മകളെ അറിയിക്കണം എന്ന് കാറിനുള്ളില്‍ നിന്നും കുറിപ്പ്: കാര്‍ കത്തിയതോ കത്തിച്ചതോ, നിലയ്ക്കല്‍ സംഭവത്തിന് പിന്നിലെ ദുരൂഹത നീങ്ങിയില്ല

അന്വേഷണത്തില്‍ വട്ടം ചുറ്റി പോലീസ്. പത്തനംതിട്ട നിലയ്ക്കലില്‍ കാറില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. തേവലക്കര കോയിവിള ചേരിക്കടവ് ചേരിത്തുണ്ടില്‍ വീട്ടില്‍ രാജേന്ദ്രന്‍പിളള (55), ഭാര്യ ശുഭാഭായി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ന് നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലായിരുന്നു സംഭവം.
നിര്‍ത്തിയിട്ടിരുന്ന കാര്‍ ഉഗ്രസ്‌ഫോടനത്തോടെ തീപിടിക്കുന്നത് കണ്ട് ചിലര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ കാര്‍ കത്തിയമര്‍ന്ന നിലയിലായിരുന്നു. ശുഭയെ കാറിന്റെ മുന്‍ സീറ്റില്‍ നിന്നും രാജേന്ദ്രന്‍ പിളളയെ തൊട്ടടുത്തുണ്ടായിരുന്ന ഓടയില്‍ നിന്നുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പമ്പ സിഐ അനിലിന്റെ നേതൃത്വത്തില്‍ കാറിന് സമീപത്തുനിന്നും ബാഗ് കണ്ടെടുത്തു. ബാഗിനുളളില്‍ ദമ്പതികളുടെ ഫോട്ടോയും അതിനു പിന്നിലായി മകള്‍ ഡോ.അമ്മുവിനെ മരണവിവരം അറിയിക്കണമെന്ന് എഴുതി ഫോണ്‍ നമ്പരും നല്‍കിയിരുന്നു.
തേവലക്കരയില്‍ നിന്നും ഞായറാഴ്ച വൈകിട്ടോടെ ഇറങ്ങിയ ദമ്പതികള്‍ ഓച്ചിറയില്‍ ദര്‍ശനം നടത്തിയശേഷം രാജേന്ദ്രനൊപ്പം ഗള്‍ഫില്‍ ജോലിചെയ്തിരുന്ന സുഹൃത്ത് എരുമേലി സ്വദേശിയായ റഷീദിന്റെ വീട്ടിലേക്ക് പോയി. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ അവിടെ നിന്നും കൊച്ചിയിലേക്ക് പോകുകയാണ് എന്ന് ശുഭയുടെ സഹോദര പുത്രനോട് ഫോണില്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞ 30 വര്‍ഷമായി ഗള്‍ഫിലായിരുന്ന രാജേന്ദ്രന്‍ പിളള മൂന്നുമാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാര്‍ കത്തിച്ചത് എന്തുപയോഗിച്ചാണെന്ന് കണ്ടെത്താനായില്ല. പെട്രോളോ മണ്ണെണ്ണയോ ഉപയോഗിച്ചാവാം എന്നു സംശയിക്കുന്നു.
പൊലീസിന്റെ സയന്റിഫിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ അന്വേഷണത്തിനായി പമ്പ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം കരുനാഗപ്പള്ളിയിലെത്തി.സംഭവസ്ഥലത്തെത്തിയ ബന്ധുക്കള്‍ കാറും മറ്റും തിരിച്ചറിഞ്ഞെങ്കിലും സ്ഥിരീകരണത്തിന് വേണ്ടി പൊലീസ് ഡിഎന്‍എ ടെസ്റ്റിന് നടപടി സ്വീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ബുധനാഴ്ച രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. ഡോ. അമ്മു, ഉണ്ണിമായ എന്നിവര്‍ മക്കളും പ്രദീപ് മരുമകനുമാണ്.
https://www.facebook.com/Malayalivartha

























