വാഹനാപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ട പ്രവാസി മലയാളിയുടെ നഷ്ടപരിഹാരം 2.08 കോടി രൂപയായി ഉയർത്തി സുപ്രീംകോടതി

വാഹനാപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ട പ്രവാസി മലയാളിയുടെ നഷ്ടപരിഹാരം 8 ലക്ഷം ദിർഹമായി (2.08 കോടി രൂപ) ഉയർത്തി സുപ്രീംകോടതി. തിരുവനന്തപുരം വർക്കല സ്വദേശി സുധീർ അലിഫിന് അനുവദിച്ച നഷ്ടപരിഹാരമാണ് 6 ലക്ഷം ദിർഹത്തിൽ നിന്ന് 8 ലക്ഷം ദിർഹമായി വർദ്ധിപ്പിച്ചത്.
അജ്മാനിലെ കമ്പനിയിൽ ലിഫ്റ്റ് ടെക്‌നിഷ്യനായിരുന്ന സുധീർ. സഹപ്രവർത്തകർക്കൊപ്പം കമ്പനി വാഹനത്തിൽ ദുബൈയിലെ ജോലി സ്ഥലത്തേക്കു പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നടപ്പാതയിലും തുടർന്നു തൂണിലും ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുധീറിന്റെ ഇടതുകാൽ മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടതായി വന്നു. നഷ്ടപരിഹാരത്തിനു കേസ് നടത്തിയെങ്കിലും ആദ്യം 4 ലക്ഷം ദിർഹം അനുവദിച്ച കോടതി പിന്നീട് അപ്പീലിൽ തുക 6 ലക്ഷമാക്കി ഉയർത്തി. ഇതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിലാണ് നഷ്ടപരിഹാരം 8 ലക്ഷമാക്കിയത്.
അപകടസമയത്ത് 38 വയസ്സുണ്ടായിരുന്ന സുധീറിന്റെ കാലിനുണ്ടായ പൂർണ അംഗവൈകല്യം, ജോലി ചെയ്യാനുള്ള ശേഷി നഷ്ടപ്പെട്ടത്, വരുമാനനഷ്ടം, ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ എന്നിവ കോടതി പരിഗണനയിലെടുത്തു. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധികളും നഷ്ടപരിഹാരം ഉയര്‍ത്താന്‍ കാരണമായത്.
"
https://www.facebook.com/Malayalivartha

























