അമ്മയെയും കുഞ്ഞിനെയും കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ് :_ *_സാക്ഷി കോടതിയില്‍ എത്തിയത് പോലീസ് സുരക്ഷയില്‍._*

വിളവന്‍കോട് ആളില്ലാത്തുറ കടലില്‍ എറിഞ്ഞ് അമ്മയെും മകളെയും കൊലപ്പെടുത്തിയ കേസിലെ സാക്ഷി കോടതിയില്‍ എത്തിയത് വന്‍ പോലീസ് സുരക്ഷയില്‍. പ്രതികള്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ കോടതി നിര്‍ദ്ദേശം നിലവില്‍ക്കെ വീണ്ടും നിര്‍ണ്ണായക സാക്ഷിയെ ഒന്നാം പ്രതി ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് റൂറല്‍ എസ്.പി സാക്ഷിക്ക് വന്‍ പോലീസ് സുരക്ഷ ഒരുക്കി അവരെ കോടതിയില്‍ എത്തിച്ചത്. പ്രതികള്‍ സാക്ഷികളെ വീട്ടില്‍ ചെന്ന് കണ്ട് ഭീഷണിപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടര്‍ കോടതിയില്‍ പരാതി പറഞ്ഞിരുന്നു. പരാതി പരിഗണിച്ച കോടതി റൂറല്‍ എസ്.പിയോട് വിശദീകരണവും തേടിയിരുന്നു.
ഇതിനിടെയാണ് കേസിലെ നിര്‍ണ്ണായക സാക്ഷിയും ഒന്നാം പ്രതി മാഹീന്‍ കണ്ണിന്റെ മുന്‍ ജീവനക്കാരിയുമായ കളളിക്കാട് മൈലക്കര സ്വദേശിനി ശാലിനിയെ കോടതി വരാന്തയില്‍ വച്ച് മാഹീന്‍ കണ്ണ് വെളളിയാഴ്ച ഭീഷണിപ്പെടുത്തിയത്. ഇക്കാര്യം അവര്‍ ഉടന്‍ റൂറല്‍ എസ്.പിയെ അറിയിക്കുകയും ശനിയാഴ്ച ഇതിനെ സംബന്ധിച്ച പരാതി കോടതിയില്‍ നല്‍കുകയും ചെയ്തു. പരാതി പരിഗണിച്ച കോടതി പ്രതികളോട് കാരണം വിശദീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തുടര്‍ന്നുളള ഒരോ സാക്ഷിക്കും സുരക്ഷ ഉറപ്പ് വരുത്താനും പോലീസിനോട് നിര്‍ദ്ദേശിച്ചു. ഏഴാം അഢീഷണല്‍ സെഷന്‍സ് ജഡ്ജി അനീറ്റ ജോസഫാണ് കേസ് പരിഗണിക്കുന്നത്.
പൂവ്വാര്‍ മണ്ണാംവിളാകം മാഹീന്‍ മന്‍സിലില്‍ മാഹീന്‍ കണ്ണ് ഭാര്യ റൂക്കിയ എന്നിവരാണ് കേസിലെ പ്രതികള്‍. മലയിന്‍കീഴ് മാറനെല്ലൂര്‍ വെളളൂര്‍ക്കോണം അംബിക വിലാസത്തില്‍ ദിവ്യ(23) രണ്ടര വയസുളള മകള്‍ ഗൗരി എന്നിവരെയാണ് മാഹീന്‍ കണ്ണ് കടലിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ആദ്യ ഭാര്യ റൂക്കിയയുടെ പ്രേരണയില്‍ രണ്ടാം വിവാഹത്തിലുളള ദിവ്യയെയും കുഞ്ഞിനെയും ഒഴിവാക്കാന്‍ മാഹീന്‍ കൊലപാതകം നടത്തിയെന്നാണ് പോലീസ് കേസ്. 2011 ആഗസ്റ്റ് 18 നായിരുന്നു സംഭവം. പിന്നീട് ഒളിവില്‍ പോയ ഇയാളെ ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ക്രൈം ബ്രാഞ്ച് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.
"
https://www.facebook.com/Malayalivartha

























