സെക്രട്ടറിയേറ്റ് അസോസിയേഷൻ അംഗങ്ങളായി ഇരുന്നുകൊണ്ട് മുൻ സർക്കാരിന്റെ ആളുകളെയോ അവരുടെ നയങ്ങളെയോ സംരക്ഷിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതൊരു തെറ്റായ ധാരണയായിരിക്കും; മുന്നറിയിപ്പ് നൽകി മന്ത്രി എം. ലിജു

ഭരണം മാറുമ്പോൾ സംഘടനകളിലുണ്ടാകുന്ന സ്വാഭാവിക ഒഴുക്കുകൾ കണ്ട് അവരെല്ലാം സർക്കാരിന്റെ താല്പര്യങ്ങളെ സംരക്ഷിക്കുന്നവരാണെന്ന തെറ്റിദ്ധാരണ സംസ്ഥാന മന്ത്രിസഭയ്ക്കില്ലെന്ന് മന്ത്രി എം. ലിജു. കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടറിയേറ്റ് അസോസിയേഷൻ അംഗങ്ങളായി ഇരുന്നുകൊണ്ട് മുൻ സർക്കാരിന്റെ ആളുകളെയോ അവരുടെ നയങ്ങളെയോ സംരക്ഷിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതൊരു തെറ്റായ ധാരണയായിരിക്കും. ഏത് സംഘടനയിൽ പ്രവർത്തിക്കുന്നു എന്നതല്ല പ്രധാനം, മറിച്ച് നിലവിലെ യുഡിഎഫ് സർക്കാരിന്റെ ജനക്ഷേമ നയങ്ങളെയും സദുദ്ദേശ്യത്തോടെയുള്ള തീരുമാനങ്ങളെയും സംരക്ഷിക്കാനാണ് ജീവനക്കാർ തയ്യാറാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനനന്മയും പൊതുതാല്പര്യവുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ദർശനം. അത് സംരക്ഷിക്കാനുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം ഭരണസിരാകേന്ദ്രത്തിലെ ജീവനക്കാർക്കാണ്. കഴിഞ്ഞ ഒരു ദശകക്കാലം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ഒതുങ്ങിയിരുന്ന അസോസിയേഷൻ സമ്മേളനങ്ങൾ ഇന്ന് വിശാലമായ ഗ്രൗണ്ടിലേക്ക് മാറിയത് ഭരണമാറ്റത്തിന്റെ പ്രതിഫലനമാണ്.
എന്നാൽ, ഈ മാറ്റത്തിനൊപ്പം എത്തുന്ന എല്ലാവരും സർക്കാരിനൊപ്പമാണെന്ന അമിത വിശ്വാസം മന്ത്രിസഭയ്ക്കില്ലെന്നും ഭരണസിരാകേന്ദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടന എന്ന നിലയിൽ ജീവനക്കാർക്ക് കൃത്യമായ ദിശാബോധം നൽകാൻ അസോസിയേഷൻ നേതൃത്വം മുൻകൈയെടുക്കണമെന്നും മന്ത്രി എം. ലിജു കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























