വരാലിനെപ്പോലെ വഴുതിമാറി ഉമ്മന്‍ ചാണ്ടി, ബാബുവടക്കം പെട്ടപ്പോള്‍ ആരോപിച്ച അഴിമതികേസില്‍ പോലും പെടാതെ മുന്‍ മുഖ്യമന്ത്രി

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ അനധികൃത നിയമനം നടത്തിയെന്ന പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍മന്ത്രി കെ.പി. അനില്‍കുമാറിനുമെതിരെയും നടത്തിയ ദ്രുതപരിശോധനയില്‍ ആരോപണവിധേയരായ ഇവരെ കേസില്‍ പെടുത്താനാവില്ലെന്നു റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്നാണ് ത്വരിത പരിശോധനയില്‍ വ്യക്തമായതെന്ന് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മുന്‍ സ്പെഷ്യല്‍ ഓഫീസര്‍ എസ് സുബ്ബയ്യയെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
പാലക്കാട് മെഡിക്കല്‍ കോളെജുമായി ബന്ധപ്പെട്ട് 170 പേരുടെ നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയിലാണ് അന്വേഷണം നടത്തിയത്. പാലക്കാട്, തിരുവനന്തപുരം ജില്ലാ വിജിലന്‍സ് വിഭാഗങ്ങളാണ് പരിശോധന നടത്തിയത്. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നിയമപരമാണോ എന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് തിരുവനന്തപുരം വിജിലന്‍സ് പരിശോധിച്ചത്.
മെഡിക്കല്‍ കോളേജില്‍ നടന്ന നിയമങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങളുടെ നിയമസാധുതയാണ് പാലക്കാട് വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നത്. താത്കാലികമായും സ്ഥിരമായും നിയമിച്ചതടക്കം നൂറിലധികം പേരുടെ നിയമനങ്ങള്‍ നിയമവിരുദ്ധമായിരുന്നു. കൂടാതെ വ്യക്തിപരമായ താത്പര്യങ്ങളും ശുപാര്‍ശകളും മുന്‍നിര്‍ത്തിയാണ് നിയമനം നല്‍കിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന ഈ നിയമനങ്ങളില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തിയെങ്കിലും ഈ റിപ്പോര്‍ട്ട് വിജിലന്‍സ് മറച്ചുവെക്കുകയായിരുന്നെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. പട്ടികജാതി വികസനവകുപ്പ് സെക്രട്ടറിയായിരുന്ന ഇന്ദ്രജിത് സിങ്, പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫീസര്‍ ആയിരുന്ന ഡോ.എസ്. സുബയ്യ, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ വി.ആര്‍. ജോഷി, ജോയിന്റ് ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം എന്നിവരേയും പ്രതി ചേര്‍ത്താണ് ഹര്‍ജി നല്‍കിയിരുന്നത്.
പട്ടികജാതി, പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എജൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലായിരുന്ന കോളേജ് അഴിമതി ആരോപണത്തെ മറികടക്കാനാണ് പുതിയ സൊസൈറ്റിക്കു കീഴിലാക്കിയത്. ചില നിയമനങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമിച്ച എക്സ്പര്‍ട്ട് കമ്മറ്റിയും നിയമനങ്ങളില്‍ അപാകമുണ്ടെന്നു കണ്ടെത്തിയെങ്കിലും, എതിര്‍ കക്ഷികളിലൊരാളായ കോളേജ് സ്പെഷ്യല്‍ ഓഫീസര്‍ ഉള്‍പ്പെട്ട കമ്മറ്റിയാണ് നിയമനങ്ങളില്‍ ക്രമക്കേട് ഇല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത്.
https://www.facebook.com/Malayalivartha

























