അമീറുല്‍ ഇസ്ലാമിന്റെ കുറ്റപത്രത്തിന്റെ പരിശോധന കോടതി പൂര്‍ത്തിയാക്കി, ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍,

പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പരിശോധന കോടതി ഇന്നലെ പൂര്‍ത്തിയാക്കി. 195 സാക്ഷികളുടെ പട്ടികയും 125 രേഖകളും, ആയുധം അടക്കം 75 തൊണ്ടി സാധനങ്ങളും കോടതി പരിശോധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണിക്കൃഷ്ണന്‍ ഹാജരാകും.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കുറുപ്പംപടി ജിഷ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗിക കാര്യങ്ങളില്‍ അപകടകരമായ സ്വഭാവ വൈകൃതങ്ങളുള്ള പ്രതിയുടെ വഴിവിട്ട താല്‍പര്യത്തിനു ജിഷ വഴങ്ങാതിരുന്നതിലുള്ള കടുത്ത വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു അന്വേഷണ സംഘം പറയുന്നു. കേസില്‍ 195 സാക്ഷികളുണ്ട്. 125 രേഖകളും 75 തൊണ്ടിസാധനങ്ങളും അടങ്ങുന്ന പട്ടിക കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരുന്നു.
കഴിഞ്ഞ ഏപ്രില്‍ ഇരുപത്തെട്ടിനാണു കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ടു പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ പതിനാറിനാണു പ്രതി തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തു പിടിക്കപ്പെട്ടത്.
ഡിഎന്‍എ പരിശോധനാ ഫലം അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ കുറ്റപത്രത്തില്‍ പൊലീസ് പ്രതിക്കെതിരെ നിരത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 30 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 23 പേരുടെ ഡിഎന്‍എ പരിശോധിച്ചു. തെളിവുകള്‍ ശേഖരിക്കാനായി 1500 പേരെ ചോദ്യം ചെയ്തു. 21 ലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു. 5000 പേരുടെ വിരലടയാളം ശേഖരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണിക്കൃഷ്ണന്‍ ഹാജരാവും.
https://www.facebook.com/Malayalivartha