അക്വാന്‍ ചുഴലിക്കാറ്റ് :നാല് സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ്

നവംബര്‍ 18, 19 തീയതികളില്‍ തീരദേശ ജില്ലകളിലും പടിഞ്ഞാന്‍ ജില്ലകളിലും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളില്‍ ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, തിരുവള്ളുര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന അക്വാന്‍ ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ ആന്ധ്രാ തീരത്ത് കര തൊടും. ആന്ധ്ര പ്രദേശിലെ നെല്ലൂരിനും തുനിക്കും ഇടയില്‍ തീരപ്രദേശത്ത് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് പ്രവചനം. കരതൊടുന്ന സമയത്ത് മണിക്കൂറില്‍ 120മുതല്‍ 130 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില ഘട്ടങ്ങളില്‍ കാറ്റിന്റെ വേഗം 145 കിലോ മീറ്റര്‍ വരെയാകാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തിങ്കളാഴ്ച പുലര്‍ച്ചെയോടെ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചിരുന്നു. വൈകിട്ടോടെ ചുഴലിക്കാറ്റായി മാറി ചൊവ്വാഴ്ച വൈകിട്ടോടെ തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. തിങ്കളാഴ്ച മുതല്‍ ആന്ധ്ര തീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതോടെ കാറ്റിന്റെ ശക്തിയും കൂടും. നവംബര്‍ 17 വരെ കടല്‍ പ്രക്ഷുബ്ദ്ധമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അക്വാന്‍ കര കടന്നാല്‍ ആന്ധ്ര പ്രദേശ് , ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha

























