള്ളിയാഴ്ച രാവിലെ കാൻപുർ–പ്രയാഗ്‌രാജ് ദേശീയപാതയ്ക്ക് സമീപം മഹാരാജ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശനിയാഴ്ചയാണ് ബന്ധുക്കൾ മൃതദേഹം മൻതാഷയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
പന്ത്രണ്ടാം ക്ലാസ് പഠനത്തിനുശേഷം ബോക്സിങ്ങിലേക്ക് തിരിഞ്ഞ മൻതാഷ സംസ്ഥാനതല മത്സരത്തിൽ സ്വർണമെഡൽ നേടിയ താരമാണ്. പിതാവിന്റെ കീഴിലായിരുന്നു പരിശീലനം. പിന്നീട് ജിം പരിശീലകയായും ജോലി ചെയ്തു. ജജ്മൗവിലെ ഫ്യൂഷൻ ഫിറ്റ് ജിമ്മിലായിരുന്നു അവസാനമായി ജോലി ചെയ്തിരുന്നത്.
ജിമ്മിൽ പരിശീലനത്തിനെത്തിയിരുന്ന ഒരു യുവാവുമായി മൻതാഷയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഇയാൾ മകളെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്തും സന്ദർശിച്ചിരുന്നുവെന്നും പിതാവ് പൊലീസിനോട് പറഞ്ഞു. മകളുടെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ സംശയം. എന്നാൽ കൊലപാതകത്തിൽ ഇയാളുടെ പങ്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൊറൻസിക് പരിശോധന, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, മറ്റ് തെളിവുകൾ എന്നിവ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ. സ്വർണമെഡൽ നേടി കായികരംഗത്ത് മുന്നേറാൻ ആഗ്രഹിച്ച ഒരു യുവതിയുടെ ജീവിതം അവസാനിച്ചതിന് പിന്നിലെ യാഥാർഥ്യം എന്താണെന്നാണ് ഇനി അറിയേണ്ടത്.
https://www.facebook.com/Malayalivartha
























