സംസ്ഥാനത്ത് വിവാഹമോചന കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നു

ആറുമാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 26,885 കേസുകള്‍. ഒരു കാലത്ത് കരുത്തുറ്റ കുടുംബന്ധങ്ങളുടെ കാര്യത്തില്‍ മാതൃകയായിരുന്ന കേരളത്തില്‍ ഇന്ന് വിവാഹമോചനകേസുകളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. രാജ്യത്ത് 23.43 ലക്ഷം വിവാഹമോചനക്കേസുകള്‍ ഓരോ വര്‍ഷവും നടക്കുന്നതില്‍ 8.36 ശതമാനം കേരളത്തില്‍ നിന്നുള്ളതാണ്. കേരള സര്‍ക്കാരിന്റെ കണക്ക് പ്രകാരം 2016 ജനുവരി മുതല്‍ ജൂണ്‍ വരെ സംസ്ഥാനത്ത് 26,885 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സര്‍ക്കാര്‍ കണക്ക്പ്രകാരം ജനുവരി 2011 മുതല്‍ 2012 വരെയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ കുടുംബ കോടതികളില്‍ 44326 വിവാഹമോചന കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു. 2005, 2006ല്‍ 8456 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ 2012 ആകുമ്പോഴേക്കും അത് 24815 ആയി വര്‍ധിച്ചു. നിലവില്‍ വെറും ആറ് മാസത്തിനുള്ളില്‍ 26,885 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ട് കഴിഞ്ഞു. എല്ലാ തവണത്തെയും പോലെ തന്നെ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിവാഹമോചനകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആറ് മാസത്തെ കാലയളവില്‍ തിരുവനന്തപുരത്ത് 4499 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഏറ്റവും കുറവ് കേസുകളുള്ളത് കാസര്‍കോടും ഇടുക്കിയുമാണ്. ഇവിടെ 445, 698 കേസുകളാണ് യഥാക്രമം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അണുകുടുംബങ്ങളുടെ വരവാണ് കേരളത്തില്‍ ഇത്രയധികം വിവാഹമോചനകേസുകള്‍ ഉണ്ടാവാന്‍ കാരണമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ കൂട്ടുകുടുംബമായതിനാല്‍ ദമ്പതിമാര്‍ക്കിടയില്‍ വരുന്ന പ്രശ്‌നങ്ങള്‍ മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കപ്പെടുമായിരുന്നു. എന്നാല്‍ ഇന്ന് സംസ്ഥാനത്ത് കൂട്ടുകുടുംബങ്ങള്‍ കുറവാണ്. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ ഭാഗങ്ങളില്‍ നിന്നുള്ള കൗണ്‍സിലിങ്ങോ ചര്‍ച്ചകളോ നടക്കുന്നില്ല. പാശ്ചാത്യസംസ്‌കാരങ്ങളില്‍ കേരളജനത ഏറെ ആകൃഷ്ടരാകുന്നുവെന്നതും മദ്യത്തിന്റെ ഉപഭോഗം കൂടുന്നതും വിവാഹബന്ധങ്ങള്‍ തകരാനുള്ള മറ്റ് കാരണങ്ങളായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കുടുംബ ബന്ധങ്ങളേക്കാളും സുഹൃദ്ബന്ധങ്ങളേക്കാളും ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളുമായാണ് ഇന്ന് പുതുതലമുറകളുടെ ചങ്ങാത്തം. ഇതും ബന്ധങ്ങള്‍ ശിഥിലമാകുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു. അതോടൊപ്പം 1976 ലെ വിവാഹമോചന ആക്ടിലെ ഇളവുകള്‍ ബന്ധങ്ങള്‍ എളുപ്പത്തില്‍ വേര്‍പ്പെടുത്തുന്നതിന് സാധ്യതകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. കുടുംബം തകര്‍ന്നാല്‍ എല്ലാം തകര്‍ന്നു. വെറുതേ തല്ലിക്കെടുത്തരുതേ കുടംബജീവിതമെന്ന വിളക്കിനെ. ആ വിളക്കണയാതിരിക്കാന്‍ ഇരു കൈകകളും ചേര്‍ത്തുവെക്കാം.
https://www.facebook.com/Malayalivartha

























