നിലമ്പൂര്‍ കൊലപാതകം പ്രതിപക്ഷം പറഞ്ഞ വഴിയേ... അന്വേഷണ ഉദ്യോഗസ്ഥനായ ഗോപിനാഥനെ മാറ്റി, ബി. സന്ധ്യ അന്വേഷിക്കും

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്‌ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കേസ് ഇനി എഡിജിപി സന്ധ്യയായിരിക്കും അന്വേഷിക്കുക. കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അന്വേഷണം വനിതാ ഐജിയെ ഏല്‍പ്പിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.
കേസ് അന്വേഷണത്തിന് എഡിജിപി ബി.സന്ധ്യ നേതൃത്വം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മലപ്പുറത്ത് അറിയിച്ചു. വനിതാ ഐജിമാരില്ലാത്തതിനാലാണ് സന്ധ്യക്ക് അന്വേഷണ ചുമതല നല്‍കിയത്. ഇതുവരെ തൃശൂര്‍ റേഞ്ച് ഐ.ജി. ഗോപിനാഥിനായിരുന്നു അന്വേഷണ ചുമതല. ഐ.ജി ഗോപിനാഥും സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഉണ്ടായിരിക്കും. കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെങ്കില്‍ അന്വേഷണസംഘത്തിലേയ്ക്ക് എടുക്കാന്‍ ബി.സന്ധ്യയ്ക്ക് അധികാരമുണ്ടാകും.
കൊല്ലപ്പെട്ട സ്ത്രീയുടെ വീട് ചെന്നിത്തല സന്ദര്‍ശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്ത്രീയുടെ ബന്ധുക്കള്‍ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ആഴ്ചകള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന സ്ത്രീയുടെ മൃതദേഹം കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ പ്രതികളില്‍ ബിജു നായര്‍ എന്നയാള്‍ ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണ്. കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിനുള്ളില്‍ വെച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതേസമയം നിലമ്പൂരില്‍ പൊതുപരിപാടിക്ക് എത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദിന് നേരെ കയ്യേറ്റശ്രമമുണ്ടായി. രാധ വധക്കേസില്‍ തീരുമാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ മന്ത്രിയുടെ കോളറില്‍ കടന്നുപിടിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha