വിമാനം റാഞ്ചാന്‍ സാധ്യതയെന്ന കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി

വിമാനം റാഞ്ചാനുള്ള സാധ്യതയുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നു രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. 30 വരെ സന്ദര്‍ശകര്‍ക്കു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. യാത്രക്കാരുടെ ബാഗുകള്‍ രണ്ടുതവണ പരിശോധനയ്ക്ക് വിധേയമാക്കും. വിമാനത്തില്‍ കയറുന്നതിനു തൊട്ടു മുമ്പു രണ്ടാം വട്ടവും ദേഹപരിശോധനയും ബാഗ് പരിശോധനയും നടത്തണമെന്നും നിര്‍ദേശമുണ്ട്.
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരം കൂടുതല്‍ സിഐഎസ്എഫ് കമാന്‍ഡോകളെയും ദ്രുതകര്‍മ സേനാംഗങ്ങളെയും വിമാനത്താവള പരിസരത്തു വിന്യസിച്ചുകഴിഞ്ഞു. കര്‍ശന പരിശോധനയ്ക്കു ശേഷമേ വിമാനത്താവള പരിസരത്തേക്കു വാഹനങ്ങളും കടത്തിവിടുകയുള്ളൂ. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി എന്നീ ഏജന്‍സികളാണു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭീകരരെ മോചിപ്പിക്കാനായി വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. കൊളംബോ, മാലെ വിമാനത്താവളങ്ങള്‍ തിരുവനന്തപുരത്തിനു സമീപത്തായതു സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്ന് ഉന്നതര്‍ സൂചിപ്പിച്ചു. പ്രത്യേകിച്ചും മാലദ്വീപില്‍ പാക്കിസ്ഥാന്റെയും ചൈനയുടെയും സാന്നിധ്യം പ്രകടമാകുന്ന സാഹചര്യവും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിഐഎസ്എഫിനു പുറമെ, വ്യോമസേനാ കമാന്‍ഡിനും കരസേനാ സ്‌റ്റേഷനും പൊലീസിനും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ പൊലീസിനും നിര്‍ദേശമുണ്ട്. വിമാനത്താവളത്തിനു 13 കിലോമീറ്റര്‍ ചുറ്റളവില്‍ സായുധ സുരക്ഷയും ഏര്‍പ്പെടുത്തും.
https://www.facebook.com/Malayalivartha