പതിനാറ് സീറ്റില്‍ കോണ്‍ഗ്രസ്; പൊട്ടിത്തകരാന്‍ വഴിയൊരുങ്ങി

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. എ.ഐ.സി.സി സമ്മേളനത്തില്‍ പങ്കെടുക്കുന്ന കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പതിനാറ് സീറ്റില്‍ മത്സരിക്കുമെന്ന് ഹൈക്കമാന്റിനെ അറിയിക്കും. യു.ഡി.എഫിന്റെ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങാനിരിക്കെ യു.ഡി.എഫ് നിന്നുപൊരിയുമെന്ന് ഉറപ്പായി. വയനാട് സീറ്റില്‍ ലീഗും ഇടുക്കി സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. വടകര സീറ്റ് എം.പി വീരേന്ദ്രകുമാറിന് നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി.
കേരള കോണ്‍ഗ്രസിനും ലീഗിനും രണ്ട് സീറ്റ് വീതം നല്‍കിയാല്‍ ഇരുകക്ഷികളും തമ്മില്‍ കലഹമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ലീഗിന് ഇപ്പോള്‍ മലപ്പുറവും പൊന്നാനിയും സ്വന്തമായുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന് കോട്ടയം മാത്രമാണ് സ്വന്തം. കേരള നിയമസഭയില്‍ ലീഗാണ് രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി. ലീഗിനും കേരള കോണ്‍ഗ്രസിനും ഒരേ സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ഇക്കാര്യം ഇരു പാര്‍ട്ടികളെയും നേതൃയോഗത്തില്‍ അറിയിക്കും.
വടകര സീറ്റ് വീരേന്ദ്ര കുമാറിന് നല്‍കിയില്ലെങ്കില്‍ അദ്ദേഹം പിണങ്ങുമെന്ന് ഉറപ്പാണ്. അദ്ദേഹത്തെ പിണക്കിയാല്‍ മന്ത്രിസഭ താഴെ പോകും. വടകരയില്‍ മുല്ലപ്പള്ളി വീണ്ടും മത്സരിക്കുകയാണെങ്കില്‍ ജയസാധ്യത കൂടുതലാണ്. വീരേന്ദ്രകുമാറിനും വടകരയില്‍ ശക്തമായ അടിത്തറയുണ്ട്.
എന്നാല്‍ കെ.എം. മാണിയെ പിണക്കിയാലുണ്ടാകുന്ന ഗുരുതരമായ ഭവിഷ്യത്തിനെ കുറിച്ചും കോണ്‍ഗ്രസിന് നല്ല ബോധ്യമുണ്ട്. കെ.എം.മാണി പിണങ്ങിയാലും മന്ത്രിസഭ താഴെ പോകും . അദ്ദേഹത്തിന് ഒന്‍പതു എം.എല്‍എ മാരുടെ പിന്തുണയുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിനു വേണ്ടിയാണ് ഇടുക്കി സീറ്റ് ചോദിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റ് നല്‍കിയില്ലെങ്കില്‍ ജോസഫ് ഗ്രൂപ്പ് ഇടയും. അങ്ങനെ സംഭവിച്ചാല്‍ ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെടും. മാത്രവുമല്ല ഇടുക്കി രൂപത ഫ്രാന്‍സിസ് ജോര്‍ജിനൊപ്പവുമാണ്. പി.ടി. തോമസിനെ വീണ്ടും ഇടുക്കിയില്‍ ഇറക്കാനുള്ള ധൈര്യം കോണ്‍ഗ്രസിനില്ല.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്‌ടമായാല്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം തെറിക്കും. ഇതിനോട് രമേശ് ചെന്നിത്തലയും യോജിക്കുന്നു. പെട്രോള്‍, ഡീസല്‍ വില, ഗ്യാസ് വില തുടങ്ങിയവ അനുദിനം വര്‍ദ്ധിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ജനവികാരം കോണ്‍ഗ്രസിന് എതിരുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha