കുറ്റിയാടിയിലെ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം നാലായി

പൂഴിത്തോട് ഉള്‍വനത്തില്‍ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം നാലായി. കാണാതായ അശ്വന്ത് ചന്ദ്രന്റെ മൃതദേഹമാണ് ഒടുവില്‍ കണ്ടെത്തിയത്. യുവാക്കള്‍ ഒഴുക്കില്‍പെട്ട സ്ഥലത്തു നിന്നും 12 കിലോമീറ്റര്‍ അകലെ പന്നിക്കോട്ടൂരില്‍ നിന്നാണ് നാലാമത്തെ മൃതദേഹം കണ്ടെത്തിയത്. ശേഷിക്കുന്ന രണ്ടു പേര്‍ക്കായി ഫയര്‍ഫോഴ്‌സും പോലീസും ദുരന്തനിവാരണ സേനയും തെരച്ചില്‍ തുടരുകയാണ്.
കക്കുഴിയുള്ളകുന്നുമ്മല്‍ ശശിയുടെ മകന്‍ ഷജിന്‍ ശശി, പാറയുള്ളപറമ്പത്ത് രാജീവന്റെ മകന്‍ അക്ഷയ്‌രാജ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ഷജിന്‍ ശശിയുടെ മൃതദേഹം പൂഴിത്തോട് ഭാഗത്ത് നിന്നും അക്ഷയ്‌യുടെ മൃതദേഹം ചെമ്പനോട കുറച്ചിപ്പാറ സെന്‍ട്രല്‍ മുക്കിന് സമീപം നിന്നുമാണ് കണ്ടെത്തിയത്. തൊട്ടില്‍പ്പാലം പാറക്കല്‍ രാമകൃഷ്ണന്റെ മകന്‍ രജീഷിന്റെ മൃതദേഹം ഞായറാഴ്ച രാത്രി തന്നെ കണ്ടെത്തിയിരുന്നു.
ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് മലവെള്ളപ്പാച്ചിലില്‍ ആറു പേരെ കാണാതായത്. ഒമ്പത് പേരടങ്ങുന്ന സംഘമാണ് പൂഴിത്തോട് ജലവൈദ്യുത പദ്ധതിക്കടുത്ത കനാലിന്റെ അടുത്തുള്ള പശുക്കടവ് കടന്തറപുഴയില്‍ കുളിക്കാനെത്തിയിരുന്നത്. ഇതില്‍ മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























