ആറ്റുകാൽ പൊങ്കാല ഒരുക്കം; വട്ടിയൂർക്കാവ് മണ്ഡലത്തിലെ 11 കോർപ്പറേഷൻ വാർഡുകളിൽ അടിയന്തര പ്രവൃത്തികൾ നടപ്പാക്കാൻ 1.10 കോടി രൂപയുടെ പദ്ധതി; ഭരണാനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകി മന്ത്രി കെ. മുരളീധരൻ

ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായി വട്ടിയൂർക്കാവ് മണ്ഡലത്തിലെ 11 കോർപ്പറേഷൻ വാർഡുകളിൽ ശുചീകരണവും അടിസ്ഥാനസൗകര്യ വികസനവും ഉൾപ്പെടെയുള്ള അടിയന്തര പ്രവൃത്തികൾ നടപ്പാക്കാൻ 1.10 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പദ്ധതിക്ക് പ്രത്യേക ഭരണാനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് മന്ത്രി കത്ത് നൽകി.
കേശവദാസപുരം, പേരൂർക്കട, ഗൗരീശപട്ടം, കുറവൻകോണം, ശാസ്തമംഗലം, മുട്ടട, കണ്ണമ്മൂല, പാങ്ങോട്, നന്തൻകോട്, പട്ടം, കുന്നുകുഴി എന്നീ 11 വാർഡുകളിലാണ് പ്രവൃത്തികൾ നടപ്പാക്കുന്നത്.
ആറ്റുകാൽ പൊങ്കാലയ്ക്കായി എത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം പ്രദേശവാസികളുടെ അടിസ്ഥാനസൗകര്യങ്ങളും ശുചിത്വവും മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ബക്കറ്റ് ക്ലീനിംഗ്, മൺറോഡുകളുടെ ഉയരം വർധിപ്പിക്കൽ, പുതിയ കാനകളുടെ നിർമ്മാണം, നിലവിലുള്ള കാനകളുടെ അറ്റകുറ്റപ്പണി, കാനകളുടെ മൂടികൾ ഉയർത്തൽ, പുതിയ കാന മൂടികൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വാട്ടർ അതോറിറ്റി പാറ്റൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലാണ് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്. പല വാർഡുകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ മണ്ണും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞുകൂടി കിടക്കുന്നതിനാൽ മഴക്കാലത്ത് മലിനജലം ഒഴുകിയെത്തുന്ന സാഹചര്യമുണ്ട്.
ഇത് പ്രദേശവാസികളുടെ ആരോഗ്യത്തെയും ജീവിതസാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും പൊങ്കാലയോടനുബന്ധിച്ച് പ്രദേശത്ത് ശുചിത്വവും ആരോഗ്യകരമായ പരിസ്ഥിതിയും ഉറപ്പാക്കുന്നതിനും പ്രവൃത്തികൾ സഹായകമാകും.
https://www.facebook.com/Malayalivartha























